Saturday, November 8, 2014

നിഴൽ


വളർന്ന് കൂർത്താലും ഉയർന്നുനിൽക്കുകയില്ല
എപ്പോഴും കാൽച്ചുവട്ടിൽ കുറുകാനാണാഗ്രഹം
ചിലപ്പോൾ വക്കുകൾ നിയതമാക്കാതെ ചാഞ്ഞും ചെരിഞ്ഞും ഏങ്കോണിച്ചും നോക്കും
ആരെങ്കിലും കണ്ടാൽ വഴുതിയിറങ്ങും
ചിലനേരം മുറ്റത്തും തൊടിയിലും കാൽപ്പനികമായ പടവുകൾ സൃഷ്ടിക്കും.
വെട്ടം കാണുമ്പോൾ ഭയന്നൊളിക്കും

ആഗ്രഹമുണ്ട്, ഓടിച്ചാടിക്കളിക്കാൻ ഉടുത്തൊരുങ്ങാൻ വെയിലത്തുനിൽക്കാൻ... തെരുവിലൂടെ നടക്കാൻ വാഹനമോടിക്കാൻ ഒറ്റയ്ക്ക് സിനിമ കാണാൻ പോകാൻ വീടിനോട് ടാറ്റാ പറയാൻ.....

തലയുയർത്തുമ്പോൾ സൂര്യൻ ചൂലുമായി നിൽക്കുന്നു...
മരങ്ങൾ വഴി തടയുന്നു..... ചീവീടുകൾ ആർപ്പുവിളിക്കുന്നു

രാത്രിയിൽ കുഞ്ഞുങ്ങളെ കാണാൻ പാത്തും പതുങ്ങിയും നിൽക്കണം
അവർ വന്നാൽ പേടിക്കുമെന്ന് പേടിച്ച് പിന്തിരിയണം...
എത്രകാലം ഈ ഒളിവുജീവിതം.... ?

Saturday, November 1, 2014

             കണ്ണുരോഗം                        
           
കാണുന്നോർ
കണ്ണടച്ചാട്ടുന്നു:
മാറിപ്പോ..
മാറിപ്പോ...
തുറക്കാൻ വയ്യ
അടക്കാൻ വയ്യ
ചെരിക്കാൻ വയ്യ
ഉയർത്താൻ വയ്യ
കണ്മുമ്പിലെങ്ങും
ചോപ്പ് വ്യാപിക്കുന്നൂ..
കണ്ണീരിന്നുപകരം
ഒലിക്കുന്നൂ..ലാവ
വിങ്ങും അകിടല്ലിത്
വീശും വാളിത്....
വഴികാട്ടും വെളിച്ചമല്ല
ഇഴയുന്ന സർപ്പമിത്.
നിറങ്ങൾ ചിറകടിക്കുന്നില്ല
കൃഷ്ണമണി തുളയ്ക്കും കഴുകൻ
മങ്ങുന്നൂ..സ്വീകരണമുറികൾ,റോഡുകൾ,
ഓഫീസ്സ് മുറികൾ,സൂപ്പർമാർക്കറ്റുകൾ,സ്റ്റേഷനുകൾ...
കത്തുന്നൂ..മൊബൈൽ നെറ്റും കമ്പ്യൂട്ടറും,ടീവിയും.
എവിടെയുമുറയ്ക്കുന്നില്ല നോട്ടം
എല്ലാം കറങ്ങുന്നു തലച്ചോറിൽ...
കൺപ്പിലികൾ പറിച്ചുകളഞ്ഞാലോ..
കൺവസ്ത്രം ഉരിഞ്ഞുകളഞ്ഞാലോ..
കൺക്യാമറ റിപ്പയർ ചെയ്യാനാമോ....
തെളിയുമോ ദൃശ്യങ്ങൾ പഴയപടി....

Monday, May 19, 2014

ചാട്ടം





കൊമ്പിൽ നിന്ന്
കൊമ്പിലേക്ക്….
ആടിക്കളിക്കെടാ..
ചാടിക്കളിക്കെടാ..

ദേഹം വളച്ച്
മുഖം ചുഴറ്റി
മൂക്ക് ചുളിച്ച്
നാവു നീട്ടി
ചന്ദ്രനെ കാണുന്നു.
സൂര്യനെ കൊതിക്കുന്നു

ഇലപ്പച്ചയിൽ
കണ്ണുകൊരുക്കുന്നു
നിഴൽച്ചോപ്പിൽ
കണ്ണടയ്ക്കുന്നു

പിന്നോട്ടെടുക്കുമ്പോൾ
മുൻപോട്ടെടുക്കുന്നു
മുൻപോട്ടെടുമ്പോൾ
പിന്നോട്ടെടുക്കുന്നു

ആടിക്കളിക്കെടാ..
ചാടിക്കളിക്കെടാ..

Thursday, May 8, 2014

റിയർവ്യൂ മിറർ



                    
                                         മിനിക്കഥ

    ഒരു വിവാഹിതൻ ഭാര്യയെ പിറകിലിരുത്തി സ്കൂട്ടറോടിക്കുമ്പോൾ ഇടയ്ക്കിടെ റിയർ വ്യൂ മിററിൽ നോക്കുന്നതെന്തിനാണ്.?. ഭാര്യ പിറകിൽ നിന്ന് വീഴുമോ എന്നാണോ അയാളുടെ പേടി..? അതോ പിറകിലെ വാഹനങ്ങൾ ഭാര്യയെ ഇടിച്ചുവീഴ്ത്താൻ സാധ്യതയുണ്ടോ എന്ന ചിന്തയാണോ..?
  അയാൾ റിയർ വ്യൂ മിററിൽ കാണുന്നതെന്തെല്ലാമാണെന്ന് നമുക്ക് നോക്കാം.തന്റെ വണ്ടിയുടെ പിറകെ വരുന്ന കാറുകൾ -ഇടയ്ക്കിടെ ഹോണടിച്ച് ഓവർടേക്കുചെയ്യാൻ കാത്തുനിൽക്കുന്നവ.അയാളെ മൈന്റുചെയ്യാതെ വശത്തൂടെ  ചീറിപ്പാഞ്ഞുപോകുന്ന ബസ്സുകൾ.-അതിനുള്ളിലെ  കീഴോട്ട് എത്തിനോക്കുന്ന, അയാളെയും ഭാര്യയെയും ടോപ്പ് ആംഗിളിൽ നിന്നു കാണുന്ന യാത്രികർ. ഇടയ്ക്കിടെ ഹോണടിച്ച് ശല്ല്യം ചെയ്യുന്ന ലോറിഡൈവർ .അയാളോടൊപ്പമെത്താൻ മൽസ്സരിക്കുന്ന ചെറുപ്പക്കാരായ ടൂവീലറുകാർ, അയളോടൊപ്പമെത്താനാവാതെ തലകുമ്പിട്ട് സൈക്കിളോടിക്കുന്നവർ. അയാളെ പകയോടെ നോക്കി ശപിക്കുന്ന കാൽനടക്കാർ ,പിന്നോട്ട് പോകുന്ന വഴിവാണിഭക്കാർ, കടകളുടെ ബോർഡുകൾ. ചെറുതായിച്ചെറുതായി  അപ്രത്യക്ഷ മാകുന്ന പാർക്കുചെയ്ത വാഹനങ്ങൾ .ഒരു ട്രാഫിക്ക് പോലീസ്സുകാരന്റെ തുറിച്ചനോട്ടം.-ഏകദേശം ഇത്രയൊക്കെയാണ് അയാൾ കാണാൻ സാധ്യത.
  ഇനി അയാളുടെ കാഴ്ച്ചയുടെ യഥാർഥ വസ്തുത എന്തെന്ന്  പരിശോധിക്കാം . എന്താ യാലും  റിയർവ്യൂ മിററിലൂടെ   അയാൾ കാണുന്നത്  വസ്തുവിന്റെ യഥാർഥ വലിപ്പമല്ല. അവ നന്നെ ചെറുതും ഏങ്കോണിച്ചവയുമാണ്. കണ്ണാടിയുടെ ചെരിവിനനുസൃതമായി വസ്തു ദൂരെയോ അടുത്തോ ആകാം.അത് ഒരു മായക്കാഴ്ച്ചയാണ്. ചിലവ മിററിൽ പ്രത്യക്ഷപ്പെട്ടെന്നു തന്നെവരില്ല.
  മറ്റൊരു പ്രശ്നം കൂടിയുണ്ട്. ഭർത്താവ്   മിററിന്റെ എല്ലാ പ്രതലത്തിലും കാണാവുന്ന തരത്തിൽ കഴുത്ത് പാകപ്പെടുത്തിവെച്ചാലും  ബിൽഡിങ്ങിന്റെ  മുകളിലുള്ളവരെയോ                                       കണ്ണാടിയുടെ പരിധിക്ക് പുറത്തുള്ളവരെയോ കാണാനാവുകയില്ല. ചുരുക്കത്തിൽ സ്കൂട്ടറോടിക്കുമ്പോൾ അയാളുടേത് വികൃതവും വിരൂപവും ഭാഗികവുമായ കാഴ്ച്ച മാത്രമാണ്. അതയാൾ തിരിച്ചറിയുന്നുമുണ്ട്. എങ്കിലും ഉത്കണ്ഠയോടെ അയാൾ റിയർവ്യൂ മിററിൽ വിശ്വാസമർപ്പിച്ചിരിക്കുകയാണ്. അതുകൊണ്ടാണ് വലിയ അപകടമൊന്നുമില്ലാതെ അയാൾക്ക് ഭാര്യയെയും കൊണ്ട് യാത്ര ചെയ്യാനാവുന്നത്.

Tuesday, May 6, 2014

വിശ്വസാഹിത്യം






“കഥയെഴുത്തിന്റെ  രഹസ്യങ്ങൾ പറഞ്ഞുതരാമോ..?”
സാഹിത്യവിദ്യാർഥി വിശ്വസാഹിത്യകാരനോട് ചോദിച്ചു.
വിശ്വസാഹിത്യകാരൻ ചാരുകസാരയിൽ ആഞ്ഞിരുന്ന് രു സിഗരറ്റിന് തീ കൊളുത്തി. സിഗരറ്റിലെ തീ നിറന്നുപൊലിയുമ്പോൾ സാഹിത്യകാരന്റെ കവിൾ ബലൂൺ പോലെ വീർക്കുകയും അയയുകയും ചെയ്തു.
സാഹിത്യവിദ്യാർഥി അക്ഷമയോടെ അത് നോക്കിനിന്നു. അയാളുടെ വീർത്ത കവിളിൽ നിന്ന് ഒരു മഹദ്വചനം ഒരു ഫ്ലാഷ് ന്യൂസ്സായി അഴിഞ്ഞുവരുന്നത് അവൻ ഭാവനയിൽ കണ്ടു.
 “എന്താ ജോലി..?”
സാഹിത്യകാരൻ ചോദിച്ചു
“ജോലിയൊന്നുമില്ല”
സാഹിത്യവിദ്യാർഥി ഭവ്യതയോടെ പറഞ്ഞു.
“കഥയെഴുത്ത് ജോലിയാക്കാനാണോ പരിപാടി..?”
വിശ്വസാഹിത്യകാരൻ പഴയ വീടിന്റെ കഴുക്കോലിൽ  നോക്കിക്കൊണ്ട് ചോദിച്ചു അയാളോന്നും മിണ്ടിയില്ല.
സാഹിത്യകാരൻ പാതി വലിച്ചു കുടിച്ച് സിഗരറ്റ് നിലത്തിട്ട് കാലുകൊണ്ട് ചതച്ചരച്ചു. പറഞ്ഞു.:”ഈ സിഗരറ്റ് വലിയിലാണ് എന്റെ സൃഷ്ടിരഹസ്യം.അതുകൊണ്ട് പുകവലി ശീലിക്കണം.എന്നിട്ട് എഴുതാനിരിക്കൂ..”
“സാർ, പുകവലി ആരോഗ്യത്തിന് ഹാനികരമല്ലേ..?
സാഹിത്യവിദ്യാർഥി ഭവ്യതയോടെ ആരാഞ്ഞു.
“ഗെറ്റൗട്ട്..എനക്ക് തൂറാൻ മുട്ടുന്നു. അപ്പൊ പിന്നെ കാണാം..”
വിശ്വസാഹിത്യകാരൻ പർവ്വതം പോലെ എഴുന്നേറ്റു നിന്നു.

Sunday, April 13, 2014

ജലശകാരം







ഞാൻ പൈപ്പു തുറക്കുമ്പോൾ
വെള്ളം എന്നെ ശകാരിക്കുന്നു:
നിന്നടിമയല്ല,ന്തകനാണു ഞാൻ.
നീ വിളിക്കുന്നേടത്തേക്കിനി ഞാൻ വരുകില്ല.
നിന്റെ കാലടികളെ തഴുകില്ല.
നിന്റെ മെയ്യഭ്യാസത്തിന്നു വഴങ്ങില്ല.
നിന്റെ മൂർധാവിലേക്ക് ചാടില്ല.
ഇനിമേൽ
നിന്റെ അണ്ണാൻചാട്ടത്തിന്നകമ്പടിയില്ല.
നിന്റെ കണ്ണിലെ രക്തത്തെ നനയ്ക്കുകില്ല.
തകർക്കും ഞാൻ നിന്റെ തടവുവഴികളെ
കുടിച്ചുവറ്റിക്കും നിന്റെ ദേഹത്തെ.

Wednesday, February 12, 2014

വടക്കൻ-തെക്കൻ പാട്ട്






ചരിത്രത്തിൽ നിന്നും
പുറത്താക്കപ്പെട്ട്
കറങ്ങിത്തിരിഞ്ഞ്
ചന്തു
ട്രാഫിക്ക് ജംങ്ഷനിൽ.
ചുവപ്പും പച്ചയും
മാറിമാറി പയറ്റുന്നു.
ഇടതുവലതു കൈകൾ
പരസ്പരം കോർത്ത്.

റോഡിൽ
ഒരുണ്ണിയാർച്ച
നോട്ടച്ചുരികയ്ക്കൊരു
പരിച തിരയുന്നു.
ഒരു നേർപെങ്ങൾ
റോഡിന്നോരം
കടകം ഓതിരം മറിയുന്നു.
വീണുകിടക്കുന്ന
ഉടൽ വാൾ
വീശാനാകാതെ
ഒരുവൾ

ചന്തു
മുഖം ചുഴറ്റുന്നു
കണ്ണ് ചോക്കുന്നു
മൂക്ക് വിടർത്തുന്നു
പല്ലുറുമ്മി നിൽക്കുന്നു.

ടൗൺഹാളിൽ
ചന്തുവിനെക്കുറിച്ചുള്ള
സെമിനാറിൽ
ആരോമൽ
കുമ്പസരിക്കുന്നു:
ചന്തുവിന്റെ സിഗ്നലാണ്
കുത്തുവിളക്കല്ല
നമ്മളെ കാക്കുന്നത്.


വാക്കിന്റെ സീൽക്കാരം
എങ്ങും കേൾക്കയായി.

Sunday, January 26, 2014

ഇരുതലമൂർച്ചയുള്ള നിഴൽ






ക്ലാസ്സുമുറിയിൽ
കുറുകുന്നു
നിഴലുകൾ.

വീണ്ടും
തളിർക്കുമോ
ചുവടുകൾ..

ചീറ്റുമോ
ശ്വാസ്സം മുട്ടിയമർന്ന
വാക്കുകൾ ..

ഒച്ചവയ്ക്കുമോ
വിഷം കുടിച്ച
മൗനം

നിഴൽ നിവർത്തുമോ
ഫണം

Sunday, November 24, 2013

വിജനം






കാലേൽ പിടിച്ചുവലിച്ച നടവഴികളേ
ശ്വാസമളന്ന ദിക്കുകളേ.
വേർപ്പ് പിടിച്ചെടുത്ത കാറ്റേ..
ഇനിയുമോർമ്മയില്ലേയിദ്ദേഹത്തെ

ഇടവഴി തോണ്ടിയ റോഡേ
ഒരു പൂച്ച പോലും കുറുകേ ചാടുന്നില്ലല്ലോ..
തെരുവുപട്ടികളെവിടെ..?
മീൻകാരൻ മമ്മതിന്റെ സൈക്കിൾ
കോരേട്ടന്റെ പശു
വേലായുധന്റെ തെയ്യക്കോലം..
എല്ലാരും പോയ്ക്കഴിഞ്ഞോ..?

Thursday, September 19, 2013

കണ്ണാടിയും നിഴലും




ഏതോ
വിജനമാം വീഥിയിൽ.
നിഴലില്ലാതെ
മൂളിപ്പാട്ടില്ലാതെ
പ്രതിധ്വനിയില്ലാതെ ഞാൻ ….

വഴിയിലെ കാല്പാടുകൾ
മാഞ്ഞുപോയി.
മകുടിയൂതുന്നത്
കേൾക്കാതായി.
കാൽ വേദനിച്ചത്
അറിയാതെയായി
സൗഹൃദനോട്ടമില്ല
പതിനായിരത്തെട്ട്
വേഷമില്ല
പല്ലും നഖവും
വളരുകില്ല.

ഇനിയെനിക്ക്
കണ്ണാടിയിൽ
നോക്കേണ്ട.


ഇന്റേണൽ ഇഞ്ച്വറി


       
            കഥ                   ടി പി സക്കറിയ

      ആശുപത്രിയുടെ നെറ്റിയിൽ  ഓറിയോൺ നക്ഷത്രഗണത്തിന്റെ അരയിലെ ബെൽറ്റുപോലെ ബൾബുകൾ ഉയർന്നുനിന്നിരുന്നു. ഞങ്ങൾ-ഞാനും മാത്യുമാഷും- കോമ്പൗണ്ടിന്നു മുൻപിൽ ഓട്ടോയിറങ്ങി. ആശുപത്രിയിലേക്ക് കയറുമ്പോൾ മാത്യുമാഷ് ഓർമ്മിപ്പിച്ചു:
   “സിബീ,ഒര് കരുതല് വേണം .അവനെന്തുപറഞ്ഞാലും പ്രതികരിക്കരുത്. ഒരു രോഗിയെന്ന പരിഗണന കൊടുത്തേപറ്റൂ…”
    ഞാൻ മാർബിൾനിലത്ത് അമർത്തി ച്ചവിട്ടി നടന്നു. മാത്യു മാഷ് എന്റെ തോളിൽ കൈപ്പടം വച്ച് നടന്നു. ഇടയ്ക്ക് ചുണ്ടുവിരൽ എന്റെ തോളിലമർന്നു.
    “അവന്ന് വേഗം സുഗമാകണേ എന്ന് പ്രാർഥിക്കാം.അല്ലാതെന്നാ ചെയ്യാനാ..”
    “ഈയസുഖവും അവന്റെ തട്ടിപ്പല്ലെന്നെങ്ങനെയറിയാം?”
     ഞാൻ ചോദിച്ചു
    “അങ്ങനെ വരാൻ വഴിയില്ല സിബീ. ഡോക്ടേർസ് കളവുപറയോ..? അവന്റെ പാരന്റ്സ് കളവുപറയോ?”
     മാഷിന്റെ കൈവിരൽ എന്റെ തോളത്ത് ചോദ്യങ്ങൾ ഉരുവിട്ടു. അത് എന്നെ
ലിഫ്റ്റ്മുറിക്കടുത്തേക്ക് തള്ളിവിട്ടു.
      ഇരുണ്ട ഗുഹാമുഖമായിരുന്നു ലിഫ്റ്റ്മുറി.എക്സാകൃതിയിലുള്ള കമ്പിയഴികൾക്കുള്ളിൽ രണ്ട് ഇരുമ്പുകയർ നേർത്ത മൂളലോടെ മോളിലേക്കും താഴേക്കും സഞ്ചരിച്ചു. മുൻപിൽ കാത്തുനിൽക്കുന്ന ശരീരങ്ങൾ പ്രതിമകളെപ്പോലെ തോന്നിച്ചു..ഇളംനീല മേൽവസ്ത്രം ധരിച്ച രണ്ട് കന്യാസ്ത്രീകൾ എന്തോ അടക്കം പറഞ്ഞ് പരസ്പരം ചിരിച്ചുകൊണ്ടു നിന്നു..
   ലിഫ്റ്റിന്റെ ഇരമ്പം കേട്ടപ്പോൾ നിശ്ചലശരീരങ്ങൾ ഇളകി,
   പേടകം തുറക്കപ്പെട്ടു.മുക്കാലും ബാൻഡേജിട്ട ഒരു ശരീരം വീൽചെയറിലിരുന്ന് ചിരിച്ചു.അയാൾക്ക് പിറകിൽ അക്ഷമയോടെ ആൾകൂട്ടം.അറ്റൻഡർ വീൽചെയർ ഉരുട്ടിയപ്പോൾ ആൾക്കൂട്ടം ധൃതിയിൽ ഇരുവശത്തേക്കും ഒഴുകി.
  വേഗം കയറ്
  ലിഫ്റ്റ് ഓപ്പറേറ്റർ തിരക്കുകൂട്ടി.
  ഞങ്ങൾ ലിഫ്റ്റിനുള്ളിൽ സ്വയം ക്രമീകരിച്ചു.
  ലിഫ്റ്റുയർന്നു.
  പരസ്പരം വീശുന്ന ശ്വാസോഛ്ച്വാസത്തിൽ നിന്ന് മുക്തനാകാൻ ഞാൻ തല മുകളിലേക്ക് തിരിച്ചു. കന്യാസ്ത്രീകൾ  വീണ്ടും എന്തോപറഞ്ഞ് ഇക്കിളി പൂണ്ട് ചിരിച്ചു. ലിഫ്റ്റ്ഓപ്പറേറ്റർ അവരെ രൂക്ഷമായി നോക്കി. അവർ കുറ്റബോധത്തോടെ തല താഴ്ത്തി.
    മൂന്ന് എന്ന അക്കത്തിലെ ചുവന്ന ലൈറ്റ് തെളിഞ്ഞപ്പോൾ അൽഭുതമെന്നോണം മൂന്നുപേർ ഇറങ്ങി പോയി.
    കന്യാസ്ത്രീകളും മറ്റ് രണ്ട് പേരും നാലാം നിലയിൽ  ഇറങ്ങിപ്പോയി
   .എഴാംനിലയിലിലെത്തുമ്പോൾ ഞങ്ങൾ മാത്രമേ ഇറങ്ങാനുണ്ടായിരുന്നുള്ളൂ, .
    ഞങ്ങൾ വിജനമായ ഇടനാഴിയിലൂടെ നടന്നു.നൂറ്റിനാൽപ്പതാം നമ്പർ റൂമിന്റെ വാതിൽക്കലെത്തിയപ്പോൾ മാത്യുമാഷ് നിന്നു. ഞാൻ നിഴലായി പിറകിൽ നിന്നു.
   മാത്യുമാഷ് ബെല്ലിൽ കൈവച്ച് അല്പനേരം എന്നെ നോക്കി. മുഖത്തെ മാംസ പേശികൾ  പലതും ഓർമ്മിപ്പിച്ചു. ഞാൻ തലയാട്ടിയപ്പോൾ വിരൽ സ്വിച്ചിലമർന്നു .
   പാതി വാതിൽ തുറന്ന്  രണ്ടുകണ്ണുകൾ പുറത്തേക്കുവന്നു. പിറകെ മാംസത്തൊങ്ങ ലുള്ള  മുഖവും പ്രത്യക്ഷപ്പെട്ടു. മുഖം സംശയത്തോടെ ഞങ്ങളെ നോക്കി .ആൽബിന്റെ അമ്മയായിരിക്കുമതെന്ന് ഞാൻ വിചാരിച്ചു.അവരുടെ കണ്ണുകൾ ഞങ്ങളെയും കടന്ന് ഇടനാഴിയിലെങ്ങും കുരിശു വരച്ചു.
   “ഞങ്ങൾ ആൽബിന്റെ സ്കൂളിലെ സാറന്മാരാണ്.”
    മാത്യുമാഷ് പറഞ്ഞു.
   “ഞാൻ പള്ളീലച്ചനെ നോക്ക്വാരുന്നു. അച്ചനെ കൂട്ടാൻ പോയേക്കുവാ അങ്ങേര്           .    വാ,സാറന്മാര് വന്നാട്ടേ.. …”
   അവരുടെ ശബ്ദം നനഞ്ഞിരുന്നു.  ഞങ്ങൾ അകത്ത് കടന്നു.
   അവർ മുറിയുടെ മൂലയിൽ ഒതുങ്ങിനിന്നു .
    ഞങ്ങൾ മരണത്തിന്റെ നിഴലിലും ദേശത്തിലും കിടക്കുന്നവനെ കണ്ടു.
ഇറുകിയ വസ്ത്രത്തിനുള്ളിലെ ദേഹം ചീർത്തിരുന്നു. ഇടങ്കണ്ണ് ആഴത്തിലേക്ക് വലിഞ്ഞിരുന്നു. വലങ്കണ്ണ് പഴുത്ത സൂര്യനെ പോലെ പുറത്തേക്ക് തള്ളിനിന്നു.
ശ്വാസോഛ്ച്വാസത്തിന്റെ  ശബ്ദവും ഫാനിന്റെ ശബ്ദവും വേർതിരിച്ചറിയാൻപറ്റുന്നില്ല.
   “മോനേ, ഇതാ നിന്റെ സാറന്മാര്.. “
    അമ്മച്ചി അവനോട് പറഞ്ഞു.
   സൂര്യഗോളം തിളങ്ങി.അത് ഞങ്ങളുടെ ശരീരത്തിന്റെ നിമ്ന്നോന്നത ങ്ങളിൽ സഞ്ചരിച്ചു. തൊലിപ്പുറത്തെ ജലത്തെ കുടിച്ചുവറ്റിച്ചു. ഞങ്ങൾക്ക് പുകച്ചിലുണ്ടായി.
   “സാറന്മാരെ മനസ്സിലായില്ല്യോ മോനേ,നെനക്ക്?”
    അമ്മച്ചി അൽഭുതത്തോടെ ചോദിച്ചു.
   “മനസ്സിലായി..എന്തിനാ വന്നതെന്നും മനസ്സിലായി.”
    അവൻ ചുണ്ടുകൾ  പിളർത്തി. മാംസച്ചൊരുക്കുകൾക്കിടയിലെ കണ്ണുകൾ വലിഞ്ഞുമുറുകി.
     മാത്യുമാഷ് പറഞ്ഞു:
   “ ഞങ്ങൾ ഇതിലേ പോകുമ്പം കേറിയെന്നേ ഉള്ളൂ..”
    “.അതുപറയല്ലേ.എന്നെ കാണാൻ തന്നെ വന്നതാ.ഞാൻ ചാവ്വോന്നറിയാൻ വന്നതാ,നിങ്ങള്.”
     ഞങ്ങൾ നടുങ്ങി.അവന്റെ ശരീരത്തിന്നു മാത്രമേ അസുഖമുള്ളൂ..ആത്മാവിന്റെ ഭാഗമായ വചനങ്ങൾക്ക് യാതൊരു ക്ഷീണവുമില്ല.പഴയതിനെക്കാൾ ദാർഢ്യമുണ്ടു താനും.-  എന്റെ വിചാരങ്ങൾക്കുമേൽ അമ്മച്ചിയുടെ വാക്കുകൾ:
       “ ഇങ്ങനെയാന്നോടാ സാറന്മാരോട് പറയുന്നേയ്യ്..”
         അവർ ക്ഷമായാചനയോടെ ഞങ്ങളെ നോക്കി. അന്നേരം അവൻ പറഞ്ഞു:
      “എന്റെ ഈ കെടപ്പ് കണ്ട് ആരും വ്യാമോഹിക്കണ്ട ..എനിക്കൊരസുഖോമില്ല. ഒരാഴ്ച്ചക്കുള്ളിൽ  ഞാൻ സ്കൂളിലെത്തും. പഴേപോലെ “
      അതൊരു പ്രതിജ്ഞ പോലെയായിരുന്നു.പ്രതികാരാഗ്നിയുടെ ചൂട് മുറിയിലെങ്ങും വ്യാപിച്ചു.
     അമ്മച്ചി കുറ്റബോധത്തോടെ പറഞ്ഞു.
    “എവന്ന് ഇന്നലെ രാത്രി നല്ല പനിയായിരുന്നു.ഇപ്പം തലപ്പെരുപ്പം കാണും.അതാ പിച്ചും പേയും പറയുന്നേയ്.. സാറന്മാര് ഒന്നും വിചാരിക്കരുത്.”
     അന്നേരം അവൻ ദേഹം കുടയുകയും സീൽക്കാരമുതിർക്കുകയും ചെയ്തു.
     “‘അമ്മച്ചി പറയുന്നത് നൊണയാ..എനക്ക് ഇന്നലെ പനിച്ചിട്ടേയില്ല. ഞാൻ സൊബോധത്തോടെയാണ് സംസാരിക്ക്ന്നത്. സാറന്മാര് പൊയ്ക്കോ. നമ്മക്ക് സ്കൂളില് വെച്ച് കാണാം.”
    അവൻ തേരട്ടയെപ്പോലെ ചുരുണ്ട് ചുവരിന്നഭിമുഖം തിരിഞ്ഞ് കിടന്നു.
    ഞങ്ങൾ എന്തുചെയ്യുമെന്നറിയാതെ നിന്നു.അമ്മച്ചി കുറ്റബോധത്തോടെ ഞങ്ങളെ നോക്കിനിന്നു. ഒരു നെടുവീർപ്പുതിർത്തുകൊണ്ട് അവർ പറഞ്ഞു:
    “സ്ട്രോങ്ങ് ഗുളികയാണ് കഴിക്കുന്നത്... അതാ ഇങ്ങനെയൊക്കെ പറയുന്നേയ്. ഞാൻ സാറൻമാർക്ക് കാപ്പിയെടുക്കാം.”
    അവർ ജാള്യത മറയ്ക്കാൻ കാപ്പി പകരുന്നതിൽ ശ്രദ്ധിക്കുകയാണെന്ന് നടിച്ചു.
    മുറിയിൽ ഭീതിജനകമായ ഒരു നിശ്ശബ്ദത ശ്വാസ്സം മുട്ടിനിന്നു.
    ഞാനും മാത്യുമാഷും മറ്റ് മാർഗ്ഗമില്ലാതെ തിരിഞ്ഞുകിടക്കുന്ന ആൽബിനെ നോക്കിക്കൊണ്ടുനിന്നു. അവൻ ഷർട്ടിട്ടുണ്ടായിരുന്നില്ല. അവന്റെ പുറത്ത് തെക്കൻ നക്ഷത്രത്തിന്റെ വാലു പോലെ ഒരടയാളം തിണർത്തു കിടക്കുന്നു.ഞങ്ങൾ അറിയാതെ പരസ്പരം നോക്കിപ്പോയി.ആ തിണർപ്പിന്റെ ചരിത്രം ഞങ്ങളുടെ ഓർമ്മയിൽ വന്നു.:
     പ്ലസ്സ് വണ്ണിൽ ചേർന്നകാലം  അവൻ ആരാലും അറിയാത്തവനായിരുന്നു. ആത്മവിശ്വാസമില്ലാതെ നടക്കുന്ന ഒരുപറ്റം കുഞ്ഞാടുകൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്ന എന്തെങ്കിലും അവനിൽ ഉള്ളതായി അക്കാലത്ത് തോന്നിയിരുന്നില്ല. ക്ലാസ്സിൽ തലകുമ്പിട്ടിരിക്കും. കുനിഞ്ഞ ശിരസ്സിന്നടിയിലെ കണ്ണുകൾ ഇടയ്ക്കിടെ തിളങ്ങും. ഞാൻ അറ്റൻഡൻസ്സ് വിളിക്കുമ്പോൾ യാന്ത്രികമായെഴുന്നേറ്റ് നമ്പർ പറയും. പിന്നെ വീണ്ടും ഒടിഞ്ഞുകുത്തിയിരിക്കും.ചോദ്യം ചോദിച്ചാൽ എല്ലാവരെയും പോലെ കുറ്റബോധത്തോ ടെ എഴുന്നേറ്റ് നിൽക്കും.അത്രമാത്രം.
   അവനെ ശ്രദ്ധിക്കാൻ തുടങ്ങിയത് ചില കംപ്ലയന്റുകൾ കേട്ടപ്പോഴാണ്.
  “നിങ്ങടെ ഒരു സയൻസ്സ് വിദ്യാർഥി സെക്കന്റ് ഹ്യുമാനിറ്റീസ്സ് ക്ലാസ്സിനെ വല്ലാതെ ശല്ല്യം ചെയ്യുന്നുണ്ട്.ഇന്റർവെൽ സമയത്തും അല്ലാതെയും ഹ്യൂമാനിറ്റീസ്സ് ക്ലാസ്സിൽ കേറി നെരങ്ങുന്ന്ണ്ട്.”
   ഹിസ്റ്ററിയുടെ ഗിരീഷ് മാഷ് ഒരിക്കൽ പറഞ്ഞു:
 “സാധാരണയായി പ്ലസ്സ്ടൂ വിദ്യാർഥികളാണ് പ്ലുസ്സ് വൺ വിദ്യാർഥിനികളെ ശല്ല്യം ചെയ്യാറ്.ഇതല്പം കൂടിയ ഇനമാണ്.”
   വിദ്യാധരൻ മാഷ് പറഞ്ഞു.
  അന്നുമുതൽ ഞാനിവനെ നിരീക്ഷിച്ചിക്കാൻ തീരുമാനിച്ചു. ഞാൻ ക്ലാസ്സിലെ മൂന്നു ചെക്കന്മാരെ സ്പൈവർക്കിന് നിയോഗിച്ചു .രണ്ടുദിവസം കൊണ്ട് അവർ സത്യം കണ്ടെത്തി വന്നു: പ്ലസ്സ്ടൂവിലെ കുട്ടികൾ ആദ്യമാദ്യം ഇവനെ മൈന്റു ചെയ്തില്ല പോലും. അവർക്കു പരിചയമില്ലാത്ത എന്തൊക്കെയോ കാര്യങ്ങൾ സ്ഥിരമായി പറഞ്ഞു തുടങ്ങി യപ്പോഴാണ് ശ്രദ്ധിക്കൻ തുടങ്ങിയതത്രേ. ഇപ്പോൾ സയൻസ്സിലും കൊമേഴ്സ്സിലും അനുയായികളുണ്ടത്രേ. ബന്ധം സുദൃഢമാണത്രേ. പ്രത്യേകിച്ചും ആൺകുട്ടികളുമായുള്ള ബന്ധം.
    ഞാൻ ഇവന് വാണിങ്ങ് നൽകി:
   “നീ ഇന്റർവെൽ സമയത്ത് മറ്റ് ക്ലാസ്സുകളിൽ പോയി ശല്ല്യം ചെയ്യരുത്.ഇനി ആവർത്തിച്ചാൽ പാരന്റ്സ്സിനെ വരുത്തും.”
   ഇവൻ തലകുമ്പിട്ട് കേട്ടിരുന്നു.തിളങ്ങുന്ന കൺ ഗോളങ്ങൾ എന്റെ മുഖത്ത് ക്ഷാമബാധിതമായ കാനാൻ ദേശത്തിലെന്നോണം അലഞ്ഞുനടന്നു.പുല്ലും പൊടിപ്പുമില്ലാത്ത നിലത്ത് നോക്കിനിൽക്കുന്ന കർഷകന്റെ ഭാവമായിരുന്നു.
  ഞാൻ ആക്രോശിച്ചു:
  “പറഞ്ഞത് മനസ്സിലായില്ല്യോടാ..എന്താ മിഴിച്ചുനോക്കുന്നേയ്..?”
   ഇവൻ വായ തുറന്ന് ഒന്നും പറഞ്ഞില്ല.’ ശരിസ്സാർ’ എന്നുകേട്ടതുപോലെ എനിക്ക് തോന്നി.
  “പൊയ്ക്കോ”-ഞാൻ പറഞ്ഞു.
  പിന്നീട് ദിവസ്സങ്ങളോളം ഇവനെ കണ്ടതേയില്ല.ഞാൻ സാധാരണ ചെയ്യാറുള്ളതു പോലെ ഇവന്റെ പാരന്റിനെ വിളിച്ചതുമില്ല.’ശല്ല്യം’ ടീസീ വാങ്ങി ഒഴിഞ്ഞുപോകുന്നെ ങ്കിൽ പോകട്ടെ എന്നായിരുന്നു എന്റെ നിലപാട്.
  ഒരാഴ്ച്ച കഴിഞ്ഞ് അവൻ വീണ്ടും ക്ലാസ്സ്മുറിയിൽ പ്രത്യക്ഷപ്പെട്ടു.ഡാർക്ക് ഗ്രേയും ലൈറ്റ് ഗ്രേയും യൂണിഫോമുകൾക്കിടയിലെ വെളുത്ത കുരിശുരൂപം.അവന്റെ ഇടകൈ പൊട്ടിയ കുരിശുപോലെ കിടന്നിരുന്നു. പതിവുപോലെ തടാക നിശ്ചലതയുള്ള കണ്ണു കളുടെ നോട്ടം.
  “നിന്നോടാരാ ക്ലാസ്സിലിരിക്കമ്പറഞ്ഞേയ്..?”
   ഞാൻ ചോദിച്ചു.
   അവൻ മിണ്ടിയില്ല.
   കുരിശുശരീരം ഡസ്സ്ക്കിൽ ചാരിവച്ച് മന്ദഹസിച്ചു കൊണ്ടിരിക്കുകയാണ്. അവന്റെ അനുയായികളിലൊരുവൻ‌‌‌--പത്രോസ്സുചേട്ടന്റെ മകൻ ഷെറിൻ- വിളിച്ചു പറഞ്ഞു:
   “സേർ,ഇവന്റെ കൈ ഒടിഞ്ഞിന്..ബയങ്കര വേതനീംണ്ട് പോലും”
   “എങ്ങനെയാടാ കൈയൊടിഞ്ഞത്.?”
    ഞാൻ ആൽബിനോട് ചോദിച്ചു.
    അവൻ എഴുന്നേറ്റ് തലകുമ്പിട്ട് ഡസ്സ്ക്-ബെഞ്ചുകൾക്കിടയിലെങ്ങും പരതി. ഷെറിൻ വിശദീകരിച്ചു.:.
  “സേർ,എവന്റെ പപ്പതന്ന്യാണ് അടിച്ചൊടിച്ചത്.
   കൗമാരശരീരങ്ങൾ കുലുങ്ങിചിരിച്ചു.ചോദ്യോത്തരങ്ങൾ ഡ്സ്സ്ക്-ബെഞ്ചുകൾക്കിട യിലൂടെ കുശുകുശുത്തുനടന്നു.അന്വേഷണങ്ങളും മറുപടിയും ആരവമായിമാറി.ക്ലാസ്സ് അലങ്കോലമായി. അതോടെ അന്ന്  ഞാൻ വിചാരണ അവസാനിപ്പിച്ചു.പിന്നിട് സ്റ്റാഫ് റൂമിലേക്ക് വിളിപ്പിച്ചപ്പോഴാണ് അവൻ സത്യം പറഞ്ഞത്.അവൻ ഒരാഴ്ചയായി പനിച്ചു കിടക്കയായിരുന്നു.പനിച്ചുനടക്കുകയായിരുന്നു എന്നുവേണം പറയാൻ.കാരണം ഈ ഒരാഴ്ച്ച അവൻ വീട്ടിൽ നിന്നില്ല. രാപ്പകൽ ഫ്രന്റ്സ്സിന്റെ വീട്ടിലെങ്ങം കറങ്ങി നടക്ക യായിരുന്നു. അതിന് അവന്റെ അപ്പൻ ജോസ്സ് കൊടുത്ത ശിക്ഷയാണ് ഈ ഒടിഞ്ഞ കൈക്കുരിശ്.
  പക്ഷെ അവൻ കൊണ്ടുവന്ന ജോസ്സേട്ടന്റെ കൈപ്പടയുള്ള ലീവ് ലെറ്ററിൽ അവൻ സ്റ്റെപ്പിറങ്ങുമ്പോൾ വീണുവെന്നാണ് എഴുതിയിരുന്നത്.
  ഞാൻ ഉള്ളാലെ ചിരിച്ചു.അവന്ന് ലീവനുവദിക്കുകയും ചെയ്തു.
  പക്ഷേ അവനതുകൊണ്ടൊന്നും നന്നാവുകയില്ലെന്ന് വളരെ വേഗം വ്യക്തമായി. അവൻ ഒടിഞ്ഞ കൈയും ഏന്തിവലിച്ച് ക്ലാസ്സുമുറികളിൽ കയറിയിറങ്ങി. തിരിച്ച് അവന്റെ ക്ലാസ്സുമുറി ഒരു തീർഥാടന കേന്ദ്രമായി മാറി.എല്ലാക്ലാസ്സിലേയും കുട്ടികൾ അവിടേക്ക് ഒഴുകുകയായിരുന്നു.
   ഞാനവന്ന് വീണ്ടും വാണിങ്ങ് നൽകി.:
  “ഇനി നീ ക്ലാസ്സീന്ന് പൊറത്തിറങ്ങിയാ ടീസി തന്നുവിടും.
  കുറച്ചു ദിവസം അവൻ ക്ലാസ്സ്മുറിയുടെ വാതിൽക്കൽ അക്ഷമയോടെ ആകാശ ത്തേക്ക്  മിഴികളുയർത്തിനിൽക്കുന്നത് ഞാൻ ശ്രദ്ധിച്ചു.മരങ്ങളൊന്നുമില്ലാത്ത വലിയ പാറക്കെട്ടിന്നുമുകളിലാണ് സ്കൂൾ നിന്നിരുന്നത്. അതിന്റെ മുൻപിലെ ആകാശക്കാഴ്ചകൾ  ശൂന്യമായിരുന്നു.അവന്റെ ധ്യാനാത്മകമായ നോട്ടം കണ്ട് എനിക്ക് ചിരിയൂറി.
   പിന്നീട് മൂന്നുദിവസം കഴിഞ്ഞ് വീണ്ടും അവനെ കാണാതായി. ഏഴാംദിവസം ഉയർത്തെഴുന്നേറ്റപ്പോൾ അവൻ നടുവ് കുനിച്ചുനടക്കുകയായിരുന്നു. അവന്റെ പുറത്ത് ഒരു വലിയ കൂനുണ്ടായിരുന്നു.
    ഇത്തവണ അടികിട്ടിയത് സ്വന്തം അപ്പന്റെയല്ല,നാട്ടുകാരുടേതാണ്.ക്ലാസ്സിലെ എപ്ലസ്സുകാരൻ കിരൺ തോമസ്സിനെ വീട്ടിൽ വിളിച്ചുശല്ല്യം ചെയ്തതിന്ന് അവന്റെ ചേട്ടന്മാർ നൽകിയ സമ്മാനമായിരുന്നു ആ കൂന് ..
    എന്നിട്ടും അവന് കൂസലേതുമുണ്ടായില്ല.മൂന്നാം ബെഞ്ചിൽ ഹീറോയായി വിലസ്സി.
മൂന്നാം ബെഞ്ച് പിരമിഡുപോലെയായിരുന്നു.ഏറ്റവും നടുവിൽ അവൻ.അല്പം നീളം കുറഞ്ഞ രോഷൻ വർഗ്ഗീസ്സും മേബിൾ മാത്യവും അവന്റെ ഇടത്തും വലത്തും.അറ്റത്ത് നീളം കുറഞ്ഞ കപിൽചെറിയാനും  ഋതുൽജോയിയും. ഇവരായിരുന്നു അവന്ന് മറയും സംക്ഷണവും നൽകിയിരുന്നത്.നിഖിലും കിരണും ഇടയ്ക്കിടെ അവനെ തഴുകിയും മൂകസന്ദേശങ്ങൾ കൈമാറിയും അവനെ ശുശ്രൂഷിച്ചു.ഇടവേളകളിൽ സന്ദർശകരെ കടത്തിവിടുന്നതിന്ന് ഇവരുടെ അനുവാദം വേണമായിരുന്നു.
   ക്ലാസ്സിലെ ഈ ഒഴപ്പ്കമ്പനിയെ പിരിച്ചുവിടാനായിരുന്നു ഞങ്ങൾ ഞാനും മാത്യു മാഷും കഴിഞ്ഞാഴ്ച്ച ശ്രമിച്ചത്.
   ക്ലാസിൽ എല്ലാ വിഷയത്തിന്നും എപ്ലസ്സ് നേടാൻ സാധ്യതയുള്ളവനും എക്സ്ട്രാ എൻട്രൻസ്സ് കോച്ചിങ്ങ് പരീക്ഷകളിൽ മികച്ചപ്രകടനം കാഴ്ച്ചവയ്ക്കുന്നവനുമായ കിരൺഭാസ്കറിനെ ഞങ്ങൾ ചട്ടം കെട്ടി..
  പ്ലാൻ ചെയ്ത പ്രകാരമുള്ള ക്ലാസ്സ്മുറി.സിസ്റ്റം ഓഫ് പാർട്ടിക്ക്ൾസ്സ് ആന്റ് റൊട്ടേഷ ണൽ മോഷൻ ആയിരുന്നു ചാപ്റ്റർ.ആൽബിൻ ക്ലാസ്സ് ശ്രദ്ധിക്കുന്നതായി നടിച്ച് മുഖം കുനിച്ചിരിക്കുകയാണ്. കിരണിന്റെ ബെഞ്ചിലിരിക്കുന്നവരും എന്റെ വിവരണത്തിൽ കണ്ണുനട്ടിരിക്കുകയാണ്.  കിരണിന്റെ പോക്കറ്റിൽ ഒരു കടലാസ്സ് തുണ്ട് കിടന്ന് വിറച്ചു..സമയമായിട്ടില്ലെന്ന് ഞാൻ തലയിളക്കി..അതിൽ ആൽബിന്റെ നിരപ്പില്ലാത്ത പാറക്കുന്നു പോലുള്ള കൈയ്യക്ഷരങ്ങളിൽ അവൻ ചിലത് ശേഖരിച്ചുവച്ചിരുന്നു.അതി ൽ സ്കൂളിനെയും പ്രിൻസ്സിപ്പലിനെയും അധ്യാപരെയുമെല്ലാം പരിഹസിക്കുന്ന വാക്യ ങ്ങൾ എഴുതിചേർത്തിരിക്കുമെന്നുറപ്പാണ്. കിരണിന്റെ ബുദ്ധിയിൽ എനിക്ക് സംശയമി ല്ലായിരുന്നു.
  ലീനിയർ മൊമന്റം എന്തെന്ന് വിശദീകരിച്ചശേഷം ഞാൻ കുട്ടികളെ ആകെയൊന്നു നോക്കി. എല്ലാവരും നോട്ടെടുക്കുന്ന തിരക്കിലാണ്.ഞാൻ കിരണിന്ന് സിഗ്നൽ നൽകി.
  എഴുത്ത് ഡെസ്സ്കിനടിയിലൂടെ സഞ്ചരിക്കുന്നത് ഞാൻ കണ്ടു.. ഉല്ലാസ്സും രോഷനും തോൾ താഴ്ത്തി ലെറ്റർ പാസ്സുചെയ്യുന്നുണ്ടായിരുന്നു. മേബിളിന്റെ മുഖം ലെറ്റർ വാങ്ങു മ്പോൾ അഭിമാന വിജൃംഭിതമായതായി കണ്ടു. അന്നേരം ഞാൻ കിരണിനെ മനസ്സാ സ്തുതിച്ചു.ലെറ്റർ ആൽബിന്റെ പുസ്തകനിടയിലെത്തി എന്നുറപ്പായപ്പോൾ ഞാൻ ചോദ്യശരങ്ങൾ തൊടുത്തുവിട്ടു.
  “ആൽബിൻ,നീ എന്തെടുക്കുവാ അബടെ..?
   അവൻ എഴുന്നേറ്റ് മുഖമുയർത്തി എന്നെ നോക്കി.കണ്ണുകൾ പ്രാർഥനാനിർഭരമായി .
   ഞാൻ ചോദ്യം ആവർത്തിച്ചു.
   അവൻ ചുണ്ടുകൾ സ്വയം മന്ത്രിക്കുന്നതു പോലെ തൂടർന്നു.എന്നാൽ ശബ്ദം പുറത്തു വന്നില്ല.ക്ലാസ്സിലെ തൊണ്ണൂറ്റിയെട്ട് കണ്ണുകളും എന്നെയും അവനെയും പിന്തുടർന്നു.
  .ഞാൻ അവന്റെ അടുത്തേക്ക് ചെന്ന് ചോദ്യം ആവർത്തിച്ചു.അന്നേരം  അവന്റെ കണ്ണുകൾ ജാലകത്തിലൂടെ ആകാശത്തേക്ക് പറന്നുചെന്നു. ഞാൻ  നാടകീയമായി  അവന്റെ ബാഗ് പരിശോധിച്ചു.  ടെക്സ്റ്റ്ബുക്കുകളും നോട്ടുബുക്കുകളും ഇളക്കി മറിച്ചു.
കുറിപ്പ് കണ്ടെടുത്തു.
  ഞാൻ പ്രതീക്ഷിച്ചതിൽ കൂടുതൽ എഴുത്തിലുണ്ടായിരുന്നു. സ്കൂളിൽ അനാവശ്യമായി ഡൊണേഷൻ പിരിക്കുന്നുണ്ടെന്നും സ്കൂൾ ഒരു കച്ചവടസ്ഥാപനമാക്കരുതെന്നും അതിന് കൂട്ടുനിൽക്കുന്നവരെ അടിച്ചുപുറത്താക്കണമെന്നും കിരണിന്റെ ബുദ്ധിയുലുദിച്ച ആശയം അതിൽ എഴുതിയിരുന്നു.
  “ ഇങ്ങോട്ട് വാടാ”‌-ഞാൻ പറഞ്ഞു.ഇതിന് നീ ശിക്ഷ അനുഭവിച്ചേപറ്റൂ.. പ്രിൻസ്സിപ്പാ ളിനോട് കംപ്ലയന്റ് ചെയ്യമ്പോവ്വാ ഞാൻ”
  “വേണ്ട മാശേ….” -- കുട്ടികൾ ആർപ്പുവിളിച്ചു
  ഞാൻ എഴുത്ത് ഉയർത്തിപ്പിടിച്ചുകൊണ്ട് മുന്നറിയിപ്പ് നൽകി: “സ്കൂളിന്റെ അച്ചടക്കം ലംഘിക്കുന്നവർക്ക് കടുത്ത ശിക്ഷ കിട്ടും. നിങ്ങൾക്കെല്ലാം ഇതൊരു പാഠമായിരി ക്കണം. ”
  ഡസ്സ്ക്ക് ബെഞ്ചുകൾക്കിടയിൽ നിന്ന് പുറത്തുവന്ന ആൽബിനെ വിരൽ ചൂണ്ടി പ്രിൻസ്സിപ്പാളിന്റെ മുറിയിലേക്ക് നയിച്ചു. ലെറ്റർ പ്രിൻസ്സിപ്പാളിന് കൈമാറി.
  പ്രിൻസ്സിപ്പാൾ വിറയലോടെ ലെറ്റർ വായിച്ചു. അപ്രതീക്ഷിതമായി അവന്റെ പുറത്ത് രണ്ട് പൊട്ടിച്ചു.ആക്രോശിച്ചു:”ഈ സ്കൂളിന്റെ സൽപ്പേര് കളയാനാണോ നെന്റെ പൊറപ്പാട്..?”
   ഇവൻ തല ഉയർത്തിയില്ല.കണ്ണീർ പൊഴിച്ചില്ല.ക്ഷമാപണം നടത്തിയില്ല.അക്ഷോ ഭ്യനായി ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടിൽ നിലകൊണ്ടു.
   “ഗെറ്റൗട്ട്”—പ്രിൻസ്സിപ്പാൾ അലറി.പാരന്റ്സ്സിനെ കൂട്ടിക്കൊണ്ടുവന്ന് ടീസി വാങ്ങി ക്കോളൂ..”
   ഇവൻ ബാഗും തോളിലേറ്റി തിരിഞ്ഞുനോക്കാതെ ഗേറ്റുകടന്നുപോകുന്നത് കണ്ട് ഞാനും മാത്യു മാഷും അമ്പരന്നു.”അവന്റെ തൊലിക്കട്ടി അപാരം തന്നെ.”ഞങ്ങൾ മനസ്സിൽ പറഞ്ഞു.
    പിന്നീട് ഒരാഴ്ച്ച കഴിഞ്ഞാണ് ഇവൻ അഡ്മിറ്റായ വാർത്ത ഞങ്ങൾ കേട്ടത് .അതുകേട്ടപാടെ മാത്യുമാഷ് എന്നോട് പറഞ്ഞു: “സ്കൂളിൽ തിരിച്ചുകേറാൻ അവൻ പല തന്ത്രങ്ങളും പയറ്റും .വിട്ടുകൊടുക്കരുത്.”
   മാത്യുമാഷിന്റെ മുഖത്തും ഓർമ്മയുടെ തിരയിളകുന്നത് കണ്ടു. അദ്ദേഹം അവനെത്ത ന്നെ നോക്കിക്കൊണ്ടു നിന്നു.അവന്റെ പുറത്ത് തിണർത്തുകിടക്കുന്ന തെക്കൻ കുരിശ് നാട്ടുകാരുടെ കൈയ്യിൽനിന്ന് കിട്ടിയ സമ്മാനമാണ്.അതിനു പുറമെ ഒരുപാടു വരകളും കുറികളുമുണ്ടായിരുന്നു അവന്റെ പുറത്ത്..ചിലത് ആരോ കോറിയിട്ട മഞ്ഞവരകൾ. ചിലവ ചോരച്ചാലുപോലെ വശങ്ങളിലേക്ക് നീണ്ടുപോകുന്നവ. അതവന്റെ അസുഖ ത്തിന്റെ പ്രത്യകതയാണുപോലും.ഉള്ളിലെ രക്തസ്രാവത്തിന്റെ ലക്ഷണങ്ങൾ പുറമേ ക്ക് പ്രത്യക്ഷപ്പെടുന്നതാണുപോലും. ഇതെല്ലാം ഇപ്പോഴും അവനെ  ഉപേക്ഷിച്ചിട്ടില്ലാ ത്ത പ്ലസ്സ്ടൂ കുട്ടികൾ പറഞ്ഞ അറിവാണ്. അവന്റെ അമ്മച്ചിയോട് ഞങ്ങൾക്കൊന്നും ചോദിക്കാൻ തോന്നുന്നില്ല ഇപ്പോൾ.
    ‘നമുക്ക് പോയ്കൂടേ’-
    മാത്യുമാഷ് എന്നോട് അനുവാദം ചോദിക്കുന്നതു പോലെ തലയിളക്കി.
   “ഇവന്മാര് ഇതുവരെ പോയില്ല്യോ.?’
     പൊടുന്നനെ ആൽബിൻ തിരിഞ്ഞു കിടന്നുകൊണ്ട് ചോദിച്ചു.
     അമ്മച്ചിയും ഞങ്ങളും പകച്ചുപോയി.
     അവന്റെ കണ്ണുകളിൽ അഗ്നിയുണ്ടായിരുന്നു. പല്ലുകൾക്കിടയിൽ പ്രാചീനമായ പിറുപിറുപ്പുകളുണ്ടായിരുന്നു.അവന്റെ ശരീരം വിറയ്ക്കുന്നുണ്ടായിരുന്നു.
  “അവരിപ്പപോകും. നെന്റെ സാറന്മാരല്ല്യോ..? ഇങ്ങനെയെല്ലാം പറഞ്ഞാല് അവര്ക്ക് വെഷമാവൂല്ല്യോ? “
  അമ്മച്ചി അവനെ സമാധാനിപ്പിക്കാനായി പറഞ്ഞു.അവന്റെ ദേഹം തടവുകയും പിടിച്ചുനിർത്താൻ ശ്രമിക്കയും ചെയ്തു.എന്നാൽ അവന്റെ വിറയലും പല്ലിറുമ്മലും നിന്നില്ല.ഇനി അധികനേരം അവിടെ നിൽക്കുന്നത് പന്തിയല്ലെന്ന് ഞങ്ങൾക്ക് തോന്നി.
   “എന്നാ ഞങ്ങള് പോവ്വാണ്..ഇവന് സുഗായാ ഞാങ്ങള് വരാം.”
    മാത്യുമാഷ് പറഞ്ഞു.
  “എന്നാ അതാ നല്ലത്-“ അവന്റെ വിറയ്ക്കാത്ത ശബ്ദം ഞങ്ങൾ കേട്ടു.
    അമ്മച്ചി സങ്കടത്തോടെ കൈ വീശി .
    ഞങ്ങൾ വാതിൽ ചാരിയിറങ്ങി.
    ഇടനാഴിയിലൂടെനടന്നു.
    ലിഫ്റ്റിനടുത്തെത്താറായപ്പോൾ പിറകിൽ നിന്നും നിലവിളിയും ശബ്ദങ്ങളും കേട്ടു. ഇടനാഴിയിലൂടെ ആളുകൾ ഓടിപ്പോകുന്നതു കണ്ടു.അന്നേരം ലിഫ്റ്റ് വന്നു.മാത്യു മാഷ് തോളിൽ പിടിച്ച്  എന്നെ ലിഫ്റ്റിലേക്ക് നയിച്ചു.    
                                                 
                                           #############            

Tuesday, July 9, 2013

പതനം





ഇടമുറിയാതെ
രേ പെയ്ത്ത്
ഇടർച്ചയില്ലാതെ
ഒരേ താളത്തിൽ‌
കടുവർണ്ണമാകാതെ
ഒരേ നിറത്തിൽ
കരിമണമില്ലാതെ
ഒരേ സുഗന്ധത്തിൽ‌..
കൈയെടുക്കാതെ
ഒരേസ്പർശമായി
മുറുമുറുക്കാതെ
ഒരേ മനസോടെ
തെന്നിവീഴാതെ
ഒരേ പതനം
മുടിയിഴകൾ
ക്കിടയിലൂടെ
തലയോട്ടി
തുരന്ന്

Wednesday, June 5, 2013

പക്ഷി





ഒരു പക്ഷി വന്നെൻ
മുന്നിൽ നിൽക്കുന്നു
വെൺചാരനിറം
കറുപ്പഴക്

വായു വീശുന്നു.
ചില്ല സൗഹൃദം പുലമ്പുന്നു.
പൂവ് ക്ഷണിക്കുന്നു.
എന്നിട്ടുമതെൻ മുന്നിൽ
നിശ്ചേഷ്ടം നിൽക്കുന്നു.

തൂവലിൽ കാണാം
ഇടുങ്ങിയ ഇടങ്ങൾ
തേഞ്ഞുപോയ  ചില്ലകൾ
കുടിൽചേതങ്ങൾ
കമ്പിക്കാലിൻ കുടിലത

കണ്ണിൽക്കാണാം
നെൻമണിസ്വപ്നങ്ങൾ
വിണ്ണിൻ ചാഞ്ചാട്ടങ്ങൾ
മഴവില്ലിറക്കങ്ങൾ

ചുണ്ടിലറിയാം
കാട്ടുനീരൊലി.
കുഞ്ഞിൻ പൈദാഹം.
പുഴമണൽത്തരികൾ

ചിലയ്ക്കാത്ത പക്ഷീ
പോവുക വേഗം.

Saturday, May 18, 2013

ഏത്?






മരമേ നീ ഏതു കാട്ടിൽനിന്നു വന്നു?
ചില്ലകളേ ഏതു നാട്ടിൽ അലഞ്ഞു?
ഏതു കല്ലറയിൽ അടക്കം-
ചെയ്യപ്പെട്ട പൂവാണു നീ..?

സ്വപ്നം




ഒരു നട്ടുച്ചനേരത്ത്
ഊണുകഴിക്കാതെ  ഉറങ്ങാൻ കിടന്നു.
ഉറക്കത്തിൽ നിന്ന് സ്വപ്നം ഇറങ്ങിനടന്നു.
വെയിൽ സ്വപ്നത്തെ പിന്തുടർന്നു.
കാറ്റ് സ്വപ്നത്തെ എടുത്തുകൊണ്ടുപോയി.
കാക്ക കരഞ്ഞില്ല.
ചീവീട് നിലവിളിച്ചില്ല
പൂവിന്റെ മർമ്മരവും കേട്ടില്ല

വൈകുന്നേരം ചീർത്ത ശരീരം
വലയിൽ കിട്ടി.

Friday, April 26, 2013

മ്പോൾ……..




ഭൂമി
കറക്കത്തിന്ന് വേഗം കൂട്ടി
ചുവപ്പും പച്ചയും ഉപേക്ഷിച്ച്
കറുത്ത നിറമാകുമ്പോൾ......

ആകാശം
യന്ത്രക്കുഞ്ഞുങ്ങളെ ഗർഭം ധരിച്ച്
വിഷം ചുരത്തുമ്പോൾ.

പുഴ
ഒഴുക്കുനിർത്തി
ചെരിപ്പിട്ട്നടക്കുമ്പോൾ..

മരം
ആട്ടം നിർത്തി
നടത്തം പഠിക്കുമ്പോൾ..

ചില്ല
ഇലകൾ കൊഴിച്ച്
ഒറ്റത്തടിയായിനിൽക്കുമ്പോൾ....

പൂക്കൾ
നിറങ്ങൾവാർന്ന്
ഓടയിലൂടൊഴുകുമ്പോൾ……..

മനുഷ്യൻ
പാതി ഉടൽ
കീറിമുറിക്കുമ്പോൾ……….

പുഴുക്കൾ
ശവങ്ങൾ തിന്നുകൊഴുത്ത്
പുതുശരീരമായി നൃത്തമാടുമ്പോൾ..

ഞാൻ
എന്നിലില്ലാതെ
അക്ഷരങ്ങളും ദൃശ്യങ്ങളുമായി
മിന്നിമറയുമ്പോൾ…………..

Thursday, April 25, 2013

പോസ്റ്റ്മോർട്ടം




    “ആക്സിഡന്റുകളും ആത്മഹത്യകളും ഇങ്ങനെ വർധിച്ചിട്ടും പോസ്റ്റ്മോർട്ടത്തിനുള്ള സൗകര്യം വർധിപ്പിക്കുന്നില്ലല്ലോ മാഷേഇതെന്തൊരു കഷ്ടമാണ്….”
      മോർച്ചറിയുടെ അടഞ്ഞവാതിലിൽ നിരാശയോടെ നോക്കിക്കൊണ്ട് രേവതിടീച്ചർ പറഞ്ഞു.അവർ തലയിൽ ചുറ്റിയ സാരിത്തുമ്പ് വിടർത്തിയെടുത്ത് പിൻകഴുത്തിലേക്ക് വീശി  മോർച്ചറിക്കെട്ടിടത്തിന്റെ മതിലിന്നടുത്തുവരെ ചെന്ന് തിരികെ വന്നു.
    “നാൽപ്പത്തെട്ട് മിനിറ്റായി ഈ നിപ്പ് തൊടങ്ങീറ്റ്നക്ക് ബോറടിക്ക്ന്ന്ണ്ട്. കൃത്യം  പതിന്നൊന്ന്മണിക്ക് ഞാനങ്ങ് പോകും
     രതീശൻമാഷ് പറഞ്ഞു.അയാൾ സ്റ്റാഫ്സെക്രട്ടരി മോഹനൻ മാഷെ നോക്കിക്കൊണ്ടിരുന്നു. മോഹനൻ മാഷാണ് പോസ്റ്റ്മോർട്ടം സമയത്ത് ആശുപത്രിയിലെത്തണമെന്ന്  നിർദ്ദേശം നൽകിയത്.  പക്ഷേ മോഹനൻ മാഷ് രതീശൻ മാഷെ നോക്കുകയോ ശ്രദ്ധിക്കുകയോ ചെയ്തില്ല.അയാൾക്കും മടുപ്പ് ബാധിച്ചിട്ടുണ്ടെന്ന് ആ ചലനങ്ങളിൽ നിന്ന് വ്യക്തമായിരുന്നു.അയാൾ ഇടയ്ക്ക് പെട്ടിക്കടയുടെയും മതിലിന്റെയും ഇടയിൽ അങ്ങുമിങ്ങും നടന്നു. ഇടയ്ക്ക് കാൽ കവച്ചുവച്ച് ചരലിൽ കുന്തിച്ചിരുന്നു. അന്നേരത്തൊക്കെ അയാൾ വെയിൽ മറയ്ക്കാനെന്നോണം ഇരുകൈപ്പത്തികളും കഷണ്ടിയിൽ കമഴ്ത്തിവച്ചു.
    “നമ്മുടെ ചെക്കന്റെ ചെസ്റ്റ് നമ്പറെത്രയാണെന്നറിയോ മാഷേ?”
     സനീഷ് മാഷ് ഒരു ചെറുചിരിയോടെ അയാളോട് ചോദിച്ചു.
     ചോദ്യം കേട്ട് ആദ്യമയാളൊന്ന് പകച്ചു. പിന്നീട് അതിലെ ഹാസ്യം ആസ്വദിച്ച് ലജ്ജയോടെ പറഞ്ഞു.
     “അഞ്ച് കേസുണ്ടെന്നാ പറയുന്ന കേട്ടിന്രണ്ട് സൂയിസൈഡും മൂന്ന് ആക്സിഡന്റും. ഇതിപ്പം രണ്ടാമത്തെയല്ലേ. ആക്സിഡന്റ് കേസുകള് കഴിഞ്ഞാല് ചെലപ്പോ നമ്മടെ ചെക്കനെ വളിക്ക്വായിരിക്കും.”
     “അതിനിപ്പം നമ്മടെ ചെക്കന്റേത് ആത്മഹത്യാന്നോ ആക്സിഡന്റാന്നോ എന്ന് നിശ്ചയിച്ചിനോചെക്കൻ ബസ്സിന്നു മുന്നിലേക്ക് സൈക്കിളോടിച്ചു കേറ്റിയതാണെന്നും പറേന്ന്ണ്ട്.”
      മധുസൂദനൻ മാഷ് പറഞ്ഞു.
      “ശ് ശ്പതുക്കെപ്പറ…”
      രതീശൻ മാഷ് ചുറ്റിലും നോക്കി മുന്നറിയിപ്പ് നൽകി.
      മാഷിന്റെ ഉത്കണ്ഠ അസ്ഥാനത്തായിരുന്നു. മരിച്ചവന്റെ ബന്ധുക്കളെന്ന് പറയാവുന്ന നാലഞ്ച് പേർ വന്നത് പെട്ടിക്കടയിൽ നിന്ന് ചായക്കുടിക്കുന്നതിന്റെ തിരക്കിലായിരുന്നു. അവർ  ദൂരെയുള്ള കറുത്തിരുണ്ട നിഴലുകളായിരുന്നു. മറ്റ് സംഘങ്ങളും റോഡിന്നെതിർവശത്ത്
 കേൾക്കാ ദൂരത്തായിരുന്നു.ഓരോ കേസ്സിന്റെയും കൂടെവന്നവർ ഒരോരോ തുരുത്തുകളായി കൂട്ടംകൂടിനിന്നിരുന്നു.
     സതീശൻ മാഷിന്റെ ശബ്ദം താഴ്ത്തിയുള്ള ആംഗ്യം കണ്ടിട്ടാണെന്ന് തോന്നുന്നു ചരൽ പോലെ ചിതറിക്കിടന്നിരുന്ന മാഷൻമാരെല്ലാം അടുത്തടുത്തുവന്നു.. ഒരു ഓർക്കെസ്ട്രയിലെ ഇൻസ്ട്രുമെന്റ് വായനക്കാരെ പോലെ അടുത്തടുത്തു നിൽക്കുകയും അന്യന്റെ ശബ്ദത്തിന്ന് ചെവികൂർപ്പിക്കുകയും ചെയ്തു.
     “അല്ല,  ആത്മഹത്യ ചെയ്യാനായിട്ട്  വീട്ടിൽ അവനെന്തെങ്കിലും പ്രോബ്ലമുള്ളതായി ആരും ഒന്നും പറയുന്നത് കേട്ടിട്ടില്ല. ഇതാക്സിഡന്റ്തന്നേരിക്കും. മറ്റതെല്ലാം വെറ്തേ പറയ്ന്നതാ
    രേവതി ടീച്ചർ പറഞ്ഞു.
    സോളമൻ മാഷ് രേവതി ടീച്ചറെ എതിർത്തു:
    “വീട്ടിൽ മാത്രമാണോ പ്രശ്നമുണ്ടാവുക..? സകൂളിലെ പ്രശ്നങ്ങളും പോരേ..?.”
    “സ്കൂളിലെന്തു പ്രശ്നം?”
     രേവതി ടീച്ചർ സോളമൻ മാഷെ തുറിച്ചുനോക്കി.
     “ചെക്കൻ പ്ലസ് വണ്ണിൽ ചേർന്ന കാലം മുതൽ ഒരു സ്വൈര്യോം കൊടുത്തിട്ടില്ലല്ലോ ചെലര് ഈ ടീച്ചർത്തന്നെ  കഴിഞ്ഞാഴ്ച്ച ചെക്കനെ ലേബീന്ന് എറക്കി വിട്ടില്ലേ. ? ”
      സോളമൻ മാഷ് എന്നെ നോക്കി കണ്ണിറുക്കി.
      ടീച്ചറെ ദേഷ്യംപിടിപ്പിക്കാനും നിഷ്ക്കളങ്കമായ ദേഷ്യത്തിലെ രസം ആസ്വദിക്കാനുമാണ് സോളമൻ മാഷിന്റെ ശ്രമമെന്നെനിക്ക് മനസ്സിലായി.അതു ഫലിച്ചുവെന്നും തോന്നി.ടീച്ചറുടെ മുഖം ചുവക്കുകയും ശബ്ദമിടറുകയും ചെയ്തു.
  ‘മാഷേ ,ഞാൻ ചെക്കനെ എവിടുന്നും എറക്കിവിട്ടിറ്റൊന്നൂംല്യ പക്ഷേ മാഷ് ഉദ്ദേശിച്ച പിരിയഡ് ഏതെന്ന് എനിക്ക് മനസിലായി  അന്നെന്താണ് നടന്നതെന്ന് ഞാമ്പറയാം മാഷേ…”
   “ എന്നാ പറ…’
     സോളമൻ മാഷ്  ചിരിച്ചു.
     ഏവരും ചെവി കൂർപ്പിച്ചു. അക്ഷമയുടെ മുൾക്കിരീടം ചുമക്കുന്നവരെ കണ്ട് സോളമൻ മാഷ് മനസ്സിലും ഊറിച്ചിരിക്കുന്നുണ്ടാകണം.. വിശാലമായ ആകാശത്തിനു കീഴേ സ്റ്റാഫ് റൂമിന്റെ ശ്രദ്ധയും സ്വച്ഛതയും കൈവരുന്നതുപോലെ എനിക്കും തോന്നി.
     ടീചർ ഗൗരവത്തോടെ പറഞ്ഞു തുടങ്ങി:
     “അന്ന് സെൻട്രലാ ഏഷ്യാറ്റിക്കാ സ് റ്റേമാണ് എവനോട് കൊണ്ടുവരാൻ പറഞ്ഞത്. എവൻ കൊണ്ടുവന്നതോ  ഒറൈസാ സറ്റൈവയും. എവൻ ഇപ്പോഴാ ടേബിളിൽ കിടക്കുന്നപോലെ വെറ്തെയിരിക്കണ്ടാന്ന് കരുതിയാണ് അതുവച്ച് എക്സ്പെരിമെന്റ് ചെയ്തോളാൻ ഞാൻ പറഞ്ഞത്. അവൻ സ് റ്റേം കഷ്ണങ്ങളാക്കി ബേസിൽ വെച്ച് സ്കോപ്പിന്റെ മുൻപില് കുനിഞ്ഞിരുന്നു. ഒരു സയന്റിസ്റ്റിന്റെ ഗൗരവമായിരുന്നു ആ ഇരിപ്പിന്.അതുകണ്ട്  ഒരു ചിരി ഉറന്നുവന്നത് ഞാൻ പണിപ്പെട്ട്              നിയന്ത്രിച്ചു. അവൻ മോണോക്കോട്ടിന്റെ ഫീച്ച്ഴ്സും ഭാഗങ്ങളും ബൈഹാർട്ട് പഠിച്ചിട്ടുണ്ടാകുമെന്നും അതു കണ്ടുപിടിക്കുകയാണേന്നും വിചാരിച്ചാണ് ചിരിയടക്കിയത്.
    “ഇപ്പോൾ എന്തുകാണുന്നുണ്ട്.?”--  ഞാൻ ചോദിച്ചു.
    എല്ലാം കാണുന്നുണ്ട്.‌‌--  അവൻ പറഞ്ഞു.
    “കണ്ടം മുഴുവൻ കാണുന്ന്ണ്ട്. തൗവക്കണ്ടാണ് കയ്യാല കോരിത്തിരിച്ച് വരമ്പതിരിട്ടിന് ..കൈക്കോട്ടിന്റെ  കൊയയുടെ അടയാളവും കാണാന്ണ്ട്വെതക്ക് മുൻപ് ബെണ്ണീറ് കൂട്ടിപ്പിടിച്ച്പാറ്റീന്.”
          നീ എന്തുകാണുന്നൂംന്നാ പറേന്നേയ്…വാസ്കുലർ ബൻഡൽസ്സ് കാണ്ന്നില്ലേ..?-
          ഞാൻ ചോദിച്ചു.
          അതും കാണ്ന്ന്ണ്ട്.---അവൻ പറഞ്ഞു.
         “മൂന്നു തവണ ചാലെടുത്തതിന്റെ അടയാളം കാണാന്ണ്ട്...ആണികീറിയതിന്റെയും ഏഴാം നീര് കെട്ടിനിർത്തിയതിന്റെയും ലക്ഷണം കാണാന്ണ്ട്.തോല് എറക്കീറ്റ് മരക്കലം കൊണ്ട് നെരത്തീന്കയ്യാണി ബെച്ചിന്…..
         എനിക്ക് ചിരി നിയന്ത്രിക്കാനായില്ല.
         അതുകേട്ട് അവൻ സ്കോപ്പിൽ നിന്ന് മുഖമുയർത്തി.വയലിലെ ചെളിയിൽനിന്നെപോലെ  മേശയ്ക്കടിയിൽ നിന്ന് കാലുകൾ ഊരിയെടുത്ത് നിവർന്നിരുന്നു.
      “ സെൻട്രലാ ഏഷ്യാറ്റിക്കാ സ്റ്റം   കൊണ്ടുവരാതെ നീ എക്സ്പെരിമെന്റ് ചെയ്യേണ്ട…”-- ഞാൻ പറഞ്ഞു
          അവൻ എഴുന്നേറ്റ് സ്പെസിമാൻ നിരത്തിയ ഗ്ലാസ്സ് റാക്കിൽ ലജ്ജയോടെ ചാരിനിന്നു. മറ്റ് കുട്ടികൾ സ്കോപ്പിൽ തല പൂഴ്ത്തി ശ്രദ്ധയോടെ ഓരോന്ന് നിരീക്ഷിച്ച് വർക്ക് ബുക്കിൽ കുറിച്ചിടുന്നുണ്ടായിരുന്നു. അവൻ കൗതുകക്കാഴ്ച്ചകൾ കാണുന്ന പോലെ റേക്കിന്നോരം ചേർന്ന് നടക്കാൻ തുടങ്ങി. അവന്റെ മുഖം റാക്കിലെ സ്പിരിറ്റ് നിറച്ച ഗ്ലാസ്ഭരണിയിലൂടെ ഞാൻ കണ്ടു. സ്പിരിറ്റിൽ മുങ്ങി നിൽക്കന്നകാൻഡലിയാ കാൻഡലിന്റെ സ്പെസിമാൻ നോക്കി അവൻ മുഖം കൂർപ്പിച്ചു .ഒറൈസ സറ്റൈവായുടെ സ്പെസിമാൻ നോക്കി മൂക്കു വിടർത്തി ഗന്ധം                                                              
വലിച്ചെടുക്കുന്നതുപോലെ അഭിനയിച്ചു. മാഞ്ചിഫെറാ ഇൻഡികായുടെ സ്പെസിമാൻ നോക്കി നാക്ക് പുളിരസം ഊറിയതുപോലെ പുറത്തേക്കിട്ടു.
            ഞാൻ പറഞ്ഞു.:
         “എടാ, മോണോക്കോട്ടിന്റെ ഫീച്ചേർസ് അറീല്ലേ നിനക്ക്?.പറഞ്ഞുതരാം. സ്കോപ്പില് കണ്ടാല് നെന്റെ മൊകംപോലിരിക്കും. എപ്പിഡർമ്മൽ എയേർസ് ഉണ്ടാവില്ല. വാസ്കുലർ ബൻഡൽസും നെന്നെപോലിരിക്കും. മന്ദപ്പനെപ്പോലെ..ഇനി നീ  ഇവിടെ  നിന്ന് നേരം കളയണ്ട. നാളെ സാമ്പിള് കൊണ്ടു വന്ന് എക്സ്പെരിമെന്റ് ചെയ്താമതി.”
         അന്നേരം  അവൻ മുഖം സങ്കോചിപ്പിച്ച് കൊണ്ട് കെഞ്ചി:
        “ടീച്ചറേ, അബര്  കൊണ്ടുവന്നേന്റെ ബാക്കി ചെയ്തോളാം…”
        “ അതു പറ്റില്ല. “
          ഞാൻ സ്ട്രിക്റ്റായി നിന്നു. അന്നേരം അവൻ അനുസരണയുള്ള കുഞ്ഞായിമാറി.”ടീച്ചറേ.  എന്നാ ഞാൻ നാളെ ബെരാം..”-എന്ന്  ഈണത്തിൽപ്പറഞ്ഞ് അപ്രത്യക്ഷനായി. പിറ്റേന്ന് കറക്ട്സമയത്ത് ഏഷ്യാറ്റിക്കാ സ്റ്റമ്മുമായി ലേബിൽ ഹാജരാകുകേം ചെയ്തു.എക്സ്പെരിമെന്റ് ചെയ്തോളാൻ ഞാൻ അനുവദിച്ചു.അനുസരണാശീലത്തിന്ന് അവനെ അഭിനന്ദിക്കുകയും അപ്പത്തന്നെ റെക്കോഡിൽ സൈൻ ചെയ്തുകൊടുക്കുകേം ചെയ്തു
        “ഇതാണുണ്ടായത്.ഞാനവനെ ലേബിൽന്നിന്ന് എറക്കിവിട്ടിട്ടില്ല.അവൻ കാര്യം മനസ്സിലാക്കി സ്വയം വിരമിച്ചതാണ്..ദൈവത്തണേ , ഞാനവനെ മെന്റലി ഫിസ്സിക്കലി വേദനിപ്പിച്ചിട്ടില്ല. എന്നാലവനെ തല്ലുന്നത് പതിവാക്കിയവരും ഇക്കൂട്ടത്തിലുണ്ട്.അതാരാന്ന് ഞാമ്പറയണ്ടാല്ലോ..?
      രേവതിടീച്ചർ പറഞ്ഞു നിർത്തി.അവർ ഒരോ മാഷിന്റെയും കണ്ണുകളിൽ കയറിയിറങ്ങി. പതിവിന്ന് വിപരീതമായി ആ മുഖത്ത് നിശ്ചയദാർഢ്യം തിളങ്ങിനിന്നു.. ചുണ്ടിൽ ഇടയ്ക്കിടെ ഗൂഢമായ ചിരി പ്രത്യക്ഷപ്പെടുകയും വാ പൊളിച്ച് അത് മറയ്ക്കാൻ ശ്രമിക്കുകയും ചെയ്തു അപ്പോഴൊക്കെ സോളമൻ മാഷിനെ ഒളികണ്ണിട്ട് നോക്കി.
     അപ്പോൾ മനോജ് മാഷ് പറഞ്ഞു:
     “സോളമൻമാഷ് സൂക്ഷിക്കണം .ചെക്കൻ അകത്ത് ഗതി കിട്ടാണ്ട് കെടക്കേണ്.ല്ലാം ഏറ്റുപറയാനുള്ള സമയം ആഗതമായിരിക്കയാണ്..”
     ഏവരും ചിരിച്ചുപോയി. അത്രനേരവും സോളമൻ മാഷ് ഒന്നും മിണ്ടാതെ പ്രതി താനല്ലെന്ന  മട്ടിൽ നിൽക്കയായിരുന്നു.അയാൾ മനോജ് മഷിനെ പകയോടെ നോക്കി. നഗ്നനാക്കപ്പെട്ടതിന്റെ ചമ്മൽ മറയ്ക്കാനായി അയാൾ ക്ലാസെടുക്കുന്ന ഒച്ചയിൽ പറഞ്ഞു:
     ഓഅതുശരിഅപ്പോ,കാര്യങ്ങളുടെ കെടപ്പ്  അങ്ങനെയാണല്ലേഎന്നാ മനോജ് കേട്ടോളൂഎവനെ (മോർച്ചറിയുടെ നേർക്ക് വിരൽ ചൂണ്ടി) ഞാൻ  തല്ലീറ്റ്ണ്ട്. പക്ഷേ കൃത്യമായ കാരണോമുണ്ട്. അറിയണമെങ്കില് പറഞ്ഞു തരാംവേണോ..?
    മനോജ്മാഷ് തലയാട്ടി.
    ഏവരും ചെവി കൂർപ്പിച്ചു.
    സോളമൻമാഷ് പറഞ്ഞു തുടങ്ങി:
    “നമ്മൾ സംഘടിപ്പിച്ച എൻട്രൻസ് ഓറിയന്റഡ് സ്പെഷ്യൽ കോച്ചിങ്ങിന്റെ സമയത്തണ് ആദ്യമായി തല്ലേണ്ടി വന്നത്. സെലക്ടഡ് സ്റ്റുഡൻസ്സിനാണ് നമ്മൾ ക്ലാസ്സ് സംഘടിപ്പിച്ചിരുന്നത്. ഓർമ്മയില്ലേ..? എവൻ സെലക്ട് ചെയ്യപ്പെട്ടിട്ടില്ലായിരുന്നു. ക്ലാസ്സ് തുടങ്ങുന്നതിന്റെ തലേദിവസം വൈകീട്ട്  എവൻ സ്റ്റാഫ് റൂമിൽ വന്നിരുന്നു.. എവനേയുംകൂടി എൻട്രൻസ്സ് കോച്ചിങ്ങിൽ ഉൾപ്പെടുത്തണമെന്നായിരുന്നു ആവശ്യം
     “എടാഈ സ്ഥാപനത്തിൽ ഓരോന്നിനും ഓരോ ക്രൈറ്റീറിയ ഉണ്ട്. ഓരോ കുട്ടിയേയുംക്കുറിച്ച് ടീച്ചേഴ്സിന്ന് നന്നായറിയാംഎൻട്രൻസെഴുതാൻ നീ യോഗ്യനല്ല എന്ന് മാത്രം അറിയുക…”
     ഞാൻ പറഞ്ഞു
     മേഷേപ്ലീസ്സ്ഞാൻ മേഷ് പറേന്നപോലെ ചെയ്തോളാം..എന്നക്കൂടെ-
     ആകാവുന്നത്ര മുഖം ചെറുതാക്കി എവൻ ശബ്ദം നീട്ടി വലിച്ചു.
     “ഇനിയിവിടെ നിന്നാൽ തല്ലുകിട്ടും. വീട്ടീപ്പോടാ                                                          
      ഞാൻ ശബ്ദമുയർത്തിയപ്പോൾ എവൻ സ്കൂൾ മൈതാനവും കടന്ന് മറഞ്ഞു. അതോടെ ശല്ല്യം തീർന്നെന്നാണ് ഞാൻ കരുതിയത്. എന്നാൽ പിറ്റേന്ന് ഞാൻ എൻട്രൻസ്സ് ഫിസിക്സ് ക്ലാസ്സ് നടത്തുമ്പോൾ എവൻ ക്ലാസ്സിന്നു മുന്നിലൂടെ അങ്ങുമിങ്ങും പിച്ചവച്ച്നടക്കുന്നു. ഇടയ്ക്ക് സ്റ്റാന്ററ്റീസായി നിൽക്കുന്നു. ക്ലാസ്സിനകത്തേക്ക്  എത്തിനോക്കുന്നു.. കുട്ടിളുടെ അറ്റൻക്ഷൻ ക്ലാസ്സ് വിട്ട് പറക്കുന്നു. ഞാൻ ആകാവുന്നത്ര ഉച്ചത്തിൽ ഒരു ലഘു പ്രഭാഷണം നടത്തിനോക്കി:
    “ സ്റ്റുഡൻസ്, വീ ആർ ഇന്ററെസ്റ്റഡ് ഇൻ ഡിറ്റർമിനിങ്ങ് ദ പൊട്ടൻഷ്യൽ എനർജി ഓഫ് എ ഗിവൺ ചാർജ് ഇൻ ദ ഫീൽഡ്. വീ ആർ നോട്ട് ഇന്ററെസ്റ്റഡ് ഇൻ ദ എക്സ്റ്റണൽ എലക്ട്രിക്കൽ ഫീൽഡ്
     പക്ഷേ നിഷ്പ്രയോജനമായിരുന്നു. ഓരോരുത്തനും ഓരോ അവളുമാരും വിക്കിവിക്കിയുള്ള അവന്റെ നടത്തവും പൊട്ടൻ തെയ്യത്തിന്റെ ഭാഷയും ആസ്വദിക്കയായിരുന്നു. ഞാൻ വാതിൽക്കലേക്ക് ചെന്നു. എവന് കൂസ്സലില്ലായിരുന്നു. നടത്തം നിർത്തിയില്ല.” പോടാ’എനിക്ക് അലറണ്ടിവന്നു. അവന്റെ തോളിൽ ചെറുതായി ഒന്നു തട്ടുകേം ചെയ്തു. അപ്പോഴവൻ വീഴുന്നതായി നടിച്ചു. അവന്റെ പാക്ക് സഞ്ചി താഴെവീണു. അതിൽ നിന്ന് ചോറ്റുപാത്രം ഉരുണ്ടിറങ്ങി. അത് കുറേ ദൂരം ഉരുണ്ടുചെന്ന് അവനെ പോലെ വാ പിളർന്നു. അതിൽ നിന്ന് മുരിങ്ങാകഷ്ണവും തക്കാളി വഴറ്റിയതും വെള്ളരിച്ചോറും ഉണ്ടക്കണ്ണൻ പയർ വറവും തീട്ടത്തിന്റെ നിറമുള്ള പരിപ്പ് കറിയും നിലത്ത് കുഴഞ്ഞു കിടന്നു. അവന്ന് കൂസലേതുമില്ല. അവൻ കുനിഞ്ഞു നിന്ന് അത് വാരി പാത്രത്തിലാക്കാനൊരുങ്ങി.
    ഞാൻ പറഞ്ഞു:
    “ഇനി നിന്നെ ഈട കണ്ടുപോകരുത്. ചോറ് വാരി ആ വേസ്റ്റ് പിറ്റിൽ കളഞ്ഞേക്കൂ..ഇന്ന് ഉച്ചയ്ക്ക് നിനക്ക് ചോറ് എന്റെ വകഉച്ചയ്ക്ക് സ്റ്റാഫ് റൂമിൽ വാ..പണം ഞാൻ തരാംവിദ്യാർഥികളുടെ ചോറ് അപഹരിച്ച പഴയ വാധ്യാന്മാരുടെ കൂട്ടത്തിൽ എന്നെ പെടുത്തേണ്ട...”
    ഞാൻ വാതിൽ എവന്റെ നേർക്ക് കൊട്ടിയടച്ചു. പേടിച്ചരണ്ട കുട്ടികളോട് ,ഗൗരവത്തിൽ എന്നാൽ സമാധാനമായി ക്ലാസ്സെടുത്തു.
    ഇതാണാദ്യത്തെ സംഭവം. മറ്റൊരിക്കൽ ക്ലസ്സിന്നകത്തുവെച്ചുതന്നെ അവനെ തല്ലേണ്ടിവന്നു.
    ഒരു ബുധനാഴ്ച്ച .ഇന്റർവെല്ലിന്നുശേഷം മൂന്നാമത്തെ മൂന്നാമത്തെ പിരിയഡായിരുന്നു  ഞാൻ ക്ലാസെടുത്തുകൊണ്ടിരിക്കുമ്പോൾ കുട്ടികൾക്കിടയിൽ ഒരു നേർത്ത ആരവം കേൾക്കാൻ കഴിഞ്ഞു. പച്ചമാങ്ങ  കരളുന്നശബ്ദവും മണവും എന്റെയടുത്ത് ഇഴഞ്ഞെത്തി. രണ്ടാം ബെഞ്ചിലിരുന്ന സനലിനെ ഞാൻ എഴുന്നേറ്റു നിർത്തിച്ചു. അവൻ പേടിച്ചരണ്ട് സത്യം തുറന്നുപറഞ്ഞു:
     “സേർ, എവന്റെ സഞ്ചീല് പച്ചമാങ്ങേം വിളിമ്പിയുമൊണ്ട്മൊളക് പൊടീം ഉപ്പും കൊണ്ടന്നിന്ന്. എല്ലാരിക്കും കൊട്ത്തിന്..എനക്ക് തന്നില്ല.”
    എവൻ സ്വയമെഴുന്നേൽക്കും മുൻപ് ഞാൻ തോളിൽ പിടിച്ച് എഴുന്നേൽപ്പിച്ചു നിർത്തി.പുറത്തും ഇരുകവിളത്തും ഈരണ്ടെണ്ണം വീതം കൊടുത്തു.
    ജനൂനായ റീസൺസുണ്ട് രണ്ട് സന്ദർഭങ്ങളിലും. ഞാനല്ല,ആരായാലും അത്തരം സന്ദർഭങ്ങളിൽ എവനെത്തില്ലിപ്പോവും.
    സോളമൻ മാഷ് പറഞ്ഞു നിർത്തി .രേവതി ടീച്ചറുടെ നേർക്ക് കണ്ണയച്ചു. ഡയലോഗ് പറഞ്ഞ് നായികയെ കീഴ്പ്പെടുത്തിയ നായകന്റെ മുഖഭാവമായിരുന്നു അയാൾക്കപ്പോൾ. ഇട്യ്ക്കിടെ പകയോടെ മോർച്ചറിക്കെട്ടിടത്തിന്റെ വാതിൽക്കലേക്ക് നോക്കുകയും കണ്ണുകൾ പിൻവലിച്ച് കെട്ടിടത്തിന്റെ മുകളിലേക്ക് നട്ട് അല്പനേരം പ്രാർഥനാനിർഭരമായ മുഖത്തോടിരിക്കുകയും ചെയ്തു. അയാളുടെ ഈ പ്രക്രിയകൾ മറ്റ് മാഷന്മാരെല്ലാം ഒന്നും ഉരിയാടാതെ കുറേ നേരം നോക്കിനിന്നു.. ഭാഷയില്ലാത്ത ഏതോ പ്രാകൃത ജനവിഭാഗത്തിന്റെ മുഖചുളിവുകളെ ഓർമിപ്പിച്ചു ഞങ്ങളുടെ മൗനം. ശിലായുഗത്തിൽ,ഗുഹാമുറ്റത്ത് കൂടിച്ചേർന്ന,പ്രേതകഥകേട്ട് വിറങ്ങലിച്ച മനുഷ്യരെപോലെ ഏവരുടേയും മുഖത്ത് ഭയം കൂടുകൂട്ടിയിരിക്കുന്നതായും തോന്നി.
     നമ്പൂതിരി മാഷ് മൗനം ഭഞ്ജിച്ചു:
     “ചെക്കൻ ഒരു സാധാരണ വിദ്യാർത്ഥിയാണ്. കേട്ട ഒന്നാമത്തെ കഥയിൽ അവൻ അനുസരണാശീലമുള്ള വിദ്യാർത്ഥിയാണ്. രണ്ടാമത്തെ കഥയിലാകട്ടെ ബാലസഹജമായ സ്വഭാവം പ്രകടിപ്പിച്ചുവെന്നേയുള്ളൂ. ചെക്കന്റെ മനസ്സിനെ അലോസരപ്പെടുത്തുന്ന  എന്തെങ്കിലും സംഭവിച്ചുവെന്ന് കരുതാൻ വയ്യ. മികച്ച സ്കോർ ലഭിക്കുന്നതിന് തല്ലലും ഭേദ്യം ചെയ്യലുമെല്ലാം അല്പം വേണമെന്ന്  രക്ഷിതാക്കളും കുട്ടികളും ഒരുപോലെ അംഗീകരിക്കുന്ന  കാലമാണിത്.                                                    
 അതുകൊണ്ട് രണ്ട് പേരുടേയും കഥനങ്ങളിൽ പുതുതായി എന്തെങ്കിലുമുള്ളതായി എനിക്ക് തോന്നുന്നില്ല.”
     രഞ്ജിത്ത് മാഷ് ആ വാദത്തെ പിന്തുണച്ചു:
     “അത്യാവശ്യം വിദ്യാർത്ഥികളെ തല്ലാത്ത മാഷൻമാരാരെങ്കിലുമുണ്ടാവ്വോ ഇക്കാലത്ത്?
     “അതിന്നോട് ഞാനും ഹഡ്രഡ്ഡ് പർസന്റ് യോജിക്കുന്നു.”
      മനോജ് മാഷ് പറഞ്ഞു.
      രേവതി ടീച്ചറുടെ വലിഞ്ഞു മുറുകിയ മാംസപേശികൾ അയഞ്ഞ് മുഖം പ്രകാശം പൊഴിക്കുന്നു-   ണ്ടായിരുന്നു.ഴികളിൽ നിന്ന് പൗഡർ തൊലിയിലേക്ക് പരന്ന് പ്രകാശിക്കയായിരുന്നു.
    “ചെക്കൻ ആത്മഹത്യചെയ്യാനായിട്ട് ഒരു കാരണവും ഞാൻ കാണുന്നില്ല.”
     മധുസൂദനൻ മാഷ് പറഞ്ഞു.
    “ഇന്നലത്തെ സംഭവത്തിന് ഉണ്ണികൃഷ്ണൻ മാഷ് ദൃക്സാക്ഷിയായിരുന്നില്ലേ? മാഷ്ക്കെന്തുതോന്നുന്നു?”
    അതുവരെ ആരാലും ശ്രദ്ധിക്കപെടാതെ മോർച്ചറിയുടെ മതിലിന്റെ നിഴൽ പറ്റിനിന്നിരുന്ന ഗൗതമൻ മാഷ് പൊടുന്നനെ സദസ്സിലേക്ക് വന്ന് ചോദിച്ചു:
    ഉണ്ണികൃഷ്ണൻ മാഷ് ആലോചനയിലാണ്ടിരുന്നു. പൊടുന്നനെ പറഞ്ഞു:
    “എനിക്ക് ഇതിലൊരുവിധി കൽപ്പിക്കാമ്പറ്റ്ന്നില്ല. കണ്ടവർക്ക് ഇതൊരു ആത്മഹത്യയായും ആക്സിഡന്റായും തോന്നാം. പക്ഷേ ഒരേ സമയം രണ്ടും സംഭവിക്കാൻ വഴിയില്ലല്ലോ? വേണമെങ്കിൽ ഇന്നലത്തെ സംഭവങ്ങൾ ഞാൻ വിശദമായി പറയാം കേട്ടിട്ട് നിങ്ങൾ തിരുമാനിക്ക്, ആത്മഹത്യയാണോ  ആക്സിഡന്റാണോ എന്ന്…”
   “മാഷ് വേഗം പറയ്എന്താ മാഷേ സംഭവിച്ചത്..?”
    രേവതി ടീച്ചർ ഉത്കണ്ഠ പൂണ്ടു.
   ഉണ്ണികൃഷ്ണൻ മാഷിന്റെ മുഖം വലിഞ്ഞു മുറുകി. ആ മുഖത്ത് ഓർമയുടെ ധ്യാനം കനത്തു. കണ്ണുകൾ മുകളിലേക്കുയർത്തി മാഷ് കഥനം ആരംഭിച്ചു:
    “ഇന്നലെ രാവിലെ അവനെ ഞാൻ കണ്ടത് ട്യൂഷൻ സെന്ററിന്റെ മുൻപിലായിരുന്നു. ഇവൻ ആ തുരുമ്പിച്ച നാലാംകിട സൈക്കിളിൽ ട്യൂഷൻ സെന്ററിന്റെ മുൻപിലുള്ള റോഡിലൂടെ വരികയായിരുന്നു. ഇന്റർവെൽ സമയമായതുകൊണ്ട് കൈയ്യിൽ ചോക്കും പിടിച്ച് ഞാൻ വെറ്തെ റോഡിലേക്ക് നോക്കി നിൽക്കയായിരുന്നു.. സൈക്കിളിൽ ആടിപ്പാടി സഞ്ചരിക്കുമ്പോഴും അവൻ ട്യൂഷൻ സെന്ററിന്റെ നേർക്ക് കണ്ണയച്ചുകൊണ്ടിരുന്നു.  ഗ്ലാസ്സിനകത്തായിരുന്നിട്ടും എന്നെ അവൻ കണ്ടുപിടിച്ചു. അവൻ കൈവിരൽ ഗ്ലാസ്സിനകത്തേക്ക് ചൂണ്ടിയും കൈപ്പത്തി നെഞ്ചിൽ വച്ചും ചില ആംഗ്യങ്ങൾ കാണിച്ചു. അപ്പോഴാണെനിക്കോർമവന്നത്: രണ്ട് ദിവസം മുൻപ് എന്റെ പിരിയഡ് കഴിഞ്ഞപ്പോൾ ക്ലാസ്സ്മുറിക്ക് പുറത്ത് വന്ന് രഹസ്യമായി അവൻ എന്നോട് ചിലത് ചട്ടം കെട്ടിയിട്ടുണ്ടായിരുന്നു. നാരായണങ്കുട്ടി മാസ്റ്ററുടെ ട്യൂഷൻ സെന്ററിൽ താൻ കൂടി വരുമെന്നും പണം ഗഡുക്കളായി അടയ്ക്കാൻ ഞാൻ നാരായണങ്കുട്ടിയോട് റക്കമെന്റ് ചെയ്യണമെന്നന്മായിരുന്നു അവന്റെ രഹസ്യം പറച്ചിൽ. അവനെങ്ങനെയാണ് എൻട്രൻസ് കോച്ചിങ്ങിനുള്ള ഭീമമായ പണം അടയ്ക്കുക എന്നാലോചിച്ച് ഉത്തരം കിട്ടാഞ്ഞപ്പോൾ അവന്റെ അഡ്മിഷൻ കാര്യം അപ്പോൾ തന്നെ ഞാൻ മറന്നു കഴിഞ്ഞിരുന്നു. ആ നേരത്ത് അവന്റെ കൈപ്പത്തിയുടേയും വിരലുകളുടേയും  ചലനങ്ങൾ കണ്ടപ്പോഴാണ് അതെനിക്കോർമ്മവന്നത്. എങ്കിലും ഞാൻ കുറച്ചുനേരം അവിടെതന്നെ നിന്നു. അവൻ ഒഴിഞ്ഞു പോകുമെന്ന് കരുതി കാത്തുനിന്നു. അപ്പോൾ അവൻ വഴിയോരത്തെ പച്ചക്കറിക്കടക്കാരന്റെ മുചക്രവണ്ടിയെ വലംവെചു. സൈക്കിളോട്ടക്കാരന്റെ അഭ്യാസം പോലെ അവൻ ചില നമ്പറുകൾ കാണിച്ചു. ഉന്തുവണ്ടിയെ പലപ്രാവശ്യം സാവകാശം വലംവച്ചു. സൈക്കിളിൽ നിന്നിറങ്ങാതെ വണ്ടിയിലെ ചെറുകുന്നുകളായി കിടന്നിരുന്ന പച്ചക്കറികളിൽ തലോടി. ഒരു മുഴുത്ത തക്കാളിയെടുത്ത് മണത്തു നോക്കി. ഒരു വെണ്ടക്കയുടെ വാലറ്റം പൊട്ടിച്ചു വായിലിട്ടു. കാരറ്റിന്റെ പകുതി കഷ്ണം പൊട്ടിച്ച് വായിലാക്കാനൊരുങ്ങിയപ്പോൾ കടക്കാരൻ അതു പിടിച്ചു വാങ്ങി കൂനയിലേക്ക് തിരിച്ചിട്ടു. അവൻ ഇളഭ്യനായി എന്നെ നോക്കി. പഴയ ചേഷ്ടകൾ തുടർന്നു. എനിക്ക് അവനോട് അല്പം സഹതാപം തോന്നുകയും ഞാൻ നാരായണൻകുട്ടി മാസ്റ്ററുടെ ക്യാബിനിൽ ചെലുകയും ചെയ്തു. ഞാൻ കാര്യം അവതരിപ്പിച്ചപ്പോൾ നാരായണൻകുട്ടി മാസ്റ്റർ ആശ്ചര്യത്തോടെ എന്നെ നോക്കി. കട്ടിക്കണ്ണടയ്ക്കുള്ളിൽ നിന്ന് കണ്ണൂകൾ പറിച്ചെടുത്ത് ടൈയ്ക്കുംവാൻഹ്യൂസൻ ഷർട്ടിനുമടിയിലെ  എന്റെ നെഞ്ചിൽ                                                                
 നിക്ഷേപിച്ചു കൊണ്ടു നരായണൻ കുട്ടിമാഷ് ചോദിച്ചു: “മാഷ്ക്ക് ഹവറിന്നല്ലേ ഞാനിപ്പത്തരുന്നത്  അത് മിനിറ്റുകളാക്കി വിഭജിച്ച് ഇൻസ്റ്റാൾമെന്റിൽ തന്നാ മതിയോ. അതൊന്നും നടപ്പില്ല മാഷേ. മാഷ് ഇങ്ങനെയൊരു റെക്കമെന്റേഷനും കൊണ്ട് ഈ ക്യാബിനിൽ വരാമ്പാടില്ലായിരുന്നു.”
         അക്കാര്യം അപ്പോൾ തന്നെ ചെക്കനെ അറിയിക്കാനായി ഞാൻ വരാന്തയിൽ ചെന്നു. കണ്ണാട്ടികൂട്ടിനുള്ളിലൂടെ നോക്കിയപ്പോൾ അവൻ പോയിട്ടില്ലായിരുന്നു. അവൻ പച്ചക്കറിക്കാരനെ വട്ടം ചുറ്റുന്നത് അവസാനിപ്പിച്ചിട്ടില്ലായിരുന്നു. അവൻ എന്നെ കണ്ടപ്പോൾ ഞാൻ നിഷേദ്ധാർത്ഥത്തിൽ തലയിളക്കി സൂചന നൽകി. കൈപ്പത്തിയുയർത്തി പൊയ്ക്കൊള്ളാൻ ആംഗ്യം കാണിക്കുകയും ചെയ്തു. അത്  അവന് മനസ്സിലായോ എന്നറിയില്ല. ആ നേരത്താണ് സരസ്വതീവിലാസം ബസ്സ് ചീറിപ്പാഞ്ഞു വന്നത്. ബസ്സിന്റെ വരവിൽ ക്ലാസ്സ് ബെല്ലടിച്ചു വിടുകയും ചെയ്തു. കുട്ടികൾ എന്നെ തള്ളിമാറ്റി താഴേക്ക് പ്രവഹിക്കുകയും ചെയ്തു. ഒമ്പതരയ്ക്ക് സ്കൂൾ ക്ലാസ്സിലെത്താനുള്ള തന്ത്രപ്പാടിലായിരുന്നു അവർ.
      ബസ്സിന്റെ വരവ് കണ്ടിട്ടോ എന്റെ കൈയിളക്കൽ കണ്ടിട്ടോഎന്തോ അവൻ നേരെ വന്ന് ആ പഴഞ്ചൻ ബസ്സിലിടിക്കുകയായിരുന്നു
      ഞാൻ താഴേക്കെത്തിയപ്പോൾ അവൻ ഒരു വഴുതന പോലെ കൂനിക്കൂടികിടക്കുകയായിരുന്നു. അവന്റെ സൈക്കിൾ പയർനുറുക്കിയതുപ്പോലെ  ചിതറിക്കിടക്കയായിരുന്നു. വണ്ടിയിൽ നിന്ന് തെറിച്ച വെണ്ടക്കയും തക്കാളിയും അവന്റെ രക്തത്തെ അലങ്കരിച്ചു. ഇതാണു സംഭവിച്ചത് അവൻ ബസ്സിന്റെ നേർക്ക് സൈക്കിളോടിച്ചതോ പച്ചക്കറി വണ്ടിയെ രക്ഷിക്കാൻ ശ്രമിച്ചതോ ബസ്സ് അവനെ ഇടിച്ചുതെറിപ്പിച്ചതോ ഒന്നും കൃത്യമായി പറയാനാവില്ല.”
      ഉണ്ണികൃഷ്ണന്മാഷ് കിതച്ചു കൊണ്ട് പറഞ്ഞു നിർത്തി. മാഷിന്റെ ഒടുവിലത്തെ കോപ്ലക്സ് സെന്റൻസ്സ് ഏവരുടെ മുഖത്തും ഓളങ്ങൾ സൃഷ്ടിച്ചു.
      രേവതി ടീച്ചർ ചിന്തയിലാണ്ടു. സതീശൻ മാഷ് മോർച്ചറിയുടെ അടഞ്ഞ വാതിലിലേക്ക് നോക്കി ഉത്തരം തേടി. നമ്പൂതിരിമാഷ് കഷണ്ടിതടവി ചിന്തയിലാണ്ടു.
      “മോർച്ചറിയുടെ വാതിൽ തുറക്കുന്നു
       പൊടുന്നനെ സോളമൻ മാഷിന്റെ ആഹ്ലാദശബ്ദം മുഴങ്ങി. ഏവരും സോളമൻമാഷിനെ നന്ദിപൂർവം നോക്കിക്കൊണ്ട് എഴുന്നേറ്റു.
      “ഇതെന്തുരു സ്മെല്ലാണ്. പച്ചമുളക് അരിഞ്ഞതിന്റെയാണെന്നു തോന്നുന്നുമൂക്കിൽ നീറിപ്പിടിക്കുന്നു.”
      നമ്പൂതിരി മാഷ് നടത്തത്തിനിടയിൽ പറഞ്ഞു. ഞാൻ നോക്കുമ്പോൾ തകരം കൊണ്ട് മറച്ച കടയ്ക്കകത്ത് മേശമേൽ ഉള്ളിയും പച്ചമുളകും അരിഞ്ഞ് കൂനകൂട്ടിവെച്ചിരിക്കുന്നു. കണ്ണിൽപെട്ടില്ലെങ്കിലും ഇഞ്ചിയുടേയും രൂക്ഷമായ ഗന്ധം അവിടെയാകെ വ്യാപിച്ചിരുന്നു..
      ഇതാ വരുന്നുണ്ട്
      അവന്റെ ബോഡി തന്നെയാണെന്ന് തോന്നുന്നു.
      രതീശൻമാഷ് വിളിച്ചു പറഞ്ഞു. ചെക്കന്റെ ബന്ധുക്കളും അതുകേട്ട് മോർച്ചറിയുടെ നേർക്ക് പായുന്നുണ്ടായിരുന്നു. വെള്ള പുതച്ച ശരീരം മരവാതിലും കമ്പിയിഴകളും തുറന്ന് സ്ട്രെച്ചറിൽ അറ്റൻഡറുടെ കൈകളിലൂടെ പുറത്തേക്ക് വന്നു. അപ്പോൾ അവിടെയാകെ ചോരയുടേയും മാംസത്തിന്റെയും മണം പരന്നപോലെ തോന്നി. ആ ഗന്ധം ഉള്ളിയുടേയും പച്ചമുളകിന്റെയും ഇഞ്ചിയുടേയും ഗന്ധങ്ങളുമായി കൂടിച്ചേർന്നു.