Saturday, July 16, 2011

ശബ്ദങ്ങൾ



മഴ
ഉണക്കോലകളിൽ
ഇറികിപ്പിടിച്ചൂർന്നുപോകുന്നു.
ഓട്ടുചെരിവിൽ ചെന്ന്
വഴുതിയിറങ്ങുന്നു.
സിമന്റുപ്രതലത്തിൽ നിന്ന്
കുഴലിലൂടെ ഭ്ഹൂം...

അലക്കുകല്ലിൽ തലതല്ലി-
ക്കരയുന്നു പഴന്തുണികൾ.
പുതുതുണികൾ
വാഷിങ്ങ്മെഷീനിൽ
കറങ്ങിക്കറങ്ങി
കോട്ടുവായിടുന്നു.

കൊയ്ത്തുപ്പാട്ടുകൾ
ചീവിടുകളെ തേടിയെത്തി.
നെന്മണികളെ തഴുകിയ കാറ്റ്
റോഡിലൂടെ
ടയറിലുരഞ്ഞുപായുന്നു.

ഇലത്തുമ്പിൽ നിന്ന്
താഴേക്ക് ചാടുന്ന നീർക്കരച്ചിൽ
ഒരു അടയ്ക്കാക്കുരുവി
ച്യൂവീ പീകീ പറക്കുന്നു..
ഒരു ചുറ്റിക
മരത്തെ തല്ലുന്നു..
ചുവരിലെ പല്ലി
അമറുന്നു.
കമ്പ്യൂട്ടർ
മുരളുന്നു.

ചതുരപ്പെട്ടിയിൽ നിന്ന്
ഇടവേളകളില്ലാതെ
പുറത്തു ചാടുന്നു വേതാളങ്ങൾ

പുലർച്ചെ പുറപ്പെട്ട
ഒരു നാട്ടുകോഴി
ഉച്ചനേരത്തോടെ
വാതിലിൽ മുട്ടുന്നു..

Sunday, July 10, 2011

മമ മലയാലം(ക്ലാസ്സിക്)




മലയാലമേ,
വേര്‍  ഡിഡ് യൂ ഗോ..?
വാട്ട് ഹാപ്പന്‍ഡ്  റ്റൂ  യൂ ..?
ണ്‍, വേഗം തിരിച്ചുവരിക.
പപ്പയും മമ്മയും വേദനയോടെ 
നിന്നെ വെയിറ്റ് ചെയ്യുന്നു....
മമ്മ നിനക്ക്
മില്‍ക്ക് തരാഞ്ഞിറ്റാണോ
കോമ്പ്ലാന്‍ തരാഞ്ഞിറ്റാണോ
ഗ്രാന്‍മ  ടീവി കാണാന്‍ 
സമ്മതിക്കാഞ്ഞിറ്റാണോ
റ്റാറ്റാ പോലും പറയാതെ
നീ പൊയ്ക്കളഞ്ഞത്..?
പപ്പ നിന്നെ വിക്കനെന്ന്
ജോക്കായി വിളിച്ചതിനോ..?
അത് നീ ഇംഗ്ലീഷ്
പ്രോപ്പറായി പ്രൊനൌണ്‍സ്
ചെയ്യാഞ്ഞിറ്റല്ലേ..?
ണ്‍ ,വേഗം തിരിച്ചുവരിക
ഇനി നിനക്കിഷ്ടമില്ലാത്ത ജോക്ക്
ആരും പറയില്ല.
ലിറ്ററേച്ചർ ബുക്സ് കൊണ്ടുനടന്നതിന്ന്
ആരും ഓൾഡ്മാനെന്ന് മോക്ക് ചെയ്യില്ല.
നീ ഷൂവിടാതെ വാക്ക് ചെയ്തോളൂ...
ഡേര്‍ട്ടീ എര്‍ത്ത്  ഡ്രസ്സിൽ ചേര്‍ത്തോളൂ....
മിസ്റ്റര്‍ തുഞ്ചനെയോ
മിസ്റ്റര്‍ കുഞ്ചനെയോ
ചെന്ന് കണ്ടോളൂ......
പ്രവാസിയായി വില്ലേജിലെങ്ങും
വാൻഡര്‍ ചെയ്തോളൂ ...
ഇനി നിന്നെ ആരും വാണ്‍  ചെയ്യില്ല
ണ്‍ , വേഗം തിരിച്ചുവരിക.
പപ്പയും മമ്മയും
നിനക്ക് വാല്യുയബ്ൾ പ്രസന്റ്സ്
വാങ്ങിച്ചിറ്റുണ്ട്...
ടച്ച് സ്ക്രീൻ മൊബൈൽ,
ബർമുഡാസെറ്റ്,
ലൈസൻസ്ഡ് റിവോൾവര്‍ ....
അങ്ങനെയങ്ങനെ........
ണ്‍ ,വേഗം തിരിച്ചുവരിക...


Sunday, May 22, 2011

വാലാട്ടം



ഈ വാല്‍
ഇടത്തോട്ടും വലത്തോട്ടും  ആടുന്നത്
എന്റെ  ഇച്ച്ചാനുസരണമല്ല  .
കാറ്റിന്‍ഗതിക്ക്  തൂറ്റുകയാണോ     
എന്നറിയില്ല.
സൌഹൃദത്തിന്‍ വീശലാണോ
എന്നറിയില്ല.
വിഷ്ണുലോകത്തേക്കുള്ള
വീഴ്ച്ചയാണോ ..?
അന്യന്റെ കണ്മുനകളെ
അനുസരിക്കയാണോ ..?
ഒന്നുമെനിക്കറിയില്ല .
ഞാന്‍ സ്വയം ശപിക്കയാണ്
ആരുപേക്ഷിച്ച   ചാട്ടവാറാണിത്...?
ആര് ചുരുട്ടിയിട്ട  ഉറുമിയാണിത് ..?
ഏതു മന്ത്രവാദി തൊടുത്തുവിട്ട
കൈലേസാണിത്..?
ആയിരം വര്‍ഷം കുഴലിട്ടിടും  
പല്ലിന്‍ശൌര്യം  കൊണ്ട്  രാകിയിട്ടും
നടുക്കടലില്‍ചെന്ന്  നക്കിയിട്ടും
നിവരാതെയിരിക്കുന്നീവാല്‍ ....
ഞാന്‍ കോപം കൊണ്ട് വിറയുമ്പോഴും
കേമറയ്ക്ക്  പോസ്സ് ചെയ്യുകയാണ്.....
വേട്ടക്കാരന്റെ  മുന്‍പില്‍ ചെന്നാലും
തൊഴുതുനില്ക്കുന്നീവാല്‍ ......
എന്നിലെ പ്രാചീനമായ ആസക്തികള്‍ പോലും
കുരയാവാതെ...
വാലായി ആടുകയാണിപ്പോള്‍ .....


Saturday, May 21, 2011

വെണ്‍ചാറ്റല്‍



വെള്ളത്തുണിയില്‍
പള്ളിക്കാട്ടിലെടുത്ത
വെളുത്ത നക്ഷത്രം .
വെള്ളപ്പല്ല് കൊഴിഞ്ഞ
നൊണ്ണ്  കാട്ടി
വെളുക്കനെയുള്ള  ചിരി .  
വെള്ളക്കാച്ചിത്തുണിയുടെ
കോന്തലയില്‍ സഞ്ചരിക്കാറുള്ള
വെള്ളയപ്പം .
മൌനം കുടിച്ച്  ശീതം  പിടിച്ചവനെ
തുവര്‍ത്താറുള്ള  വെള്ളത്തട്ടം .
വെണ്ന്മയാര്‍ന്ന ആകാശത്തിനു കീഴെ
പൊടിഞ്ഞു തീര്‍ന്ന
വെ(പെ)ണ്‍ചാറ്റല്‍ .

ബന്ദ്



സൂര്യനുദിച്ചു
കാറ്റ്  വീശി
പക്ഷികള്‍ പാടി 
മണ്ണിര മണ്ണ് തിന്നു

കൈകാല്‍  ചലിച്ചില്ല
വാഹനമിരമ്പിയില്ല
ചുവര്‍ ശബ്ദിച്ചില്ല
അടുപ്പ്  അണഞ്ഞില്ല    

Friday, May 20, 2011

കാത്തിരിപ്പ്


മേഘമേ.........
കടലില്‍  പിറന്നവനേ.....
ഭുമിയിലെ രക്തത്തിന്റെ
അഴിമുഖമേ........
എന്റെ തലയില്‍ നിപതിക്കു......
തലച്ചോറില്‍ പുക്കള്‍ വിടര്‍ത്തൂ ...
പാദത്തില്‍ പച്ചകള്‍ മുളപ്പിക്കു.....
മരുഭുമിയിലെ മണ്‍കോലമെന്നു
കുട്ടികള്‍ ശപിക്കാതിരിക്കാന്‍
അപ്പൂപ്പന്‍ താടിയെന്നൂ-
തിപ്പറത്താതിരിക്കാന്‍   
നീരമ്പ്  തൊടുക്കൂ .........

Tuesday, May 17, 2011

മാ നിഷാദ





ആല്‍മരചില്ലയിലൊരു കിളി
സ്റ്റഫ് ചെയ്തപോലെ ..........
ഇലകളിലെ മഴവില്ലെങ്ങുപോയി ..... ?
പൊക്കിള്‍ക്കൊടിയുടെ പച്ചയും   
ജരാനരകളുടെ സുര്യവെളിച്ചവും 
എങ്ങുപോയി .........?
ഓര്‍മ്മകളുടെ കാറ്റുവീശാതെ
വായ്ത്താരിയില്ലാതെ
ഇലത്തുമ്പൊരമ്പ് .....
പത്തിവിടര്‍ത്തിയ സര്‍പ്പവേരിലെ
ത്മീകവും
സ്റ്റഫ് ചെയ്ത പോലെ....   

Saturday, May 7, 2011

ഡെമോക്രസി







കുയില്‍ കൂ കൂ എന്നു വിളിച്ചപ്പോള്‍
ചെമ്പോത്ത്   ങ്കുക്ക്  ങ്കുക്ക്  എന്നു വിളികേട്ടു.
അന്നേരം ഒരു  മൈന ക്രീ ക്രീ എന്നു സന്തോഷിച്ചു.
കുളക്കോഴി  കുവക്ക് കുവക്ക്  എന്ന് മറുകണ്ടം ചാടി
കരിയിലക്കിളി ചീക്കീ പീക്കീ ബഹളം വച്ചു
ഓലത്തുമ്പിലെ  ഓലഞ്ഞാലി
കൊക്രീന്‍  പൊക്രീന്‍  എന്നു നിഷേധിച്ചു .
അടയ്ക്കാപക്ഷി ച്വുഉയി ശബ്ദത്തോടെ
മരക്കൊമ്പ്  വിട്ടുപോയി.

Saturday, April 23, 2011

വീട്




വരൂ,എന്റെ വീട് കാണൂ....
പ്ലാസ്റ്റിക്ക് വിരിച്ചിട്ടുണ്ട്,
നിലം തൊടാതെ കയറിവരാം.
ഇരുന്നു കാണാം,
ചുവരില്‍ തളച്ച പ്രക്യതിചിത്രങ്ങളെ.
ഏസി ഓണ്‍ ചെയ്തിട്ടുണ്ട്.
തണുപ്പിക്കാം,ചിന്തകളെ, വികാരങ്ങളെ.
ചതുരപ്പെട്ടി ഓണ്‍ ചെയ്യാം.
യുദ്ധം നേരില്‍ കണ്ട് രസിക്കാം.
അവയവങ്ങളറ്റ് വീഴുന്നവരോട്
നേരിട്ടല്ലാതെ സഹതപിക്കാം.
കുടിക്കാം കുഴല്‍ വെച്ച്,
മാങ്ങ,നാരങ്ങ,പൈനാപ്പിള്‍
ചങ്ങാതിക്ക് പകരം ഞാന്‍ സ്ഥാപിച്ച
ള്‍ക്കണ്ണാടിയില്‍ നോക്കാം.
കാണാം ,നിങ്ങളെ മാത്രം.....
വരൂ... അകത്തു വരൂ.....

കുഞ്ഞിരാമേട്ടനും ഉണ്ണിയാര്‍ച്ചയും





നിലവറയിലെ ഉറുമി കൈയിലെടുക്കുക.
ഈ കരിമീന്‍ നാലു തുണ്ടമാക്കുക.
ഈ വാള്‍ കൈയിലെടുക്കുക.
തോരനു വേണ്ട പച്ചക്കറി നന്നായരിയുക.
ഈ ചുരിക കൈയിലെടുക്കുക
വഴിയേ പോണ നോട്ടം തുരന്നെടുക്കുക
അലമാരയിലെ ഫുള്‍ക്കയ്യ് ഷര്‍ട്ട് സമ്മാനം തരാം.

Thursday, April 21, 2011

എന്‍ഡ്, ഈ സള്‍ഫാന്‍





ഞങ്ങടെ തലകള്‍
കയറ്റിയയക്കേണ്ട
കശുവണ്ടിയല്ല,ഫലങ്ങളല്ല..
ഞങ്ങടെ കൈകള്‍
തോക്കുകളല്ല..
ഞങ്ങടെ കാലുകള്‍
വിഷസിലിണ്ടറല്ല.
ഞങ്ങടെ പാദം
മൂവുലകുമളക്കേണ്ട ഡോളറല്ല.
ഞങ്ങടെ കണ്ണുകള്‍
നാണയച്ചിഹ്നമല്ല.
ഞങ്ങടെ കാതുകള്‍
വിഷകുപ്പികളല്ല.
ഞങ്ങടെ ഞരമ്പുകള്‍
മരുന്നുതളിക്കും കുഴലുകളല്ല
പുസ്തകം പിടിക്കാനും
കൈക്കോട്ട് പിടിക്കാനും
ജീവിതം കുറിക്കാനും.
മണ്ണിനെയറിയാനും

ഞങ്ങള്‍ക്കുവേണമീ ശരീരം
ഞങ്ങടെ സ്വന്തം ശരീരം.

Wednesday, April 20, 2011

പുക


മുറ്റത്ത് പഴുത്തിലകള്‍ വീണത്
അവള്‍ കണ്ടില്ലേ....
പുല്ല് വളര്‍ന്നതറിഞ്ഞില്ലേ....
അവള്‍  എന്തു ചെയ്യുകയാണ്....
ഉപ്പുപാത്രത്തില്‍ കിടക്കയാണോ....
എണ്ണയില്‍ പൊരിയുകയണോ....
കടുകുമണിയുടെ പിറകെ ഓടുകയാണോ....
അടുപ്പിനോട് കലഹിക്കയാണോ.....
പുകക്കുഴലിലൂടെ നൂണിറങ്ങിവന്ന പുക
മുറ്റം മുഴുവന്‍ പടരുന്നല്ലോ..!!
ഇനി എന്തു ചെയ്യും....!!
തിരഞ്ഞു ചെല്ലണമോ..?
കാണ്മാനില്ലെന്ന്
പരസ്യം കൊടുക്കണമോ..?

Saturday, April 16, 2011

കടല്‍പ്പരപ്പ്


“ഈ നീലപ്പരപ്പ് നിന്റെ കണ്ണുകളില്‍ നിഴലിക്കുന്നുണ്ട് കേട്ടോ.
പക്ഷേ എനിക്ക് അതിന്റെ ആഴം കാണാന്‍ സാധിക്കുന്നില്ല.“
അയാള്‍ കാറ്റിലുലയുന്ന അവളുടെ സാരിത്തുമ്പ്
മുഖത്ത് ചേര്‍ത്തുകൊണ്ട് പറഞ്ഞു.
അപ്പോള്‍ അവളുടെ കണ്ണുകള്‍ വിടര്‍ന്നു
“നിങ്ങള്‍ പറയുന്നത് നേരോ? എനിക്ക് വിശ്വാസം വരുണില്ല്യ,
ഇന്ന് രാവിലെ കൂടി അമ്മ പറഞ്ഞത് എന്റെ കണ്ണില്‍ നിറയെ മറുകുകളാണെന്നാണ്.എന്റെ നോട്ടം ഏറ്റാല്‍ ചെടികള്‍ പോലും വാടിക്കരിഞ്ഞുപോകുവത്രേ......“
അയാള്‍ അവളുടെ ദേഹത്തോട് കൂടുതല്‍ ചേര്‍ന്നിരുന്നു കൊണ്ട് പറഞ്ഞു:
“നിന്റെ അമ്മയ്ക്കറിയാഞ്ഞിട്ടാണ്, നിന്റെ നോട്ടമേറ്റാല്‍ ചെടികള്‍ പോലും പൂക്കും.പൂവുകളില്‍ ആയിരം കണ്ണുകള്‍ വിടര്‍ന്നേക്കും...“.
അവള്‍ വായ പൊളിച്ചുനിന്നു.
“എനിക്ക് മനസ്സിലാവിണില്ല്യ,ഇപ്പറഞ്ഞതൊന്നും.അമ്മ രാവിലെ പറഞ്ഞതോര്‍മ്മീംണ്ടെനിക്ക്.
എന്റെ കണ്ണു കൊണ്ടിട്ടാണത്രേ,കഴിഞ്ഞകൊല്ലം പശൂംന്റെ കറവ് നിന്നുപോയത്.ഇക്കൊല്ലം മാവ് കായ്ക്കാഞ്ഞത് ഞാന്‍ നോക്കിട്ടാണത്രേ......."
അയാളുടെ ചുണ്ടില്‍ ഒരു പരിഹാസച്ചിരി വിടര്‍ന്നു.
“നിന്റെ അമ്മയ്ക്കെന്തറിയാം?നിന്റെ കണ്ണുകളില്‍ മാത്രമല്ല,കവിളിലും ചുണ്ടിലുമെല്ലാം ഈ കടല്‍ പ്രതിഫലിക്കുന്നുണ്ട്.അസ്തമയസൂര്യന്റെ ചുവപ്പാണ് നിന്റെ ദേഹം... അതെല്ലാം മതിവരുവോളം കാണണമെനിക്ക്.നീ എന്റെ കൂടെ പോരുന്നോ?."-.കിലുങ്ങിച്ചിരിയില്‍ അവസാനിപ്പിച്ച് അയാള്‍ ചോദിച്ചു.അന്നേരം അവള്‍ നിലവിളിച്ചു:
“ഹെന്റമ്മോ? ചായക്കടയില്‍ പാല് കൊടുക്കാന്‍ വന്നതാണു ഞാന്‍.അഞ്ചുമണിക്കുമുന്‍പ് വീട്ടിലെത്തിയില്ലേല്‍ അമ്മ ചീത്തപറയും.ആണുങ്ങളോട് വര്‍ത്തമാനം പറഞ്ഞിനെന്നറിഞ്ഞാല് ചെലപ്പോ ,തല്ലുകേം ചെയ്യും..ഞാന്‍ പോവ്വാ...“
അവള്‍ എഴുന്നേറ്റ് സാരി നേരെയാക്കി തിരിഞ്ഞുനോക്കാതെ പൂഴിപ്പരപ്പിലൂടെ നടന്നു.
അയാള്‍ മരവിച്ചുനിന്നു.
തിരമാലകള്‍ അയാളെയും കടന്ന് അവളുടെ കാലടികളെ മായ്ച്ചുകളയാനായി കുതിച്ചുചെന്നു.

Thursday, April 14, 2011

കണി





ല വീടുകളില്‍ നിന്നുവന്ന്
പ്ലാസ്റ്റിക്ക്കൂടിനുള്ളില്‍
ഒത്തുചേര്‍ന്ന
ഉണ്ണിയപ്പങ്ങളിലൊന്ന്
പറഞ്ഞു:
ഉണ്ണിമോള്‍ എന്നെ
വീട്ടീന്നു പുറത്താക്കിയതാണ്.
രാവിലെ മുതല്‍ അവള്‍ക്ക്
തിരക്കായിരുന്നു.
ഓട്ടുരുളിയിലെ ഫലക്കണിക്കണ്ട്,
ഉണ്ണിക്കണ്ണനെക്കണ്ട്
നേരം കളഞ്ഞതല്ല.
അമ്മമ്മ കൈവെള്ളയില്‍
വെച്ചുകൊടുത്ത നാണയത്തുട്ടിനെ
ഓമനിച്ചല്ല.
ഉടുപ്പിന്റെ വര്‍ണ്ണവിസ്മയങ്ങളില്‍
കണ്ണുമേയ്യിച്ചല്ല.
കൊച്ചനിയനെ വിരലില്‍ തൂക്കി
അടുത്ത വീട്ടില്‍ പോയതല്ല.
രാവിലെ മുതല്‍
ചെവിയ്ക്കല്‍ തിരുകിയ സെല്ലില്‍
യെസ്സ്,നോ,ഹായ് ഡാ 
ര്‍ക്കിക്കയായിരുന്നു.
എന്നെയൊന്ന് രുചിച്ചുനോക്ക്
എന്നു പറഞ്ഞതിനാണ്
ഇറക്കിവിട്ടത്.

മറ്റൊരുണ്ണിയപ്പം പറഞ്ഞു:
ചൈനീസ്സ്പ്പടക്കങ്ങളുടെ
പിറുപിറുപ്പ് കേട്ടുമടുത്താണ്
ഞാനിറങ്ങിപ്പോന്നത്.
കഴിഞ്ഞകൊല്ലംവരെ
നാട്ടുപടക്കങ്ങള്‍ എന്നോട്
മുഴക്കത്തോടെ സംസാരിച്ചിരുന്നു.
ഉടുപ്പ് നന്നായിട്ടുണ്ട്
എന്നു പ്രശംസിച്ചിരുന്നു.
ഞാന്‍ കൊടുത്ത മധുരം
നുണഞ്ഞിരുന്നു.
അധികനേരം എണ്ണയില്‍ക്കിടന്ന്
കറുക്കല്ലേ എന്ന്  ശാസിച്ചിരുന്നു.
നിറന്ന് ചിരിച്ചിരുന്നു.
ഇതിപ്പോള്‍ മുറുമുറുപ്പ് മാത്രം.

മറ്റൊരുണ്ണിയപ്പം പറഞ്ഞു:
ഫ്രിഡ്ജില്‍നിന്നാണു
ഞാന്‍ വരുന്നത്.
കഴിഞ്ഞാഴ്ച്ച
ചേച്ചിയുണ്ടാക്കിവെച്ച്
പോയതാണെന്നെ.
വീട്ടിലുള്ള ചേട്ടന്‍
പലപ്രാവശ്യം ഫ്രിഡ്ജ്
തുറന്നതാണ്.
എന്നെ കൊണ്ടുപോകുമെന്ന്
ഞാന്‍  കൊതിച്ചു.
ഫ്രീസറിലെ
അലിവുള്ള ചങ്ങാതിയെ
പലവട്ടം കൊണ്ടുപോയി.
കുടവയറുള്ള ബോട്ടില്‍ച്ചേട്ടനെ
പലവട്ടം സേവിച്ചു.
എന്നെമാത്രം..എന്നെമാത്രം...
ശീതം വന്ന് പനിപിടിക്കുമെന്ന്
തോന്നിയപ്പോഴാണിറങ്ങിയത്....

ഇതെല്ലാം കേട്ട്
മാങ്കൊമ്പിലിരുന്നൊരു കാക്ക
ഉണ്ണിയപ്പങ്ങളെ
കണികാണാനെത്തി.
................................

Saturday, April 9, 2011

ആള്‍ മറയില്ലാത്ത കിണര്‍






ള്‍ മറയില്ലാത്ത കിണര്‍
മൂടണമോയെന്ന് രണ്ട് പക്ഷം
കിണറായാല്‍
ദൂരെ നിന്നേ കാണണമത്രേ..
അപകടം മാടിവിളിക്കുമത്രേ..
വാക്കിന്റെ ഉച്ചഭാഷിണിയാണ് മറ.
എല്ലാത്തിനും ഒരു മറ നല്ലതാണ്.
അടി തെറ്റാതിരിക്കാന്‍  മറ വേണം.
ര്‍ത്തത്തെ ഭയക്കാതെ
ഇഷ്ടം പോലെ  ഓടിക്കളിക്കണം...
ഏവരുടെയും സമ്മതമാണു മറ.
ഇങ്ങനെ പോകുന്നു വാദഗതികള്‍.

മണ്ണിലെ ഒരു ഗര്‍ത്തത്തെ
മറയ്ക്കരുതെന്ന് മറുപക്ഷം.
പട്ടികള്‍ക്കും പൂച്ചകള്‍ക്കും കോഴികള്‍ക്കും
സ്വാതന്ത്ര്യത്തോടെ എത്തിനോക്കിക്കൂടേ..
ചുവരുകളുടെ വിലങ്ങനെയുള്ള കൂട്ടലും
കുത്തനെയുള്ള കിഴിക്കലും ഭീരുത്വമല്ലേ....
തീരുമാനിക്കാം സ്വന്തം ഇടര്‍ച്ചകളെ,
മരണത്തെത്തന്നെ....
അറിയാം, നീരിളക്കത്തിന്റെ സാന്നിധ്യം കാലില്‍.
കിണര്‍ എവന്റെയുമാകണം.
ഒറ്റനോട്ടത്തില്‍ നീര്‍ കിനിയണം.
അത്രയേ വേണ്ടൂ....

വെളുക്കുവോളം ചര്‍ച്ച ചെയ്ത്
കുടമുടയ്ക്കണോ...
എന്നെ ഞാനായി കണ്ടുകൂടേ...
എന്തുവന്നാലും
ഭൂമിക്കടിയിലെ ഈ ഏകന്തവാസം
ഞാന്‍ നിര്‍ത്തുകില്ല.
നെഞ്ചിലെ തിരയിളക്കവും.
എന്റെ മേല്‍ വീഴുന്ന സൂര്യചന്ദ്രനെ
തടയാനാമോ...
ഉരുകിയൊലിക്കുന്ന മേഘങ്ങളെയും.
വേണമെങ്കില്‍
ഇരുമ്പുകൈകളെ
പിന്‍വലിച്ചോളൂ......
ഇത്തിരിവട്ടത്തിലെ
നീരായിരിക്കാനാണ്
എനിക്കിഷ്ടം...

Saturday, April 2, 2011

വെളുപ്പ്





നീലക്കടലിന്റെ
പച്ച അഴിമുഖത്തേക്ക്
രക്തത്തിന്റെ നിറമുള്ള
പുഴവെള്ളമൊഴുകിയപ്പോള്‍
വെളുത്ത നുരകളാണ്
പ്രത്യക്ഷമായത്.....

മത്സ്യങ്ങളുടെ ജഡം തേടി
ബോട്ടുജെട്ടിയിലെത്താറുള്ള
പക്ഷികളുടെ കാഷ്ഠം
വെളുപ്പിന്‍ തുള്ളികളായി ഒഴുകി....

വെള്ളത്തില്‍ ചാടിയ
ഒരു മരക്കൊമ്പ്
തൊലിപൊളിഞ്ഞ്
വെളുത്ത നിറം പൂണ്ടു.....

Friday, April 1, 2011

മണ്ണ്



ഈ കബറിടമൊരു തൊട്ടില്‍
നൊച്ചില്‍ക്കാടിന്നടിയില്‍
അഴുകുന്ന മംസമോ
പൊടിഞ്ഞുതിരുന്ന വിരലുകളോ
താരാട്ടു പാടുന്നുണ്ട്.
ചുണ്ടുകള്‍
മന്ത്രങ്ങള്‍ ഉരുവിടുന്നുണ്ട്.
എനിക്ക്
കടലും ആകാശവും കാട്ടിത്തരാന്‍
മിഴികള്‍ തുറക്കുന്നുണ്ട്.
മണ്ണില്‍ സൂക്ഷ്മസുഷിരങ്ങളിൽ
ഒരു പിന്‍വിളി കൈയുയര്‍ത്തുന്നുണ്ട്.

ഈ നൊച്ചില്‍ക്കാട്ടില്‍ നിന്ന്
ല്‍ക്കാലം 
ആറടി ദൂരത്തേക്ക്
ഞാന്‍ പിച്ച വയ്ക്കട്ടെ..

സോറി..

നീ എന്നെ പിന്തുടരുന്നതെന്തിനു ..?
വല്ലതും
ചെവിയില്‍ പകരാനാണോ ...?
സുഹൃത്തേ ,കണ്ടുകൂടേ.....
ഞാനെന്റെ ചെവിയില്‍
ഇയര്‍ഫോണ്‍ തിരുകിയിരിക്കുകയാണ് .
നീ എന്റെ ഹൃദയത്തില്‍
സുക്ഷിച്ചുനോക്കുന്നത് ഞാന്‍ കാണുന്നുണ്ട് .
സോറി,സുഹ്യത്തേ...
ഞാന്‍ ബൈപ്പാസ്സ്
കഴിഞ്ഞിറങ്ങിയതാണ്
നിന്റെ ഹസ്തം
എന്റെ നേര്‍ക്ക്‌ നീളുന്നുണ്ടു
സോറി,സുഹ്യത്തേ
ഞാന്‍ ചില്ലറ കൊണ്ടുനടക്കാറില്ല
ആരെയും കൈപിടിച്ചുയര്‍ത്താറുമില്ല
നീ എന്നോട് ചിരിക്കാന്‍ ശ്രമിക്കുന്നുണ്ട്
സോറി,സുഹ്യത്തേ
എനിക്ക് നേരമില്ല
നിന്റെ പുഞ്ചിരി
...ദാ, ആ കാണുന്ന കുപ്പത്തൊട്ടിയിലിട്ടേക്കൂ



Tuesday, March 22, 2011

മണ്ണാങ്കട്ടയും കരിയിലയും




വെയിലേറ്റ് ക്ഷീണിച്ച മണ്ണാങ്കട്ട
തെരുവിലെത്തി.
ഒരു കടത്തു തോണി പോലെ
കരിയില വന്നു.
മണ്ണാങ്കട്ടയ്ക്ക്
കളഞ്ഞുപോയ താരാട്ട്
തിരിച്ചുകിട്ടിയപോലെ തോന്നി.
ലജ്ജ മറന്ന്
അവര്‍ വെയിലിലെ
അപ്പൂപ്പന്‍ താടികളായി .
പൊടുന്നനെ
കാറ്റും മഴയും വന്നു.
മണ്ണാങ്കട്ട 
സ്വീകരണമുറിയിലേ-
ക്കുരുണ്ടുപോയി.
കരിയില
കോടതിവരാന്തയിലേക്ക്
പാറിപ്പോയി....

Tuesday, March 15, 2011

സ്നേഹം


ഈ മൂരിത്തലയ്ക്കെത്ര..?
ഈ ആട്ടികാലിന്നെത്ര..?
ഇരുപത്,
മുപ്പത്..?
നാല്പത്.?
പതിനെട്ടോ
ഇരുപത്തൊന്നോ ആവാം
പൂമാലയിടണം.
സുഗന്ധദ്രവ്യങ്ങൾ പൂശണം.
കുരവയിടണം.
ക്യാമറ മിന്നണം.

Monday, March 14, 2011

ശേഷിപ്പ്





ചോർന്നൊലിക്കുന്നൂ
കിളിത്തൂവൽ....
ഉണങ്ങിച്ചുരുളുന്നൂ
കിളിക്കണ്ണ്‌.......
ഊർധ്വൻ വലിച്ചകലുന്നൂ
ചിറകടിയൊച്ച......
കുറുകിയചുണ്ടും
നിളൻ കാലും
മാത്രം ബാക്കി.
.....................

Sunday, March 13, 2011

നിന്റെ ഓർമ്മയ്ക്ക്





നാൽ‌പ്പതാം നാൾ
നിന്റെ നാമത്തിൽ
ഞങ്ങൾ അന്നം തിന്നു.
നിന്റെ കൈപ്പുണ്ണ്യമില്ലാത്ത
ഇറച്ചിക്കറിയും
നിന്റെ ചിരി വിടർത്താത്ത
പത്തിരിയും തിന്നു.
മുറ്റത്തെ വട്ടളത്തിൽ
ഓർമ്മകൾ കഴുകിയിറങ്ങി.
ഒരു ചീവീടിൻ വിലാപമായ്
രാത്രി നിറന്നു.
ആകാശച്ചെരിവിൽ
ഒരു നക്ഷത്രമായ്
നീ ഇറങ്ങിവന്നു.
ഞങ്ങൾ
കൂർക്കം വലിക്കുന്നത് കേട്ട്
തിരിച്ചു പോയി.
.......................................

സൌഹ്യദം



കൊഴിയുന്ന ഹ്യദയം.
തേറ്റയുടെ പാടുള്ള ചിരി.
ഗന്ധമില്ലാത്ത ഓർമ്മ.
രക്തം മണക്കുന്ന വാക്ക്.

Saturday, March 12, 2011

പോത്ത്





പോത്ത്
കുളി കഴിഞ്ഞീറനോടെ
ഉദ്യാനത്തിലെത്തുന്നു.
ഇന്നലെകളെ അയവിറക്കുന്നു.
കുലചിഹ്നം ഉയർത്തി ഗമിക്കുന്നു.
“കാമനെന്നിവനെ സ്ത്രീകൾ
കാലനെന്നോർത്തു വൈരികൾ”
എന്നു പാടി ജനം പിന്നാലെ പായുന്നു.

പച്ച പുതപ്പിച്ച്
ചന്ദനക്കുടത്തിന് കൊണ്ടുപോകുകയാണ്.
പട്ടു പുതപ്പിച്ച് സമ്മേളനനഗരിയിൽ
കൊണ്ടുപോകുകയാണ്.
തലേക്കെട്ടുകെട്ടി
മഖ്ബറകളെ വലം വയ്ക്കുകയാണ്.
‘സാധുമ്യഗമാണേ’
എന്നാർപ്പുവിളിക്കുകയാണ്.

എങ്കിലും,മ്യഗമേ..............
പച്ചമാംസത്തിൽ
കുത്തിയിറക്കാൻ വെമ്പുന്ന കൊമ്പുകളും
മരണഗാനമാലപിക്കുന്ന മുക്രയും
ചോരച്ച കണ്ണുകളും
കുഞ്ഞുങ്ങൾക്കുപോലും
തിരിച്ചറിയാനാവുമെന്ന് ഓർക്കണേ.......

Friday, March 11, 2011

കണ്ണുകൾ


ോഡ് മുറിച്ചുകടക്കുമ്പോൾ
കണ്ണുകൾ തമ്മിലുടക്കിയതെന്തേ..?
നീ എന്റെ ബാല്യതോഴനോ...?
കൂർത്തുനിന്നോരസ്ഥി വളർന്ന്
മാംസഗതി പ്രാപിച്ചതോ..?
വീട്ടുതൊടിയിലും നാട്ടുപറമ്പിലും
ഓടിനടന്ന പാദമാണോ...?
തോട്ടിലെ മീൻ കോരിയ
തുണിവലക്കയ്യാണോ..?
മാമ്പഴം തന്ന മാഞ്ചുവടും
പുഴ കാട്ടിത്തന്ന കുന്നും തകർത്താണോ
നീയും ടൌണിലെത്തിയത്..?
ആണെങ്കിൽത്തന്നെയെന്ത്..?
കണ്ണുകളുടക്കാതെ
പോവുക,നാം.

…………………………………

Thursday, March 10, 2011

ഒരു വയൽപ്പാട്ട്

                  1

കൈകൾ ബന്ധിച്ച്
കുരിശ്ശേറിയ നിൽ‌പ്പ്.
കോൺക്രീറ്റ് ചത്വരത്തിൽ
കാലുറപ്പിച്ച്.
നക്ഷത്രങ്ങളെ എയ്തുവീഴ്ത്താൻ
ചൂണ്ടിയ കുന്തമുനകൾ.
കരയിലെ പക്ഷികളെയും പ്രാണികളെയും
തോട്ടിലെ മീനിനെയും തവളയെയും
മണ്ണിൽ പുതഞ്ഞ
നൊച്ചിങ്ങയെയും ഞാഞ്ഞൂലിനെയും വരെ
പേടിപ്പിക്കുന്ന പോസ്സ്.

                2
ചോദിക്കാം..
സിരകളിലൊഴുകുന്ന പവർ
വയൽച്ചോട്ടിലെ ഏഴകളെ
അടിച്ചു വീഴ്ത്തിയോ..?
പടർന്ന ചില്ലകളെ
തുരുമ്പെടുത്തോ...?.
താങ്ങായി മണ്ണിൽ നിന്നവനെ
പിഴുതെറിഞ്ഞോ....?
               
               3

മരണവീര്യം
കടത്തിവിടുന്നവനേ........
പുതു ഐലന്റിലെ പാറാവുകാരാ..
തലപ്പാവിൻ പരസ്യമണിഞ്ഞുനിൽക്കുന്നവനേ...
കോൺക്രീറ്റ് പാദങ്ങൾ അടർന്നുവീഴുന്നത്
സ്വപ്നം കാണുകയാണു വയലേലകൾ....
പങ്കയെ വെല്ലുന്ന കാറ്റടിക്കുന്നുണ്ട്....
പക്ഷി മ്യഗാദികൾ
സ്വയം പ്രകാശിക്കുന്നുണ്ട്.....
     
         





Friday, March 4, 2011

കവി





നിലാവെളിച്ചം 
കണ്ണിൽ വീണ്
അന്ധനായവൻ.
കാറ്റിൽ കുളിച്ച്
വൃക്ഷവേര് ചികയുന്നു.
കരയെ
കടലിലേക്കൊഴുക്കുന്നു.
വെയിലിനെ
മഴ നനയിക്കുന്നു.
ഇരുട്ട് മോന്തുന്ന
നിലാവിനെ
പുഴയിലിറക്കുന്നു.

Wednesday, March 2, 2011

ശവം

ശവങ്ങൾ
നിശ്ശബ്ദത ഭേദിച്ചു:
ഇന്ന് ഡോക്ടർ വന്നാൽ
നമ്മളെ വെട്ടിപ്പൊളിക്കാൻ വിടരുത്.
ആ കത്തികൾ
നമ്മൾ പിടിച്ചു വാങ്ങും.
ആ കൈകൾ
നമ്മൾ വെട്ടും.

ശവങ്ങൾ
മരണം നടിച്ച് കിടന്നു.

ഹാജർനില

‘ഹാജർ നില ഗുരുതരമാണെടോ......’
ടീച്ചർ നിലവിളിച്ചനേരം
ചുവർ പ്രതിവചിച്ചു:

ഒരു കുട്ടി വരാഞ്ഞത് മടിച്ചിട്ടല്ല.
വഴിയിൽ നേരം കളഞ്ഞതല്ല.
ക്ലാസ്സ് കട്ട് ചെയ്ത് സിനിമയ്ക്ക് പോയതല്ല.
പുസ്തകബാഗും തോളിലിട്ട്
അവൻ വീട്ടിൽനിന്നിറങ്ങിയതാണ്.
സ്കൂളിലേക്ക് നടന്നപ്പോൾ പാടത്തെത്തി.
തിരിച്ചുനടന്നപ്പോൾ തെരുവിലെത്തി.
നേരെ നടന്നപ്പോൾ കടൽക്കരയിലെത്തി.
ഇപ്പോഴും അവൻ വഴിതെറ്റി നടക്കുകയാണ്....

ഒരു സ്വപ്നാടകൻ വരാഞ്ഞത്
സ്വപ്നം അവനെ റാഞ്ചിയതുകൊണ്ടല്ല.
ഇന്നലെ രാത്രി അവൻ സ്വപ്നം കണ്ടതേയില്ല.
രാവിലെ അമ്മ ചൂലുകൊണ്ട്
പീളകെട്ടിയ സ്വപ്നത്തെ
അടിച്ചുവാരിക്കളഞ്ഞതാണ്.
അച്ഛൻ  തൂവാലകൊണ്ട്
സ്വപ്നത്തെ തുവർത്തിക്കളഞ്ഞതാണ്.
സ്കൂൾവണ്ടിയിൽ കയറ്റിവിട്ടതാണ്.
മരണത്തിലേക്കോ
ജീവിതത്തിലേക്കോ
അവൻ ഇറങ്ങിപ്പോയത്..?

ഒരുത്തി വരാഞ്ഞത്
പനിയായതു കൊണ്ടല്ല.
അടുക്കളയിൽ അമ്മയൊടൊപ്പം
സ്വയം കത്തിയമർന്നതല്ല.
ദേഹത്തെ കുളിപ്പിച്ച്
മുടി കോതിയൊതുക്കാൻ
ഒന്നു പൊട്ടുതൊടാൻ
കണ്ണാടിയുടെ മുൻപിൽ നിന്നതാണ്.
മാജിക്കിലെന്ന പോലെ
അപ്രത്യക്ഷയാവുകയായിരുന്നു.

ഈ നില തുടർന്നാൽ
വിദ്യാലയം പൂട്ടുമെടോ..........!
ടീച്ചർ നിലവിളിച്ചു.
വിജനമായ ക്ലാസ്സുമുറിയിലിരുന്നൊരു പല്ലി
‘ശബ്ദിക്കുന്ന കലപ്പ‘യിൽനിന്നെന്നപോലെ ചിലച്ചു.

Tuesday, February 23, 2010

ചിതലരിച്ച ഭൂപടം.

ഇന്നലെ
ബാലകൃഷ്ണന്റെ വീടിന്റെ
ഗൃഹപ്രവേശമായിരുന്നു.
പഴയവീട്ടിലെ
അലമാര വൃത്തിയാക്കുമ്പോള്‍
അവനൊരു ഭൂപടം ലഭിച്ചു.

അവന്‍ അത്
 എന്നെ കാണിച്ചു.

ചിതലുകള്‍ അധിനിവേശം
തുടങ്ങിയിരിക്കുന്നല്ലോ, ബാലകൃഷ്ണാ......
ഞാന്‍ പറഞ്ഞു.

അക്ഷാംശങ്ങളും രേഖാംശങ്ങളും
ഉറുമ്പിന്‍ കൂട്ടങ്ങളെ പോലെ
വഴിതെറ്റിപ്പോയെടാ...........
അവന്‍ പറഞ്ഞു.

പര്‍വതങ്ങളല്ലേ
അടര്‍ന്നു വീഴുന്നത്...!!
അവന്‍ പരിഹസിച്ചു.

സമുദ്രങ്ങള്‍ക്ക്  തുളവീണ്
ആകാശം കാണാം........
ഞാനും കമന്റ് കൊടുത്തു.

കുട്ടിക്കാലത്ത് നമ്മള്‍
മീന്‍ പിടിക്കാനും
വെള്ളം കോരാനുമുപയോഗിച്ച
തുണിപോലെയായി ഇത്........
അവന്‍ പറഞ്ഞു..

നിന്റമ്മയും എന്റുമ്മയും
തലയില്‍ ചുമന്ന് വീട്ടിലെത്തിച്ച
പാഴ്ക്കറ്റ പോലെയായി  ഇത്.....
ഞാന്‍ പറഞ്ഞു..

വലിച്ചെറിയെടാ..........
ഞങ്ങള്‍ ഒരേ സമയം
ആര്‍പ്പു വിളിച്ചു.

പക്ഷെ അത്
ദൂരെ എങ്ങും പോയില്ല.
സിമന്റ് മതിലില്‍ തൂങ്ങിക്കിടന്ന്
വേതാളത്തെപ്പോലെ
ഞങ്ങളെ നോക്കി
ഗോഷ്ടി  കാട്ടി...
..............................

Sunday, January 31, 2010

കഴുകനോട്..

നിന്റെ നഖമുനകള്‍ക്കിടയിലെ ഈ കിടപ്പിലും
പറയാതിരിക്കാന്‍ വയ്യ , കഴുകാ...

നമ്മള്‍
മാംസവും അസ്ഥിയും മാത്രമല്ല
നീളന്‍ ചുണ്ടും കൊക്കും മാത്രമല്ല.
ചിലയ്ക്കും വാല്‍ മാത്രമല്ല
നേര്‍വീക്ഷണം മാത്രമുള്ള കണ്ണും
ഉപയോഗമില്ലാത്ത പുരികവും മാത്രമല്ല.
.
വായുവിന്‍  വേഗവും
ചിറകിന്‍  വാള്‍വീശലും
വെളിച്ചത്തിലും വെളിപ്പെടാത്ത
മായാരൂപങ്ങളും
തെളിയാ വര്‍ണ്ണങ്ങളും
ആരാലും നിര്‍വചിക്കപ്പെടാത്ത
ശബ്ദങ്ങളും
അടുപ്പവും അകലവുമുള്ള
വെളിപ്പെടലുമെല്ലാം
നമ്മുടേതാണ്.
അതോര്‍ക്കണം..കഴുകാ‍...

.........................

Saturday, January 30, 2010

പ്രതിമയും ഞാനും

ഇന്നലെ
ഞാന്‍ നഗരത്തിലൂടെ
നടക്കുമ്പോള്‍
ഒരു പ്രതിമ കണ്ടു.
അത് എന്നോട് ചിരിച്ചു.
ഞാനും ചിരിച്ചു.
അത് എന്റെ നേരെ കൈ നീട്ടി.
ഞാനും കൈ കൊടുത്തു.
ആ നിമിഷം
എന്റെ കാലുകള്‍
ഇളകാതായി.


Sunday, January 24, 2010

ജലത്തുള്ളി

        
ഇന്നലെ
ഒരു ജലത്തുള്ളി
മാര്‍ബിള്‍ത്തറയിലൂടെ  ഇഴഞ്ഞുവന്ന്
എന്റെ പാദത്തെ നനയ്ക്കാന്‍ ശ്രമിച്ചു.
ഞാന്‍ വൌ എന്ന് ശബ്ദമുണ്ടാക്കി
കാല്‍ പിന്‍ വലിച്ചു.
അപ്പോള്‍
ജലത്തുള്ളിക്ക് വാശിയേറി.
അത് വര്‍ദ്ധിച്ച വീര്യത്തോടെ
ഒഴുകിവന്ന്
എന്റെ പാദം നനച്ചു.
എന്നെ കുളിമുറിയിലേക്കോടിച്ചു.
ഞാന്‍ ഷവറില്‍ കുളിക്കവെ
അത് എന്റെ തലയില്‍
പൊട്ടിവീണു.
  ......................  
            

Friday, January 8, 2010

പേനയും വാതിലും



ഏപ്പോഴും
തുറന്നുവെച്ച
കണ്ണാണ്.

ഉണങ്ങാത്ത
മുറിവുള്ള
നാവാണ്.

മണ്ണും ചെളിയും
പുരണ്ട വേഷത്തില്‍
വരികയാണ്.

വിശക്കുന്ന മനുഷ്യാ എന്ന്
വാതിലില്‍ മുട്ടുകയാണ്.

നിറയൊഴിക്കുമോ
സങ്കടങ്ങളത്രയും..?

തുറക്കാതിരിക്കാം
വാതില്‍...
..................

Sunday, January 3, 2010

വീടിന്നു പേരിടുമ്പോള്‍...

വീടിനുപേരിടാ-
നായുമ്പോള്‍
ഓരോ ചുവരു-
മിളകിത്തുള്ളുന്നു.

ഓരോ
മണ്ണടയാളത്തിലും
ഓരോരോ
പ്രാക്യതലിപികള്‍.
പ്രത്യക്ഷമാകുന്നു.

ഒരിക്കല്‍
സിമന്റിട്ടടച്ച
കണ്ണുകള്‍
തുറിച്ചു-
നോക്കുന്നു..

കല്ലിലെ
നെയ്ത്തു-
ശാലകള്‍
ഓടം
പായിക്കുന്നു.

കല്ലെഴു-
ത്തുകള്‍
വെള്ളയും
കറുപ്പുമെന്ന്
കലഹിക്കുന്നു.

പൊത്തുക-
ളില്‍നിന്ന്
തീക്കട്ടകള്‍
തെറിച്ചു-
ണരുന്നു..

വീടിന്ന്
പേരിടുക
വ്യര്‍ഥമെന്ന-
ന്നറിയുന്നു
ഞാന്‍.
.
.........

Saturday, January 2, 2010

പൂമരം,പൂമ്പാറ്റ,വെയില്‍ തുടങ്ങിയവ...



പൂമരമാ-
യുതിരാം.

പൂമ്പാറ്റയായ്
പ്പാറാം.

വെയില്‍-
ക്കുടയായ്-
നിവരാം.

തേന്മഴയായ്-
പ്പൊഴിയാം.

നിനയ്ക്കു-
മ്പോഴൊരു-
തീഗോളമായ്-
ച്ചിതറുന്നല്ലോ...?


...................

പ്രണയം

സ്റ്റെതസ്കോപ്പ്
നിന്നെ പ്രണയിച്ചു.

ഓപ്പറേഷന്‍ബ്ലേഡ്
നിന്നെ ചുംബിച്ചു.

വളപ്പൊട്ടും മയില്പീലിത്തുണ്ടും
അനാഥരായി.

Friday, January 1, 2010

കോലം

കാലുകള്‍
ചിറകടി-
ക്കുന്നേരം
നെഞ്ചില്‍
മയക്കം.

നെഞ്ചു-
ണരുന്നേരം
കാലിന്‍
മയക്കം.

ഉരിയാടാ-
കാറ്റും
മഴയും.


പഴങ്കുപ്പാ-
യത്തിന്‍
ഗന്ധം.

ഉണക്ക-
പ്പുല്ലിന്‍
പിറു-
പിറുപ്പ്
ഉടല്‍
നീളേ..

ഹ്യദയ-
മിടിപ്പെ-
ണ്ണിയിനി-
യെത്ര-
നാള്‍..?