Wednesday, February 12, 2014

വടക്കൻ-തെക്കൻ പാട്ട്






ചരിത്രത്തിൽ നിന്നും
പുറത്താക്കപ്പെട്ട്
കറങ്ങിത്തിരിഞ്ഞ്
ചന്തു
ട്രാഫിക്ക് ജംങ്ഷനിൽ.
ചുവപ്പും പച്ചയും
മാറിമാറി പയറ്റുന്നു.
ഇടതുവലതു കൈകൾ
പരസ്പരം കോർത്ത്.

റോഡിൽ
ഒരുണ്ണിയാർച്ച
നോട്ടച്ചുരികയ്ക്കൊരു
പരിച തിരയുന്നു.
ഒരു നേർപെങ്ങൾ
റോഡിന്നോരം
കടകം ഓതിരം മറിയുന്നു.
വീണുകിടക്കുന്ന
ഉടൽ വാൾ
വീശാനാകാതെ
ഒരുവൾ

ചന്തു
മുഖം ചുഴറ്റുന്നു
കണ്ണ് ചോക്കുന്നു
മൂക്ക് വിടർത്തുന്നു
പല്ലുറുമ്മി നിൽക്കുന്നു.

ടൗൺഹാളിൽ
ചന്തുവിനെക്കുറിച്ചുള്ള
സെമിനാറിൽ
ആരോമൽ
കുമ്പസരിക്കുന്നു:
ചന്തുവിന്റെ സിഗ്നലാണ്
കുത്തുവിളക്കല്ല
നമ്മളെ കാക്കുന്നത്.


വാക്കിന്റെ സീൽക്കാരം
എങ്ങും കേൾക്കയായി.