Sunday, May 22, 2011

വാലാട്ടം



ഈ വാല്‍
ഇടത്തോട്ടും വലത്തോട്ടും  ആടുന്നത്
എന്റെ  ഇച്ച്ചാനുസരണമല്ല  .
കാറ്റിന്‍ഗതിക്ക്  തൂറ്റുകയാണോ     
എന്നറിയില്ല.
സൌഹൃദത്തിന്‍ വീശലാണോ
എന്നറിയില്ല.
വിഷ്ണുലോകത്തേക്കുള്ള
വീഴ്ച്ചയാണോ ..?
അന്യന്റെ കണ്മുനകളെ
അനുസരിക്കയാണോ ..?
ഒന്നുമെനിക്കറിയില്ല .
ഞാന്‍ സ്വയം ശപിക്കയാണ്
ആരുപേക്ഷിച്ച   ചാട്ടവാറാണിത്...?
ആര് ചുരുട്ടിയിട്ട  ഉറുമിയാണിത് ..?
ഏതു മന്ത്രവാദി തൊടുത്തുവിട്ട
കൈലേസാണിത്..?
ആയിരം വര്‍ഷം കുഴലിട്ടിടും  
പല്ലിന്‍ശൌര്യം  കൊണ്ട്  രാകിയിട്ടും
നടുക്കടലില്‍ചെന്ന്  നക്കിയിട്ടും
നിവരാതെയിരിക്കുന്നീവാല്‍ ....
ഞാന്‍ കോപം കൊണ്ട് വിറയുമ്പോഴും
കേമറയ്ക്ക്  പോസ്സ് ചെയ്യുകയാണ്.....
വേട്ടക്കാരന്റെ  മുന്‍പില്‍ ചെന്നാലും
തൊഴുതുനില്ക്കുന്നീവാല്‍ ......
എന്നിലെ പ്രാചീനമായ ആസക്തികള്‍ പോലും
കുരയാവാതെ...
വാലായി ആടുകയാണിപ്പോള്‍ .....


1 comment:

  1. ആയിരം വര്‍ഷം കുഴലിട്ടിടും
    പല്ലിന്‍ശൌര്യം കൊണ്ട് രാകിയിട്ടും
    നടുക്കടലില്‍ചെന്ന് നക്കിയിട്ടും
    നിവരാതെയിരിക്കുന്നീവാല്‍ ...

    ReplyDelete