Tuesday, August 30, 2011

സങ്കടങ്ങളുടെ തക്ബീര്‍





അല്ലാഹു അക്ബര്‍....
അല്ലാഹു അക്ബര്‍....
മഹാനായ ദൈവമേ....
മഹാനായ ദൈവമേ...
ഞങ്ങള്‍ കുമ്പിടുന്നേന്‍
ഞങ്ങളെ
വര്‍ഗീയവാദിയെന്നു വിളിക്കല്ലേ...
തീവ്രവാദിയെന്നു
കൈയ്യാമം വയ്ക്കല്ലേ....
ഭീകരവാദിയെന്നു
തോക്ക് ചൂണ്ടല്ലേ....
ഞങ്ങള്‍ തേടുന്നത് നിന്നെ മാത്രം..
നിന്നിലുടെ
പ്രപഞ്ചപ്പൊരുള്‍ തേടുന്നു.....
നീയാണെന്ന് ഭാവിച്ച്
ഒരുവന്‍ വന്നാല്‍
തെരുവില്‍ അഭയം തേടും.
തോളോടുതോള്‍ ചേര്‍ന്ന്
നമസ്കരിക്കും.
ഞങ്ങള്‍ പട്ടിണിയറിഞ്ഞത്
പടപ്പുകളെയറിയാന്‍..
കൈയ്യുയര്‍ത്തിയത്
സഹോദരങ്ങളെ കാണിച്ചുതരാന്‍.
സ്നേഹമാണ് സക്കാത്തായി നല്കിയത്.
പിറവിയിലും മൃത്യുവിലും
ദര്‍ശിക്കുന്നത് നിന്‍റെ മുഖം മാത്രം.
പക്ഷിയിലും പൂമ്പാറ്റയിലും
നിന്‍റെ നിശ്വാസം കേള്‍ക്കുന്നു.
സങ്കടങ്ങളുടെ തക്ബീര്‍
എല്ലായ്പ്പോഴും ഒഴുകുന്നു.
അല്ലാഹു അക്ബര്‍....
അല്ലാഹു അക്ബര്‍....


Monday, August 29, 2011

നാളെ...നാളെ




ഇന്നത്തെ അത്താഴം
നിന്റെ ഇറച്ചികൊണ്ട്...
നാളെ എന്റെ
രക്തമെടുത്തോളൂ....
ഇന്ന് നിന്റെ ഹ്യദയം
കടം തരണം.
നാളെ എന്റെ
കരളെടുത്തോളൂ....
വേഗമാവട്ടെ....
വേഗമാവട്ടെ....
നാളത്തെ പ്രഭാതം
നിന്റേതാണ്.....

Saturday, August 27, 2011

കഥയ മമ*




വെളുത്ത ചുവരിന്നു പുറത്തെ
ഇരുണ്ട തെരുവ്.
കടൽക്കുപ്പായവും
തിരത്തോർത്തുമിട്ട
വ്യദ്ധൻ.
അകത്തെത്തിനോക്കുന്ന
ഓറഞ്ചുനിറമരങ്ങൾ,
കാതു കൂർപ്പിച്ച
കുഞ്ഞുതലകൾ.
ഒരുവന്ന് ഇളം നീല കുപ്പായം
മറ്റവന്ന് കടും നീലക്കുപ്പയം
ഇരുട്ടിന്റെ നിറമുള്ളൊരുവൻ.
വായുവിൽ ചുറ്റുന്ന
വ്യദ്ധവിരലുകൾ :
കഥയ മമ..കഥയ മമ..


ഓറഞ്ചുനിറനാരികള്‍ക്കിപ്പുറം  
കാവി ഷാൾ പുതച്ച ഒരുവൾ.
തുഞ്ചന്റെ തത്തയുടെ
രൂപമാർന്നവൾ.
ഉരലിന്നു മുൻപിലെ ഉടൽ.
ചെമ്പിച്ച മൺകുടം.
ആവി വിസർജ്ജിക്കുന്ന
മൺച്ചട്ടി.
അടുപ്പിന്റെ മുറുമുറുപ്പ്:
കഥയ മമ....കഥയ മമ..
...............................................................

*അമൃത ഷേർ ഗില്‍ -ന്റെ
The  Ancient Story Teller
എന്ന ചിത്രം കണ്ടപ്പോൾ എഴുതിയത്

Monday, August 22, 2011

നടത്തം


എങ്ങോട്ട് പോകുമെന്നോര്‍ക്കുമ്പോള്‍
അസംഖ്യം വഴികള്‍ തെളിയുന്നൂ....
മുന്‍ഗാമികള്‍ നടന്നു തീര്‍ത്ത
വഴികള്‍ വീണ്ടുമളക്കണോ..?
കല്ലുകൾ കൂർത്തുനിൽക്കും വഴിയിൽ
കയറി വേദനിക്കണോ..? 
പ്യഷ്ടം ചീർത്ത തെങ്ങി-
നിടയിലൂടെ നൂഴണോ..? 
കൊയ്യാറായ കമ്പിക്കാലിന്‍
നിഴല്‍പറ്റണോ..?
ഒറ്റയാന്‍ നെൽച്ചെടിയെ
ചാടിക്കടക്കണോ....?
എന്തുതന്നെയായാലും 
നില്‍ക്കാനാവില്ലൊരിടത്തും.
നടത്തമാണ് ലക്‌ഷ്യം 
പാദമേ, പുറപ്പെടുക. ..

Saturday, August 6, 2011

മരുന്ന്





ഡോക്ടർ,
വിശക്കാതിരിക്കാൻ ഗുളികയുണ്ടോ..?
മാർക്കറ്റിൽ അലയണ്ടല്ലോ.......
നേരാന്നേരം കൊത്തിയരിഞ്ഞ്
പുഴുങ്ങണ്ടല്ലോ......
വായയ്ക്കും ഒരു വിശ്രമമാവുമല്ലോ..
ഡോക്ടർ,
ദാഹം തോന്നാതിരിക്കാൻ മരുന്നുണ്ടോ..?
കിണർ കുഴിക്കണ്ടല്ലോ......
പൈപ്പിന്ന് ചുവട്ടിൽ നിൽക്കണ്ടല്ലോ..
ബോട്ടിൽ കൊണ്ടുനടക്കണ്ടല്ലോ....
ഡോക്ടർ,
വികാരങ്ങളെ നിയന്ത്രിക്കാൻ
മരുന്നുണ്ടോ..?
സ്പർശിച്ച് രോഗങ്ങൾ
വരുത്തണ്ടല്ലോ....
ചുംബിച്ച് വായ്നാറ്റം
പകർത്തണ്ടല്ലോ....
ആലിംഗനമെന്ന അഭ്യാസം
ഒഴിവാക്കാമല്ലോ....
ഡോക്ടർ,
കാഴ്ച്ചയും കേൾവിയും
ഒഴിവാക്കാൻ മരുന്നുണ്ടോ..
മരങ്ങളെ കാണണ്ടല്ലോ....
പക്ഷികളെ കേൾക്കണ്ടല്ലോ..
വെയിലും മഴയുമേൽക്കണ്ടല്ലോ..
ഡോക്ടർ,
സ് നേഹമുറയാതിരിക്കാൻ
മരുന്നുണ്ടോ.....
വർത്തമാനം പറയേണ്ടല്ലോ..
ചിരിക്കണ്ടല്ലോ..
കരയേണ്ടല്ലോ..
എനിക്കീ സ്വന്തം ശരീരം മതി.
ഒരു ഗുളിക തരൂ ,ഡോക്ടർ......