Saturday, November 8, 2014

നിഴൽ


വളർന്ന് കൂർത്താലും ഉയർന്നുനിൽക്കുകയില്ല
എപ്പോഴും കാൽച്ചുവട്ടിൽ കുറുകാനാണാഗ്രഹം
ചിലപ്പോൾ വക്കുകൾ നിയതമാക്കാതെ ചാഞ്ഞും ചെരിഞ്ഞും ഏങ്കോണിച്ചും നോക്കും
ആരെങ്കിലും കണ്ടാൽ വഴുതിയിറങ്ങും
ചിലനേരം മുറ്റത്തും തൊടിയിലും കാൽപ്പനികമായ പടവുകൾ സൃഷ്ടിക്കും.
വെട്ടം കാണുമ്പോൾ ഭയന്നൊളിക്കും

ആഗ്രഹമുണ്ട്, ഓടിച്ചാടിക്കളിക്കാൻ ഉടുത്തൊരുങ്ങാൻ വെയിലത്തുനിൽക്കാൻ... തെരുവിലൂടെ നടക്കാൻ വാഹനമോടിക്കാൻ ഒറ്റയ്ക്ക് സിനിമ കാണാൻ പോകാൻ വീടിനോട് ടാറ്റാ പറയാൻ.....

തലയുയർത്തുമ്പോൾ സൂര്യൻ ചൂലുമായി നിൽക്കുന്നു...
മരങ്ങൾ വഴി തടയുന്നു..... ചീവീടുകൾ ആർപ്പുവിളിക്കുന്നു

രാത്രിയിൽ കുഞ്ഞുങ്ങളെ കാണാൻ പാത്തും പതുങ്ങിയും നിൽക്കണം
അവർ വന്നാൽ പേടിക്കുമെന്ന് പേടിച്ച് പിന്തിരിയണം...
എത്രകാലം ഈ ഒളിവുജീവിതം.... ?

Saturday, November 1, 2014

             കണ്ണുരോഗം                        
           
കാണുന്നോർ
കണ്ണടച്ചാട്ടുന്നു:
മാറിപ്പോ..
മാറിപ്പോ...
തുറക്കാൻ വയ്യ
അടക്കാൻ വയ്യ
ചെരിക്കാൻ വയ്യ
ഉയർത്താൻ വയ്യ
കണ്മുമ്പിലെങ്ങും
ചോപ്പ് വ്യാപിക്കുന്നൂ..
കണ്ണീരിന്നുപകരം
ഒലിക്കുന്നൂ..ലാവ
വിങ്ങും അകിടല്ലിത്
വീശും വാളിത്....
വഴികാട്ടും വെളിച്ചമല്ല
ഇഴയുന്ന സർപ്പമിത്.
നിറങ്ങൾ ചിറകടിക്കുന്നില്ല
കൃഷ്ണമണി തുളയ്ക്കും കഴുകൻ
മങ്ങുന്നൂ..സ്വീകരണമുറികൾ,റോഡുകൾ,
ഓഫീസ്സ് മുറികൾ,സൂപ്പർമാർക്കറ്റുകൾ,സ്റ്റേഷനുകൾ...
കത്തുന്നൂ..മൊബൈൽ നെറ്റും കമ്പ്യൂട്ടറും,ടീവിയും.
എവിടെയുമുറയ്ക്കുന്നില്ല നോട്ടം
എല്ലാം കറങ്ങുന്നു തലച്ചോറിൽ...
കൺപ്പിലികൾ പറിച്ചുകളഞ്ഞാലോ..
കൺവസ്ത്രം ഉരിഞ്ഞുകളഞ്ഞാലോ..
കൺക്യാമറ റിപ്പയർ ചെയ്യാനാമോ....
തെളിയുമോ ദൃശ്യങ്ങൾ പഴയപടി....

Monday, May 19, 2014

ചാട്ടം





കൊമ്പിൽ നിന്ന്
കൊമ്പിലേക്ക്….
ആടിക്കളിക്കെടാ..
ചാടിക്കളിക്കെടാ..

ദേഹം വളച്ച്
മുഖം ചുഴറ്റി
മൂക്ക് ചുളിച്ച്
നാവു നീട്ടി
ചന്ദ്രനെ കാണുന്നു.
സൂര്യനെ കൊതിക്കുന്നു

ഇലപ്പച്ചയിൽ
കണ്ണുകൊരുക്കുന്നു
നിഴൽച്ചോപ്പിൽ
കണ്ണടയ്ക്കുന്നു

പിന്നോട്ടെടുക്കുമ്പോൾ
മുൻപോട്ടെടുക്കുന്നു
മുൻപോട്ടെടുമ്പോൾ
പിന്നോട്ടെടുക്കുന്നു

ആടിക്കളിക്കെടാ..
ചാടിക്കളിക്കെടാ..

Thursday, May 8, 2014

റിയർവ്യൂ മിറർ



                    
                                         മിനിക്കഥ

    ഒരു വിവാഹിതൻ ഭാര്യയെ പിറകിലിരുത്തി സ്കൂട്ടറോടിക്കുമ്പോൾ ഇടയ്ക്കിടെ റിയർ വ്യൂ മിററിൽ നോക്കുന്നതെന്തിനാണ്.?. ഭാര്യ പിറകിൽ നിന്ന് വീഴുമോ എന്നാണോ അയാളുടെ പേടി..? അതോ പിറകിലെ വാഹനങ്ങൾ ഭാര്യയെ ഇടിച്ചുവീഴ്ത്താൻ സാധ്യതയുണ്ടോ എന്ന ചിന്തയാണോ..?
  അയാൾ റിയർ വ്യൂ മിററിൽ കാണുന്നതെന്തെല്ലാമാണെന്ന് നമുക്ക് നോക്കാം.തന്റെ വണ്ടിയുടെ പിറകെ വരുന്ന കാറുകൾ -ഇടയ്ക്കിടെ ഹോണടിച്ച് ഓവർടേക്കുചെയ്യാൻ കാത്തുനിൽക്കുന്നവ.അയാളെ മൈന്റുചെയ്യാതെ വശത്തൂടെ  ചീറിപ്പാഞ്ഞുപോകുന്ന ബസ്സുകൾ.-അതിനുള്ളിലെ  കീഴോട്ട് എത്തിനോക്കുന്ന, അയാളെയും ഭാര്യയെയും ടോപ്പ് ആംഗിളിൽ നിന്നു കാണുന്ന യാത്രികർ. ഇടയ്ക്കിടെ ഹോണടിച്ച് ശല്ല്യം ചെയ്യുന്ന ലോറിഡൈവർ .അയാളോടൊപ്പമെത്താൻ മൽസ്സരിക്കുന്ന ചെറുപ്പക്കാരായ ടൂവീലറുകാർ, അയളോടൊപ്പമെത്താനാവാതെ തലകുമ്പിട്ട് സൈക്കിളോടിക്കുന്നവർ. അയാളെ പകയോടെ നോക്കി ശപിക്കുന്ന കാൽനടക്കാർ ,പിന്നോട്ട് പോകുന്ന വഴിവാണിഭക്കാർ, കടകളുടെ ബോർഡുകൾ. ചെറുതായിച്ചെറുതായി  അപ്രത്യക്ഷ മാകുന്ന പാർക്കുചെയ്ത വാഹനങ്ങൾ .ഒരു ട്രാഫിക്ക് പോലീസ്സുകാരന്റെ തുറിച്ചനോട്ടം.-ഏകദേശം ഇത്രയൊക്കെയാണ് അയാൾ കാണാൻ സാധ്യത.
  ഇനി അയാളുടെ കാഴ്ച്ചയുടെ യഥാർഥ വസ്തുത എന്തെന്ന്  പരിശോധിക്കാം . എന്താ യാലും  റിയർവ്യൂ മിററിലൂടെ   അയാൾ കാണുന്നത്  വസ്തുവിന്റെ യഥാർഥ വലിപ്പമല്ല. അവ നന്നെ ചെറുതും ഏങ്കോണിച്ചവയുമാണ്. കണ്ണാടിയുടെ ചെരിവിനനുസൃതമായി വസ്തു ദൂരെയോ അടുത്തോ ആകാം.അത് ഒരു മായക്കാഴ്ച്ചയാണ്. ചിലവ മിററിൽ പ്രത്യക്ഷപ്പെട്ടെന്നു തന്നെവരില്ല.
  മറ്റൊരു പ്രശ്നം കൂടിയുണ്ട്. ഭർത്താവ്   മിററിന്റെ എല്ലാ പ്രതലത്തിലും കാണാവുന്ന തരത്തിൽ കഴുത്ത് പാകപ്പെടുത്തിവെച്ചാലും  ബിൽഡിങ്ങിന്റെ  മുകളിലുള്ളവരെയോ                                       കണ്ണാടിയുടെ പരിധിക്ക് പുറത്തുള്ളവരെയോ കാണാനാവുകയില്ല. ചുരുക്കത്തിൽ സ്കൂട്ടറോടിക്കുമ്പോൾ അയാളുടേത് വികൃതവും വിരൂപവും ഭാഗികവുമായ കാഴ്ച്ച മാത്രമാണ്. അതയാൾ തിരിച്ചറിയുന്നുമുണ്ട്. എങ്കിലും ഉത്കണ്ഠയോടെ അയാൾ റിയർവ്യൂ മിററിൽ വിശ്വാസമർപ്പിച്ചിരിക്കുകയാണ്. അതുകൊണ്ടാണ് വലിയ അപകടമൊന്നുമില്ലാതെ അയാൾക്ക് ഭാര്യയെയും കൊണ്ട് യാത്ര ചെയ്യാനാവുന്നത്.

Tuesday, May 6, 2014

വിശ്വസാഹിത്യം






“കഥയെഴുത്തിന്റെ  രഹസ്യങ്ങൾ പറഞ്ഞുതരാമോ..?”
സാഹിത്യവിദ്യാർഥി വിശ്വസാഹിത്യകാരനോട് ചോദിച്ചു.
വിശ്വസാഹിത്യകാരൻ ചാരുകസാരയിൽ ആഞ്ഞിരുന്ന് രു സിഗരറ്റിന് തീ കൊളുത്തി. സിഗരറ്റിലെ തീ നിറന്നുപൊലിയുമ്പോൾ സാഹിത്യകാരന്റെ കവിൾ ബലൂൺ പോലെ വീർക്കുകയും അയയുകയും ചെയ്തു.
സാഹിത്യവിദ്യാർഥി അക്ഷമയോടെ അത് നോക്കിനിന്നു. അയാളുടെ വീർത്ത കവിളിൽ നിന്ന് ഒരു മഹദ്വചനം ഒരു ഫ്ലാഷ് ന്യൂസ്സായി അഴിഞ്ഞുവരുന്നത് അവൻ ഭാവനയിൽ കണ്ടു.
 “എന്താ ജോലി..?”
സാഹിത്യകാരൻ ചോദിച്ചു
“ജോലിയൊന്നുമില്ല”
സാഹിത്യവിദ്യാർഥി ഭവ്യതയോടെ പറഞ്ഞു.
“കഥയെഴുത്ത് ജോലിയാക്കാനാണോ പരിപാടി..?”
വിശ്വസാഹിത്യകാരൻ പഴയ വീടിന്റെ കഴുക്കോലിൽ  നോക്കിക്കൊണ്ട് ചോദിച്ചു അയാളോന്നും മിണ്ടിയില്ല.
സാഹിത്യകാരൻ പാതി വലിച്ചു കുടിച്ച് സിഗരറ്റ് നിലത്തിട്ട് കാലുകൊണ്ട് ചതച്ചരച്ചു. പറഞ്ഞു.:”ഈ സിഗരറ്റ് വലിയിലാണ് എന്റെ സൃഷ്ടിരഹസ്യം.അതുകൊണ്ട് പുകവലി ശീലിക്കണം.എന്നിട്ട് എഴുതാനിരിക്കൂ..”
“സാർ, പുകവലി ആരോഗ്യത്തിന് ഹാനികരമല്ലേ..?
സാഹിത്യവിദ്യാർഥി ഭവ്യതയോടെ ആരാഞ്ഞു.
“ഗെറ്റൗട്ട്..എനക്ക് തൂറാൻ മുട്ടുന്നു. അപ്പൊ പിന്നെ കാണാം..”
വിശ്വസാഹിത്യകാരൻ പർവ്വതം പോലെ എഴുന്നേറ്റു നിന്നു.

Sunday, April 13, 2014

ജലശകാരം







ഞാൻ പൈപ്പു തുറക്കുമ്പോൾ
വെള്ളം എന്നെ ശകാരിക്കുന്നു:
നിന്നടിമയല്ല,ന്തകനാണു ഞാൻ.
നീ വിളിക്കുന്നേടത്തേക്കിനി ഞാൻ വരുകില്ല.
നിന്റെ കാലടികളെ തഴുകില്ല.
നിന്റെ മെയ്യഭ്യാസത്തിന്നു വഴങ്ങില്ല.
നിന്റെ മൂർധാവിലേക്ക് ചാടില്ല.
ഇനിമേൽ
നിന്റെ അണ്ണാൻചാട്ടത്തിന്നകമ്പടിയില്ല.
നിന്റെ കണ്ണിലെ രക്തത്തെ നനയ്ക്കുകില്ല.
തകർക്കും ഞാൻ നിന്റെ തടവുവഴികളെ
കുടിച്ചുവറ്റിക്കും നിന്റെ ദേഹത്തെ.

Wednesday, February 12, 2014

വടക്കൻ-തെക്കൻ പാട്ട്






ചരിത്രത്തിൽ നിന്നും
പുറത്താക്കപ്പെട്ട്
കറങ്ങിത്തിരിഞ്ഞ്
ചന്തു
ട്രാഫിക്ക് ജംങ്ഷനിൽ.
ചുവപ്പും പച്ചയും
മാറിമാറി പയറ്റുന്നു.
ഇടതുവലതു കൈകൾ
പരസ്പരം കോർത്ത്.

റോഡിൽ
ഒരുണ്ണിയാർച്ച
നോട്ടച്ചുരികയ്ക്കൊരു
പരിച തിരയുന്നു.
ഒരു നേർപെങ്ങൾ
റോഡിന്നോരം
കടകം ഓതിരം മറിയുന്നു.
വീണുകിടക്കുന്ന
ഉടൽ വാൾ
വീശാനാകാതെ
ഒരുവൾ

ചന്തു
മുഖം ചുഴറ്റുന്നു
കണ്ണ് ചോക്കുന്നു
മൂക്ക് വിടർത്തുന്നു
പല്ലുറുമ്മി നിൽക്കുന്നു.

ടൗൺഹാളിൽ
ചന്തുവിനെക്കുറിച്ചുള്ള
സെമിനാറിൽ
ആരോമൽ
കുമ്പസരിക്കുന്നു:
ചന്തുവിന്റെ സിഗ്നലാണ്
കുത്തുവിളക്കല്ല
നമ്മളെ കാക്കുന്നത്.


വാക്കിന്റെ സീൽക്കാരം
എങ്ങും കേൾക്കയായി.

Sunday, January 26, 2014

ഇരുതലമൂർച്ചയുള്ള നിഴൽ






ക്ലാസ്സുമുറിയിൽ
കുറുകുന്നു
നിഴലുകൾ.

വീണ്ടും
തളിർക്കുമോ
ചുവടുകൾ..

ചീറ്റുമോ
ശ്വാസ്സം മുട്ടിയമർന്ന
വാക്കുകൾ ..

ഒച്ചവയ്ക്കുമോ
വിഷം കുടിച്ച
മൗനം

നിഴൽ നിവർത്തുമോ
ഫണം