Thursday, April 14, 2011

കണി





ല വീടുകളില്‍ നിന്നുവന്ന്
പ്ലാസ്റ്റിക്ക്കൂടിനുള്ളില്‍
ഒത്തുചേര്‍ന്ന
ഉണ്ണിയപ്പങ്ങളിലൊന്ന്
പറഞ്ഞു:
ഉണ്ണിമോള്‍ എന്നെ
വീട്ടീന്നു പുറത്താക്കിയതാണ്.
രാവിലെ മുതല്‍ അവള്‍ക്ക്
തിരക്കായിരുന്നു.
ഓട്ടുരുളിയിലെ ഫലക്കണിക്കണ്ട്,
ഉണ്ണിക്കണ്ണനെക്കണ്ട്
നേരം കളഞ്ഞതല്ല.
അമ്മമ്മ കൈവെള്ളയില്‍
വെച്ചുകൊടുത്ത നാണയത്തുട്ടിനെ
ഓമനിച്ചല്ല.
ഉടുപ്പിന്റെ വര്‍ണ്ണവിസ്മയങ്ങളില്‍
കണ്ണുമേയ്യിച്ചല്ല.
കൊച്ചനിയനെ വിരലില്‍ തൂക്കി
അടുത്ത വീട്ടില്‍ പോയതല്ല.
രാവിലെ മുതല്‍
ചെവിയ്ക്കല്‍ തിരുകിയ സെല്ലില്‍
യെസ്സ്,നോ,ഹായ് ഡാ 
ര്‍ക്കിക്കയായിരുന്നു.
എന്നെയൊന്ന് രുചിച്ചുനോക്ക്
എന്നു പറഞ്ഞതിനാണ്
ഇറക്കിവിട്ടത്.

മറ്റൊരുണ്ണിയപ്പം പറഞ്ഞു:
ചൈനീസ്സ്പ്പടക്കങ്ങളുടെ
പിറുപിറുപ്പ് കേട്ടുമടുത്താണ്
ഞാനിറങ്ങിപ്പോന്നത്.
കഴിഞ്ഞകൊല്ലംവരെ
നാട്ടുപടക്കങ്ങള്‍ എന്നോട്
മുഴക്കത്തോടെ സംസാരിച്ചിരുന്നു.
ഉടുപ്പ് നന്നായിട്ടുണ്ട്
എന്നു പ്രശംസിച്ചിരുന്നു.
ഞാന്‍ കൊടുത്ത മധുരം
നുണഞ്ഞിരുന്നു.
അധികനേരം എണ്ണയില്‍ക്കിടന്ന്
കറുക്കല്ലേ എന്ന്  ശാസിച്ചിരുന്നു.
നിറന്ന് ചിരിച്ചിരുന്നു.
ഇതിപ്പോള്‍ മുറുമുറുപ്പ് മാത്രം.

മറ്റൊരുണ്ണിയപ്പം പറഞ്ഞു:
ഫ്രിഡ്ജില്‍നിന്നാണു
ഞാന്‍ വരുന്നത്.
കഴിഞ്ഞാഴ്ച്ച
ചേച്ചിയുണ്ടാക്കിവെച്ച്
പോയതാണെന്നെ.
വീട്ടിലുള്ള ചേട്ടന്‍
പലപ്രാവശ്യം ഫ്രിഡ്ജ്
തുറന്നതാണ്.
എന്നെ കൊണ്ടുപോകുമെന്ന്
ഞാന്‍  കൊതിച്ചു.
ഫ്രീസറിലെ
അലിവുള്ള ചങ്ങാതിയെ
പലവട്ടം കൊണ്ടുപോയി.
കുടവയറുള്ള ബോട്ടില്‍ച്ചേട്ടനെ
പലവട്ടം സേവിച്ചു.
എന്നെമാത്രം..എന്നെമാത്രം...
ശീതം വന്ന് പനിപിടിക്കുമെന്ന്
തോന്നിയപ്പോഴാണിറങ്ങിയത്....

ഇതെല്ലാം കേട്ട്
മാങ്കൊമ്പിലിരുന്നൊരു കാക്ക
ഉണ്ണിയപ്പങ്ങളെ
കണികാണാനെത്തി.
................................

1 comment:

  1. ഉണ്ണിയപ്പങ്ങളുടെ ഗതികേട്...

    ReplyDelete