Tuesday, August 28, 2012

അവനവൻ



ഓർമ്മയുണ്ടോ ഈ മുഖം..?
ഞാൻ തിരിഞ്ഞുനോക്കി.
സുരേഷ്ഗോപിയല്ല.
സുരാജ് വെഞ്ഞാറമൂടല്ല.
സാജു കൊമേഡിയനല്ല.
പുതുമിമിക്രിക്കാരാരുമല്ല.
സ്ക്രീനിലുംപൊതുസ്ഥലത്തും ഞാനിതുവരെ കണ്ടിട്ടില്ലാത്ത ഒരുവൻ.
കുറേനേരമായി അവൻ എന്റെ പിറകെ കൂടിയിരിക്കുകയാണ്.
ഇത് മഴക്കാലമാണ്. അകത്തും പുറത്തും തണുപ്പാണ്.
ഞാൻ വേഗത്തിൽ നടന്നു.
ചുവന്ന മഴവെള്ളം എന്റെ കാലടികളെ തഴുകി.
കുത്തിയൊലിച്ചുവരുന്ന വേനൽക്കാലശേഷിപ്പ്.
മരം വേർപ്പെട്ട ചുള്ളിക്കമ്പുകൾ…
ഇലകളുടെ ജഢങ്ങൾ……
മണ്ണിൽ ചത്തടിഞ്ഞ പ്രാണികൾ…
കടൽപ്പൂഴിയുടെ നാട്ടുസഞ്ചാരം…..
അസ്തിത്വം നഷ്ടപ്പെട്ട വേരുകൾ...
അളിഞ്ഞ മൺപുറ്റുകൾ.-എല്ലാം കാലടികളെ തഴുകുന്നു.
ഓർമ്മയുടെ നിറമല്ല,മറവിയുടെ ഇരുട്ടാണ് മഴക്കാലം.
ഞാൻ ഇടയ്ക്ക് തിരിഞ്ഞു നോക്കി.
അവൻ പിറകിൽത്തന്നെയുണ്ട്.
“സുഹൃത്തേ,..”
അവന്റെ വിളിയാണോ..?നേർത്ത, അമർത്തിയ,വ്യക്തതയില്ലാത്ത ഒരു കമ്പനം മാത്രമായിരുന്നു അത്.
ഞാൻ നടത്തം പതുക്കെയാക്കി.
അവൻ എന്നെ കടന്നുപോകുന്നെങ്കിൽ പോകട്ടെ.പരിചയമുള്ള ഒരാളാണെങ്കിൽ ഒരു നിഴലായി എന്നെ പിന്തുടരുകയല്ല അവൻ വേണ്ടത്.എന്റെ മുൻപിൽ നടക്കണം. അവനാൽ ഞാൻ നയിക്കപ്പെടുന്നതിൽ എനിക്ക് വിരോധമില്ല. അവനായിരിക്കും ചിലപ്പോൾ ഓർമ്മകളുടെ വേനൽക്കാലത്തിൽ സഞ്ചരിക്കുന്നത്. ദൈനംദിനത്തിരക്കുകളിൽ ഞാൻ അവനെ മറന്നതാകാം.
അവൻ മുന്നിലെത്താഞ്ഞപ്പോൾ ഞാൻ വീണ്ടും തിരിഞ്ഞുനോക്കി.അവനും നടത്തതിന്റെ വേഗത കുറച്ചിരിക്കുകയാണിപ്പോൾ..!
ഇതെന്തൊരു ശല്ല്യം..!
ഇനി അവനെന്റെ ശത്രുവാണോ..? എന്നെ ആക്രമിക്കാനാണോ അവന്റെ പുറപ്പാട്..?അങ്ങനെ തോന്നുന്നുമില്ല. അവന്റെ കൈകാലുകൾക്ക് നടത്തത്തിന്റെ താളം മാത്രമേയുള്ളൂ..അവനെ കണ്ടാൽ ഒരക്രമിയാണെന്ന് തോന്നുകയേയില്ല.
പക്ഷേ നോട്ടം തീക്ഷ്ണമാണ്.അത് എന്റെ കണ്ണ് തുരന്ന് ,മുഖം തുരന്ന്,തൊണ്ട പിളർന്ന് ഹൃദയം പരിശോധിക്കുന്നുണ്ട്.എന്റെ ഉൾഞരമ്പുകളിൽ തൊട്ടുനോക്കുന്നുണ്ട്. എന്റെ ചോരയിൽ കൈകളാഴ്ത്തുന്നുണ്ട്.
“സുഹൃത്തേ,”
വീണ്ടും അവന്റെ വിളി വിദൂരതയിൽനിന്നോണം ഒഴുകിവരുന്നു.അടഞ്ഞ ഒച്ച.അനേകം തടിച്ച കതകുകൾക്കപ്പുറത്തുനിന്നും വരുന്നു.പക്ഷേ അതെന്റെ ശരീരത്തെ ഉലയ്ക്കുന്നുണ്ട് .ത്വക്കിൽ നിരന്തരമായ ഓളങ്ങൾ സൃഷ്ടിക്കുന്നുണ്ട്.
അവന്ന് എന്നോടെന്താണ് ചോദിക്കുവാനുള്ളത്..?
കാശാണോ..?അക്ഷരവിദ്യയാണോ..?
പുതിയ പുസ്തകമാണോ..?
ഭക്ഷണമാണോ..? വസ്ത്രമാണോ..?
നിനക്കെന്താ വേണ്ടത്..? ‌-ഞാൻ പതുക്കെ ചോദിച്ചു.
അവൻ ചുണ്ട് വക്രിച്ച് എന്തോ പറഞ്ഞു.വീണ്ടും ഒച്ചയുടെ കമ്പനം മാത്രം. എനിക്കൊന്നും മനസ്സിലായില്ല.ഞാൻ ദേഷ്യത്തോടെ ചോദിച്ചു.:
എന്റെ കൈകാലുകളാണോ നിങ്ങൾക്കു വേണ്ടത്..?എന്റെ മാംസമാണോ..? എന്റെ ഹൃദയമാണോ..?
അതിന്നും മറുപടിയൊന്നും വന്നില്ല..പകരം ആ ദേഹം
എന്നോട് കുറച്ചുകൂടെ ചേർന്നു നടന്നു.
“ഇറച്ചിയും വെള്ളവും ശ്വാസവുമല്ലാതെ മറ്റെന്താണ് ഞാൻ. അതു വേണമെങ്കിൽ തരാം. എന്റെ പിറകിൽ നിന്ന് മാറിനടക്കൂ..” 
ഞാൻ യാചനാസ്വരത്തിൽ അപേക്ഷിച്ചു.
മറുപടി ഒരു പൊട്ടിച്ചിരിയാണെന്നു തോന്നി.വികൃതമായ ചിരിയുടെ അലകൾ വൈദ്യുതാഘാതം പോലെ എന്റെ ദേഹത്ത് പ്രവഹിക്കാൻ തുടങ്ങി..അവൻ എന്റെ കാതിൽ മന്ത്രിക്കുന്നതു പോലെയും തോന്നി:”നീ വെറും മംസവും വെള്ളവും ശ്വാസവും മാത്രമല്ലെടാ..ഞാൻ കൂടിയാണെടാ..ങ്ഹൂം..നടക്കെടാ…”
അതൊരജ്ഞാസ്വരമായിരുന്നു.ഞാൻ തിരിഞ്ഞുനോക്കാൻ ഭയപ്പെട്ടു.
എന്റെ കഴുത്തിൽ നിശ്വാസത്തിന്റെ പൊള്ളലേൽപ്പിച്ചുകൊണ്ട് ഇപ്പോഴും അവനെന്റെ കൂടെ നടക്കുകയാണ്.
അവനെ ഒഴിവാക്കാനെന്താണൊരു വഴി..?
ആരെങ്കിലും ഒന്ന് പറഞ്ഞുതരൂ…...