‘ഹാജർ നില ഗുരുതരമാണെടോ......’
ടീച്ചർ നിലവിളിച്ചനേരം
ചുവർ പ്രതിവചിച്ചു:
ഒരു കുട്ടി വരാഞ്ഞത് മടിച്ചിട്ടല്ല.
വഴിയിൽ നേരം കളഞ്ഞതല്ല.
ക്ലാസ്സ് കട്ട് ചെയ്ത് സിനിമയ്ക്ക് പോയതല്ല.
പുസ്തകബാഗും തോളിലിട്ട്
അവൻ വീട്ടിൽനിന്നിറങ്ങിയതാണ്.
സ്കൂളിലേക്ക് നടന്നപ്പോൾ പാടത്തെത്തി.
തിരിച്ചുനടന്നപ്പോൾ തെരുവിലെത്തി.
നേരെ നടന്നപ്പോൾ കടൽക്കരയിലെത്തി.
ഇപ്പോഴും അവൻ വഴിതെറ്റി നടക്കുകയാണ്....
ഒരു സ്വപ്നാടകൻ വരാഞ്ഞത്
സ്വപ്നം അവനെ റാഞ്ചിയതുകൊണ്ടല്ല.
ഇന്നലെ രാത്രി അവൻ സ്വപ്നം കണ്ടതേയില്ല.
രാവിലെ അമ്മ ചൂലുകൊണ്ട്
പീളകെട്ടിയ സ്വപ്നത്തെ
അടിച്ചുവാരിക്കളഞ്ഞതാണ്.
അച്ഛൻ തൂവാലകൊണ്ട്
സ്വപ്നത്തെ തുവർത്തിക്കളഞ്ഞതാണ്.
സ്കൂൾവണ്ടിയിൽ കയറ്റിവിട്ടതാണ്.
മരണത്തിലേക്കോ
ജീവിതത്തിലേക്കോ
അവൻ ഇറങ്ങിപ്പോയത്..?
ഒരുത്തി വരാഞ്ഞത്
പനിയായതു കൊണ്ടല്ല.
അടുക്കളയിൽ അമ്മയൊടൊപ്പം
സ്വയം കത്തിയമർന്നതല്ല.
ദേഹത്തെ കുളിപ്പിച്ച്
മുടി കോതിയൊതുക്കാൻ
ഒന്നു പൊട്ടുതൊടാൻ
കണ്ണാടിയുടെ മുൻപിൽ നിന്നതാണ്.
മാജിക്കിലെന്ന പോലെ
അപ്രത്യക്ഷയാവുകയായിരുന്നു.
ഈ നില തുടർന്നാൽ
വിദ്യാലയം പൂട്ടുമെടോ..........!
ടീച്ചർ നിലവിളിച്ചു.
വിജനമായ ക്ലാസ്സുമുറിയിലിരുന്നൊരു പല്ലി
‘ശബ്ദിക്കുന്ന കലപ്പ‘യിൽനിന്നെന്നപോലെ ചിലച്ചു.
നന്നായി ആവിഷ്കരിച്ചിരിക്കുന്നു. ഒന്നാം ഖണ്ടത്തെ ആശയത്തിലെന്നപോലെ ഘടനയിലും തുടര്‍ന്നെങ്കില്‍ രണ്ടും മൂന്നും ഖണ്ഡങ്ങള്‍ കൂടുതല്‍ നന്നാവുമായിരുന്നോ? അഭിനന്ദനങ്ങള്‍ .
ReplyDelete