Saturday, July 16, 2011

ശബ്ദങ്ങൾമഴ
ഉണക്കോലകളിൽ
ഇറികിപ്പിടിച്ചൂർന്നുപോകുന്നു.
ഓട്ടുചെരിവിൽ ചെന്ന്
വഴുതിയിറങ്ങുന്നു.
സിമന്റുപ്രതലത്തിൽ നിന്ന്
കുഴലിലൂടെ ഭ്ഹൂം...

അലക്കുകല്ലിൽ തലതല്ലി-
ക്കരയുന്നു പഴന്തുണികൾ.
പുതുതുണികൾ
വാഷിങ്ങ്മെഷീനിൽ
കറങ്ങിക്കറങ്ങി
കോട്ടുവായിടുന്നു.

കൊയ്ത്തുപ്പാട്ടുകൾ
ചീവിടുകളെ തേടിയെത്തി.
നെന്മണികളെ തഴുകിയ കാറ്റ്
റോഡിലൂടെ
ടയറിലുരഞ്ഞുപായുന്നു.

ഇലത്തുമ്പിൽ നിന്ന്
താഴേക്ക് ചാടുന്ന നീർക്കരച്ചിൽ
ഒരു അടയ്ക്കാക്കുരുവി
ച്യൂവീ പീകീ പറക്കുന്നു..
ഒരു ചുറ്റിക
മരത്തെ തല്ലുന്നു..
ചുവരിലെ പല്ലി
അമറുന്നു.
കമ്പ്യൂട്ടർ
മുരളുന്നു.

ചതുരപ്പെട്ടിയിൽ നിന്ന്
ഇടവേളകളില്ലാതെ
പുറത്തു ചാടുന്നു വേതാളങ്ങൾ

പുലർച്ചെ പുറപ്പെട്ട
ഒരു നാട്ടുകോഴി
ഉച്ചനേരത്തോടെ
വാതിലിൽ മുട്ടുന്നു..

1 comment:

  1. പുലർച്ചെ പുറപ്പെട്ട
    ഒരു നാട്ടുകോഴി
    ഉച്ചനേരത്തോടെ
    വാതിലിൽ മുട്ടുന്നു..

    ReplyDelete