“ആക്സിഡന്റുകളും
ആത്മഹത്യകളും ഇങ്ങനെ വർധിച്ചിട്ടും പോസ്റ്റ്മോർട്ടത്തിനുള്ള സൗകര്യം
വർധിപ്പിക്കുന്നില്ലല്ലോ മാഷേ…ഇതെന്തൊരു
കഷ്ടമാണ്….”
മോർച്ചറിയുടെ അടഞ്ഞവാതിലിൽ നിരാശയോടെ
നോക്കിക്കൊണ്ട് രേവതിടീച്ചർ പറഞ്ഞു.അവർ തലയിൽ ചുറ്റിയ സാരിത്തുമ്പ് വിടർത്തിയെടുത്ത്
പിൻകഴുത്തിലേക്ക് വീശി മോർച്ചറിക്കെട്ടിടത്തിന്റെ മതിലിന്നടുത്തുവരെ
ചെന്ന് തിരികെ വന്നു.
“നാൽപ്പത്തെട്ട്
മിനിറ്റായി ഈ നിപ്പ് തൊടങ്ങീറ്റ്…എനക്ക്
ബോറടിക്ക്ന്ന്ണ്ട്. കൃത്യം പതിന്നൊന്ന്മണിക്ക്
ഞാനങ്ങ് പോകും…”
രതീശൻമാഷ് പറഞ്ഞു.അയാൾ സ്റ്റാഫ്സെക്രട്ടരി മോഹനൻ
മാഷെ നോക്കിക്കൊണ്ടിരുന്നു. മോഹനൻ മാഷാണ് പോസ്റ്റ്മോർട്ടം സമയത്ത്
ആശുപത്രിയിലെത്തണമെന്ന് നിർദ്ദേശം
നൽകിയത്. പക്ഷേ
മോഹനൻ മാഷ് രതീശൻ മാഷെ നോക്കുകയോ ശ്രദ്ധിക്കുകയോ ചെയ്തില്ല.അയാൾക്കും മടുപ്പ്
ബാധിച്ചിട്ടുണ്ടെന്ന് ആ ചലനങ്ങളിൽ നിന്ന് വ്യക്തമായിരുന്നു.അയാൾ ഇടയ്ക്ക്
പെട്ടിക്കടയുടെയും മതിലിന്റെയും ഇടയിൽ അങ്ങുമിങ്ങും നടന്നു. ഇടയ്ക്ക് കാൽ കവച്ചുവച്ച്
ചരലിൽ കുന്തിച്ചിരുന്നു. അന്നേരത്തൊക്കെ അയാൾ വെയിൽ മറയ്ക്കാനെന്നോണം ഇരുകൈപ്പത്തികളും
കഷണ്ടിയിൽ കമഴ്ത്തിവച്ചു.
“നമ്മുടെ ചെക്കന്റെ
ചെസ്റ്റ് നമ്പറെത്രയാണെന്നറിയോ മാഷേ…?”
സനീഷ് മാഷ് ഒരു
ചെറുചിരിയോടെ അയാളോട് ചോദിച്ചു.
ചോദ്യം കേട്ട് ആദ്യമയാളൊന്ന്
പകച്ചു. പിന്നീട് അതിലെ ഹാസ്യം ആസ്വദിച്ച് ലജ്ജയോടെ പറഞ്ഞു.
“അഞ്ച് കേസുണ്ടെന്നാ
പറയുന്ന കേട്ടിന്…രണ്ട്
സൂയിസൈഡും മൂന്ന് ആക്സിഡന്റും. ഇതിപ്പം രണ്ടാമത്തെയല്ലേ. ആക്സിഡന്റ് കേസുകള് കഴിഞ്ഞാല്
ചെലപ്പോ നമ്മടെ ചെക്കനെ വളിക്ക്വായിരിക്കും.”
“അതിനിപ്പം നമ്മടെ
ചെക്കന്റേത് ആത്മഹത്യാന്നോ ആക്സിഡന്റാന്നോ എന്ന് നിശ്ചയിച്ചിനോ…ചെക്കൻ ബസ്സിന്നു മുന്നിലേക്ക്
സൈക്കിളോടിച്ചു കേറ്റിയതാണെന്നും പറേന്ന്ണ്ട്.”
മധുസൂദനൻ മാഷ് പറഞ്ഞു.
“ശ് ശ്…പതുക്കെപ്പറ…”
രതീശൻ മാഷ് ചുറ്റിലും നോക്കി മുന്നറിയിപ്പ്
നൽകി.
മാഷിന്റെ ഉത്കണ്ഠ അസ്ഥാനത്തായിരുന്നു.
മരിച്ചവന്റെ ബന്ധുക്കളെന്ന് പറയാവുന്ന നാലഞ്ച് പേർ വന്നത് പെട്ടിക്കടയിൽ നിന്ന്
ചായക്കുടിക്കുന്നതിന്റെ തിരക്കിലായിരുന്നു. അവർ ദൂരെയുള്ള കറുത്തിരുണ്ട നിഴലുകളായിരുന്നു. മറ്റ്
സംഘങ്ങളും റോഡിന്നെതിർവശത്ത്
കേൾക്കാ ദൂരത്തായിരുന്നു.ഓരോ
കേസ്സിന്റെയും കൂടെവന്നവർ ഒരോരോ തുരുത്തുകളായി കൂട്ടംകൂടിനിന്നിരുന്നു.
സതീശൻ മാഷിന്റെ ശബ്ദം
താഴ്ത്തിയുള്ള ആംഗ്യം കണ്ടിട്ടാണെന്ന് തോന്നുന്നു ചരൽ പോലെ ചിതറിക്കിടന്നിരുന്ന
മാഷൻമാരെല്ലാം അടുത്തടുത്തുവന്നു.. ഒരു ഓർക്കെസ്ട്രയിലെ ഇൻസ്ട്രുമെന്റ് വായനക്കാരെ
പോലെ അടുത്തടുത്തു നിൽക്കുകയും അന്യന്റെ ശബ്ദത്തിന്ന് ചെവികൂർപ്പിക്കുകയും ചെയ്തു.
“അല്ല, ആത്മഹത്യ ചെയ്യാനായിട്ട് വീട്ടിൽ അവനെന്തെങ്കിലും പ്രോബ്ലമുള്ളതായി ആരും
ഒന്നും പറയുന്നത് കേട്ടിട്ടില്ല. ഇതാക്സിഡന്റ്തന്നേരിക്കും. മറ്റതെല്ലാം വെറ്തേ
പറയ്ന്നതാ…”
രേവതി ടീച്ചർ പറഞ്ഞു.
സോളമൻ മാഷ് രേവതി ടീച്ചറെ
എതിർത്തു:
“വീട്ടിൽ മാത്രമാണോ പ്രശ്നമുണ്ടാവുക..?
സകൂളിലെ പ്രശ്നങ്ങളും പോരേ..?.”
“സ്കൂളിലെന്തു പ്രശ്നം…?”
രേവതി ടീച്ചർ സോളമൻ
മാഷെ തുറിച്ചുനോക്കി.
“ചെക്കൻ പ്ലസ് വണ്ണിൽ ചേർന്ന കാലം മുതൽ ഒരു
സ്വൈര്യോം കൊടുത്തിട്ടില്ലല്ലോ ചെലര്… ഈ ടീച്ചർത്തന്നെ കഴിഞ്ഞാഴ്ച്ച
ചെക്കനെ ലേബീന്ന് എറക്കി വിട്ടില്ലേ…. ? ”
സോളമൻ മാഷ് എന്നെ
നോക്കി കണ്ണിറുക്കി.
ടീച്ചറെ
ദേഷ്യംപിടിപ്പിക്കാനും നിഷ്ക്കളങ്കമായ ദേഷ്യത്തിലെ രസം ആസ്വദിക്കാനുമാണ് സോളമൻ
മാഷിന്റെ ശ്രമമെന്നെനിക്ക് മനസ്സിലായി.അതു ഫലിച്ചുവെന്നും തോന്നി.ടീച്ചറുടെ മുഖം
ചുവക്കുകയും ശബ്ദമിടറുകയും ചെയ്തു.
‘മാഷേ ,ഞാൻ ചെക്കനെ എവിടുന്നും
എറക്കിവിട്ടിറ്റൊന്നൂംല്യ… പക്ഷേ
മാഷ് ഉദ്ദേശിച്ച പിരിയഡ് ഏതെന്ന് എനിക്ക് മനസിലായി… അന്നെന്താണ് നടന്നതെന്ന് ഞാമ്പറയാം
മാഷേ…”
“ എന്നാ പറ…’
സോളമൻ മാഷ് ചിരിച്ചു.
ഏവരും ചെവി
കൂർപ്പിച്ചു. അക്ഷമയുടെ മുൾക്കിരീടം ചുമക്കുന്നവരെ കണ്ട് സോളമൻ മാഷ് മനസ്സിലും
ഊറിച്ചിരിക്കുന്നുണ്ടാകണം.. വിശാലമായ ആകാശത്തിനു കീഴേ സ്റ്റാഫ് റൂമിന്റെ ശ്രദ്ധയും
സ്വച്ഛതയും കൈവരുന്നതുപോലെ എനിക്കും തോന്നി.
ടീചർ ഗൗരവത്തോടെ പറഞ്ഞു
തുടങ്ങി:
“അന്ന് സെൻട്രലാ
ഏഷ്യാറ്റിക്കാ സ് റ്റേമാണ് എവനോട് കൊണ്ടുവരാൻ പറഞ്ഞത്. എവൻ കൊണ്ടുവന്നതോ ഒറൈസാ സറ്റൈവയും. എവൻ ഇപ്പോഴാ ടേബിളിൽ
കിടക്കുന്നപോലെ വെറ്തെയിരിക്കണ്ടാന്ന് കരുതിയാണ് അതുവച്ച് എക്സ്പെരിമെന്റ്
ചെയ്തോളാൻ ഞാൻ പറഞ്ഞത്. അവൻ സ് റ്റേം കഷ്ണങ്ങളാക്കി ബേസിൽ വെച്ച് സ്കോപ്പിന്റെ മുൻപില്
കുനിഞ്ഞിരുന്നു. ഒരു സയന്റിസ്റ്റിന്റെ ഗൗരവമായിരുന്നു ആ ഇരിപ്പിന്.അതുകണ്ട് ഒരു ചിരി ഉറന്നുവന്നത് ഞാൻ പണിപ്പെട്ട് നിയന്ത്രിച്ചു. അവൻ
മോണോക്കോട്ടിന്റെ ഫീച്ച്ഴ്സും ഭാഗങ്ങളും ബൈഹാർട്ട് പഠിച്ചിട്ടുണ്ടാകുമെന്നും അതു
കണ്ടുപിടിക്കുകയാണേന്നും വിചാരിച്ചാണ് ചിരിയടക്കിയത്.
“ഇപ്പോൾ
എന്തുകാണുന്നുണ്ട്.?”-- ഞാൻ ചോദിച്ചു.
എല്ലാം കാണുന്നുണ്ട്.--
അവൻ പറഞ്ഞു.
“കണ്ടം മുഴുവൻ കാണുന്ന്ണ്ട്. തൗവക്കണ്ടാണ് …കയ്യാല കോരിത്തിരിച്ച്
വരമ്പതിരിട്ടിന് ..കൈക്കോട്ടിന്റെ കൊയയുടെ
അടയാളവും കാണാന്ണ്ട്…വെതക്ക്
മുൻപ് ബെണ്ണീറ് കൂട്ടിപ്പിടിച്ച്പാറ്റീന്….”
നീ
എന്തുകാണുന്നൂംന്നാ പറേന്നേയ്…വാസ്കുലർ ബൻഡൽസ്സ് കാണ്ന്നില്ലേ..?-
ഞാൻ ചോദിച്ചു.
അതും
കാണ്ന്ന്ണ്ട്.---അവൻ പറഞ്ഞു.
“മൂന്നു തവണ
ചാലെടുത്തതിന്റെ അടയാളം കാണാന്ണ്ട്...ആണികീറിയതിന്റെയും ഏഴാം നീര്
കെട്ടിനിർത്തിയതിന്റെയും ലക്ഷണം കാണാന്ണ്ട്….തോല് എറക്കീറ്റ് മരക്കലം കൊണ്ട് നെരത്തീന്…കയ്യാണി ബെച്ചിന്…..”
എനിക്ക് ചിരി നിയന്ത്രിക്കാനായില്ല.
അതുകേട്ട് അവൻ
സ്കോപ്പിൽ നിന്ന് മുഖമുയർത്തി.വയലിലെ ചെളിയിൽനിന്നെപോലെ മേശയ്ക്കടിയിൽ നിന്ന് കാലുകൾ ഊരിയെടുത്ത്
നിവർന്നിരുന്നു.
“ സെൻട്രലാ
ഏഷ്യാറ്റിക്കാ സ്റ്റം കൊണ്ടുവരാതെ നീ
എക്സ്പെരിമെന്റ് ചെയ്യേണ്ട…”-- ഞാൻ
പറഞ്ഞു
അവൻ
എഴുന്നേറ്റ് സ്പെസിമാൻ നിരത്തിയ ഗ്ലാസ്സ് റാക്കിൽ ലജ്ജയോടെ ചാരിനിന്നു. മറ്റ്
കുട്ടികൾ സ്കോപ്പിൽ തല പൂഴ്ത്തി ശ്രദ്ധയോടെ ഓരോന്ന് നിരീക്ഷിച്ച് വർക്ക് ബുക്കിൽ
കുറിച്ചിടുന്നുണ്ടായിരുന്നു. അവൻ കൗതുകക്കാഴ്ച്ചകൾ കാണുന്ന പോലെ റേക്കിന്നോരം
ചേർന്ന് നടക്കാൻ തുടങ്ങി. അവന്റെ മുഖം റാക്കിലെ സ്പിരിറ്റ് നിറച്ച ഗ്ലാസ്ഭരണിയിലൂടെ
ഞാൻ കണ്ടു. സ്പിരിറ്റിൽ മുങ്ങി നിൽക്കന്നകാൻഡലിയാ കാൻഡലിന്റെ സ്പെസിമാൻ നോക്കി അവൻ
മുഖം കൂർപ്പിച്ചു .ഒറൈസ സറ്റൈവായുടെ സ്പെസിമാൻ നോക്കി മൂക്കു വിടർത്തി ഗന്ധം
വലിച്ചെടുക്കുന്നതുപോലെ അഭിനയിച്ചു. മാഞ്ചിഫെറാ ഇൻഡികായുടെ
സ്പെസിമാൻ നോക്കി നാക്ക് പുളിരസം ഊറിയതുപോലെ പുറത്തേക്കിട്ടു.
ഞാൻ പറഞ്ഞു.:
“എടാ,
മോണോക്കോട്ടിന്റെ ഫീച്ചേർസ് അറീല്ലേ നിനക്ക്?.പറഞ്ഞുതരാം. സ്കോപ്പില് കണ്ടാല്
നെന്റെ മൊകംപോലിരിക്കും. എപ്പിഡർമ്മൽ എയേർസ് ഉണ്ടാവില്ല. വാസ്കുലർ ബൻഡൽസും
നെന്നെപോലിരിക്കും. മന്ദപ്പനെപ്പോലെ..ഇനി നീ
ഇവിടെ നിന്ന് നേരം കളയണ്ട. നാളെ സാമ്പിള്
കൊണ്ടു വന്ന് എക്സ്പെരിമെന്റ് ചെയ്താമതി.”
അന്നേരം അവൻ മുഖം സങ്കോചിപ്പിച്ച് കൊണ്ട് കെഞ്ചി:
“ടീച്ചറേ, അബര് കൊണ്ടുവന്നേന്റെ ബാക്കി ചെയ്തോളാം…”
“ അതു പറ്റില്ല. “
ഞാൻ
സ്ട്രിക്റ്റായി നിന്നു. അന്നേരം അവൻ അനുസരണയുള്ള കുഞ്ഞായിമാറി.”ടീച്ചറേ. എന്നാ ഞാൻ നാളെ ബെരാം..”-എന്ന് ഈണത്തിൽപ്പറഞ്ഞ് അപ്രത്യക്ഷനായി. പിറ്റേന്ന്
കറക്ട്സമയത്ത് ഏഷ്യാറ്റിക്കാ സ്റ്റമ്മുമായി ലേബിൽ ഹാജരാകുകേം ചെയ്തു.എക്സ്പെരിമെന്റ്
ചെയ്തോളാൻ ഞാൻ അനുവദിച്ചു.അനുസരണാശീലത്തിന്ന് അവനെ അഭിനന്ദിക്കുകയും അപ്പത്തന്നെ
റെക്കോഡിൽ സൈൻ ചെയ്തുകൊടുക്കുകേം ചെയ്തു…”
“ഇതാണുണ്ടായത്.ഞാനവനെ
ലേബിൽന്നിന്ന് എറക്കിവിട്ടിട്ടില്ല.അവൻ കാര്യം മനസ്സിലാക്കി സ്വയം വിരമിച്ചതാണ്..ദൈവത്തണേ
, ഞാനവനെ മെന്റലി ഫിസ്സിക്കലി വേദനിപ്പിച്ചിട്ടില്ല. എന്നാലവനെ തല്ലുന്നത് പതിവാക്കിയവരും
ഇക്കൂട്ടത്തിലുണ്ട്.അതാരാന്ന് ഞാമ്പറയണ്ടാല്ലോ..?
രേവതിടീച്ചർ പറഞ്ഞു
നിർത്തി.അവർ ഒരോ മാഷിന്റെയും കണ്ണുകളിൽ കയറിയിറങ്ങി. പതിവിന്ന് വിപരീതമായി ആ
മുഖത്ത് നിശ്ചയദാർഢ്യം തിളങ്ങിനിന്നു.. ചുണ്ടിൽ ഇടയ്ക്കിടെ ഗൂഢമായ ചിരി പ്രത്യക്ഷപ്പെടുകയും
വാ പൊളിച്ച് അത് മറയ്ക്കാൻ ശ്രമിക്കുകയും ചെയ്തു അപ്പോഴൊക്കെ സോളമൻ മാഷിനെ ഒളികണ്ണിട്ട്
നോക്കി.
അപ്പോൾ മനോജ് മാഷ് പറഞ്ഞു:
“സോളമൻമാഷ് സൂക്ഷിക്കണം .ചെക്കൻ അകത്ത് ഗതി
കിട്ടാണ്ട് കെടക്കേണ്.എല്ലാം
ഏറ്റുപറയാനുള്ള സമയം ആഗതമായിരിക്കയാണ്..”
ഏവരും ചിരിച്ചുപോയി. അത്രനേരവും
സോളമൻ മാഷ് ഒന്നും മിണ്ടാതെ പ്രതി താനല്ലെന്ന
മട്ടിൽ നിൽക്കയായിരുന്നു.അയാൾ മനോജ് മഷിനെ പകയോടെ നോക്കി. നഗ്നനാക്കപ്പെട്ടതിന്റെ
ചമ്മൽ മറയ്ക്കാനായി അയാൾ ക്ലാസെടുക്കുന്ന ഒച്ചയിൽ പറഞ്ഞു:
ഓ…അതുശരി…അപ്പോ,കാര്യങ്ങളുടെ കെടപ്പ് അങ്ങനെയാണല്ലേ…എന്നാ മനോജ് കേട്ടോളൂ…എവനെ (മോർച്ചറിയുടെ നേർക്ക് വിരൽ ചൂണ്ടി) ഞാൻ തല്ലീറ്റ്ണ്ട്. പക്ഷേ കൃത്യമായ കാരണോമുണ്ട്.
അറിയണമെങ്കില് പറഞ്ഞു തരാം…വേണോ..? ”
മനോജ്മാഷ് തലയാട്ടി.
ഏവരും ചെവി
കൂർപ്പിച്ചു.
സോളമൻമാഷ് പറഞ്ഞു തുടങ്ങി:
“നമ്മൾ സംഘടിപ്പിച്ച
എൻട്രൻസ് ഓറിയന്റഡ് സ്പെഷ്യൽ കോച്ചിങ്ങിന്റെ സമയത്തണ് ആദ്യമായി തല്ലേണ്ടി വന്നത്. സെലക്ടഡ്
സ്റ്റുഡൻസ്സിനാണ് നമ്മൾ ക്ലാസ്സ് സംഘടിപ്പിച്ചിരുന്നത്. ഓർമ്മയില്ലേ..? എവൻ
സെലക്ട് ചെയ്യപ്പെട്ടിട്ടില്ലായിരുന്നു. ക്ലാസ്സ് തുടങ്ങുന്നതിന്റെ തലേദിവസം
വൈകീട്ട് എവൻ സ്റ്റാഫ് റൂമിൽ വന്നിരുന്നു..
എവനേയുംകൂടി എൻട്രൻസ്സ് കോച്ചിങ്ങിൽ ഉൾപ്പെടുത്തണമെന്നായിരുന്നു ആവശ്യം…”
“എടാ…ഈ സ്ഥാപനത്തിൽ ഓരോന്നിനും ഓരോ
ക്രൈറ്റീറിയ ഉണ്ട്. ഓരോ കുട്ടിയേയുംക്കുറിച്ച് ടീച്ചേഴ്സിന്ന് നന്നായറിയാം…എൻട്രൻസെഴുതാൻ നീ യോഗ്യനല്ല എന്ന്
മാത്രം അറിയുക…”
ഞാൻ
പറഞ്ഞു
മേഷേ…പ്ലീസ്സ്…ഞാൻ മേഷ്
പറേന്നപോലെ ചെയ്തോളാം..എന്നക്കൂടെ-…”
ആകാവുന്നത്ര മുഖം
ചെറുതാക്കി എവൻ ശബ്ദം നീട്ടി വലിച്ചു.
“ഇനിയിവിടെ നിന്നാൽ
തല്ലുകിട്ടും. വീട്ടീപ്പോടാ
…”
ഞാൻ ശബ്ദമുയർത്തിയപ്പോൾ എവൻ സ്കൂൾ മൈതാനവും
കടന്ന് മറഞ്ഞു. അതോടെ ശല്ല്യം തീർന്നെന്നാണ് ഞാൻ കരുതിയത്. എന്നാൽ പിറ്റേന്ന് ഞാൻ
എൻട്രൻസ്സ് ഫിസിക്സ് ക്ലാസ്സ് നടത്തുമ്പോൾ എവൻ ക്ലാസ്സിന്നു മുന്നിലൂടെ
അങ്ങുമിങ്ങും പിച്ചവച്ച്നടക്കുന്നു. ഇടയ്ക്ക് സ്റ്റാന്ററ്റീസായി നിൽക്കുന്നു.
ക്ലാസ്സിനകത്തേക്ക് എത്തിനോക്കുന്നു..
കുട്ടിളുടെ അറ്റൻക്ഷൻ ക്ലാസ്സ് വിട്ട് പറക്കുന്നു. ഞാൻ ആകാവുന്നത്ര ഉച്ചത്തിൽ ഒരു
ലഘു പ്രഭാഷണം നടത്തിനോക്കി:
“ സ്റ്റുഡൻസ്, വീ ആർ
ഇന്ററെസ്റ്റഡ് ഇൻ ഡിറ്റർമിനിങ്ങ് ദ പൊട്ടൻഷ്യൽ എനർജി ഓഫ് എ ഗിവൺ ചാർജ് ഇൻ ദ ഫീൽഡ്.
വീ ആർ നോട്ട് ഇന്ററെസ്റ്റഡ് ഇൻ ദ എക്സ്റ്റണൽ എലക്ട്രിക്കൽ ഫീൽഡ്…”
പക്ഷേ നിഷ്പ്രയോജനമായിരുന്നു.
ഓരോരുത്തനും ഓരോ അവളുമാരും വിക്കിവിക്കിയുള്ള അവന്റെ നടത്തവും പൊട്ടൻ
തെയ്യത്തിന്റെ ഭാഷയും ആസ്വദിക്കയായിരുന്നു. ഞാൻ വാതിൽക്കലേക്ക് ചെന്നു. എവന് കൂസ്സലില്ലായിരുന്നു.
നടത്തം നിർത്തിയില്ല.” പോടാ’…എനിക്ക്
അലറണ്ടിവന്നു. അവന്റെ തോളിൽ ചെറുതായി ഒന്നു തട്ടുകേം ചെയ്തു. അപ്പോഴവൻ വീഴുന്നതായി
നടിച്ചു. അവന്റെ പാക്ക് സഞ്ചി താഴെവീണു. അതിൽ നിന്ന് ചോറ്റുപാത്രം ഉരുണ്ടിറങ്ങി.
അത് കുറേ ദൂരം ഉരുണ്ടുചെന്ന് അവനെ പോലെ വാ പിളർന്നു. അതിൽ നിന്ന് മുരിങ്ങാകഷ്ണവും
തക്കാളി വഴറ്റിയതും വെള്ളരിച്ചോറും ഉണ്ടക്കണ്ണൻ പയർ വറവും തീട്ടത്തിന്റെ നിറമുള്ള
പരിപ്പ് കറിയും നിലത്ത് കുഴഞ്ഞു കിടന്നു. അവന്ന് കൂസലേതുമില്ല. അവൻ കുനിഞ്ഞു
നിന്ന് അത് വാരി പാത്രത്തിലാക്കാനൊരുങ്ങി.
ഞാൻ പറഞ്ഞു:
“ഇനി നിന്നെ ഈട
കണ്ടുപോകരുത്. ചോറ് വാരി ആ വേസ്റ്റ് പിറ്റിൽ കളഞ്ഞേക്കൂ..ഇന്ന് ഉച്ചയ്ക്ക് നിനക്ക്
ചോറ് എന്റെ വക…ഉച്ചയ്ക്ക്
സ്റ്റാഫ് റൂമിൽ വാ..പണം ഞാൻ തരാം…വിദ്യാർഥികളുടെ
ചോറ് അപഹരിച്ച പഴയ വാധ്യാന്മാരുടെ കൂട്ടത്തിൽ എന്നെ പെടുത്തേണ്ട...”
ഞാൻ വാതിൽ എവന്റെ
നേർക്ക് കൊട്ടിയടച്ചു. പേടിച്ചരണ്ട കുട്ടികളോട് ,ഗൗരവത്തിൽ എന്നാൽ സമാധാനമായി
ക്ലാസ്സെടുത്തു.
ഇതാണാദ്യത്തെ സംഭവം.
മറ്റൊരിക്കൽ ക്ലസ്സിന്നകത്തുവെച്ചുതന്നെ അവനെ തല്ലേണ്ടിവന്നു.
ഒരു ബുധനാഴ്ച്ച
.ഇന്റർവെല്ലിന്നുശേഷം മൂന്നാമത്തെ മൂന്നാമത്തെ പിരിയഡായിരുന്നു ഞാൻ ക്ലാസെടുത്തുകൊണ്ടിരിക്കുമ്പോൾ
കുട്ടികൾക്കിടയിൽ ഒരു നേർത്ത ആരവം കേൾക്കാൻ കഴിഞ്ഞു. പച്ചമാങ്ങ കരളുന്നശബ്ദവും മണവും എന്റെയടുത്ത് ഇഴഞ്ഞെത്തി.
രണ്ടാം ബെഞ്ചിലിരുന്ന സനലിനെ ഞാൻ എഴുന്നേറ്റു നിർത്തിച്ചു. അവൻ പേടിച്ചരണ്ട് സത്യം
തുറന്നുപറഞ്ഞു:
“സേർ, എവന്റെ സഞ്ചീല്
പച്ചമാങ്ങേം വിളിമ്പിയുമൊണ്ട്…മൊളക്
പൊടീം ഉപ്പും കൊണ്ടന്നിന്ന്. എല്ലാരിക്കും കൊട്ത്തിന്..എനക്ക് തന്നില്ല.”
എവൻ സ്വയമെഴുന്നേൽക്കും
മുൻപ് ഞാൻ തോളിൽ പിടിച്ച് എഴുന്നേൽപ്പിച്ചു നിർത്തി.പുറത്തും ഇരുകവിളത്തും
ഈരണ്ടെണ്ണം വീതം കൊടുത്തു.
ജനൂനായ റീസൺസുണ്ട്
രണ്ട് സന്ദർഭങ്ങളിലും. ഞാനല്ല,ആരായാലും അത്തരം സന്ദർഭങ്ങളിൽ എവനെത്തില്ലിപ്പോവും.…
സോളമൻ മാഷ് പറഞ്ഞു
നിർത്തി .രേവതി ടീച്ചറുടെ നേർക്ക് കണ്ണയച്ചു. ഡയലോഗ് പറഞ്ഞ് നായികയെ കീഴ്പ്പെടുത്തിയ
നായകന്റെ മുഖഭാവമായിരുന്നു അയാൾക്കപ്പോൾ. ഇട്യ്ക്കിടെ പകയോടെ
മോർച്ചറിക്കെട്ടിടത്തിന്റെ വാതിൽക്കലേക്ക് നോക്കുകയും കണ്ണുകൾ പിൻവലിച്ച്
കെട്ടിടത്തിന്റെ മുകളിലേക്ക് നട്ട് അല്പനേരം പ്രാർഥനാനിർഭരമായ മുഖത്തോടിരിക്കുകയും
ചെയ്തു. അയാളുടെ ഈ പ്രക്രിയകൾ മറ്റ് മാഷന്മാരെല്ലാം ഒന്നും ഉരിയാടാതെ കുറേ നേരം
നോക്കിനിന്നു.. ഭാഷയില്ലാത്ത ഏതോ പ്രാകൃത ജനവിഭാഗത്തിന്റെ മുഖചുളിവുകളെ
ഓർമിപ്പിച്ചു ഞങ്ങളുടെ മൗനം. ശിലായുഗത്തിൽ,ഗുഹാമുറ്റത്ത്
കൂടിച്ചേർന്ന,പ്രേതകഥകേട്ട് വിറങ്ങലിച്ച മനുഷ്യരെപോലെ ഏവരുടേയും മുഖത്ത് ഭയം കൂടുകൂട്ടിയിരിക്കുന്നതായും
തോന്നി.
നമ്പൂതിരി മാഷ് മൗനം ഭഞ്ജിച്ചു:
“ചെക്കൻ ഒരു സാധാരണ
വിദ്യാർത്ഥിയാണ്. കേട്ട ഒന്നാമത്തെ കഥയിൽ അവൻ അനുസരണാശീലമുള്ള വിദ്യാർത്ഥിയാണ്.
രണ്ടാമത്തെ കഥയിലാകട്ടെ ബാലസഹജമായ സ്വഭാവം പ്രകടിപ്പിച്ചുവെന്നേയുള്ളൂ. ചെക്കന്റെ
മനസ്സിനെ അലോസരപ്പെടുത്തുന്ന എന്തെങ്കിലും
സംഭവിച്ചുവെന്ന് കരുതാൻ വയ്യ. മികച്ച സ്കോർ ലഭിക്കുന്നതിന് തല്ലലും ഭേദ്യം
ചെയ്യലുമെല്ലാം അല്പം വേണമെന്ന് രക്ഷിതാക്കളും കുട്ടികളും ഒരുപോലെ അംഗീകരിക്കുന്ന കാലമാണിത്.
അതുകൊണ്ട് രണ്ട് പേരുടേയും കഥനങ്ങളിൽ പുതുതായി എന്തെങ്കിലുമുള്ളതായി എനിക്ക്
തോന്നുന്നില്ല.”
രഞ്ജിത്ത് മാഷ് ആ
വാദത്തെ പിന്തുണച്ചു:
“അത്യാവശ്യം
വിദ്യാർത്ഥികളെ തല്ലാത്ത മാഷൻമാരാരെങ്കിലുമുണ്ടാവ്വോ ഇക്കാലത്ത്…?
“അതിന്നോട് ഞാനും ഹഡ്രഡ്ഡ്
പർസന്റ് യോജിക്കുന്നു.”
മനോജ്
മാഷ് പറഞ്ഞു.
രേവതി ടീച്ചറുടെ
വലിഞ്ഞു മുറുകിയ മാംസപേശികൾ അയഞ്ഞ് മുഖം പ്രകാശം പൊഴിക്കുന്നു- ണ്ടായിരുന്നു.ഴികളിൽ നിന്ന് പൗഡർ തൊലിയിലേക്ക്
പരന്ന് പ്രകാശിക്കയായിരുന്നു.
“ചെക്കൻ
ആത്മഹത്യചെയ്യാനായിട്ട് ഒരു കാരണവും ഞാൻ കാണുന്നില്ല.”
മധുസൂദനൻ മാഷ് പറഞ്ഞു.
“ഇന്നലത്തെ സംഭവത്തിന്
ഉണ്ണികൃഷ്ണൻ മാഷ് ദൃക്സാക്ഷിയായിരുന്നില്ലേ? മാഷ്ക്കെന്തുതോന്നുന്നു?”
അതുവരെ ആരാലും
ശ്രദ്ധിക്കപെടാതെ മോർച്ചറിയുടെ മതിലിന്റെ നിഴൽ പറ്റിനിന്നിരുന്ന ഗൗതമൻ മാഷ്
പൊടുന്നനെ സദസ്സിലേക്ക് വന്ന് ചോദിച്ചു:
ഉണ്ണികൃഷ്ണൻ മാഷ്
ആലോചനയിലാണ്ടിരുന്നു. പൊടുന്നനെ പറഞ്ഞു:
“എനിക്ക് ഇതിലൊരുവിധി കൽപ്പിക്കാമ്പറ്റ്ന്നില്ല.
കണ്ടവർക്ക് ഇതൊരു ആത്മഹത്യയായും ആക്സിഡന്റായും തോന്നാം. പക്ഷേ ഒരേ സമയം രണ്ടും
സംഭവിക്കാൻ വഴിയില്ലല്ലോ…?
വേണമെങ്കിൽ ഇന്നലത്തെ സംഭവങ്ങൾ ഞാൻ വിശദമായി പറയാം… കേട്ടിട്ട് നിങ്ങൾ തിരുമാനിക്ക്, ആത്മഹത്യയാണോ ആക്സിഡന്റാണോ എന്ന്…”
“മാഷ് വേഗം പറയ്…എന്താ മാഷേ സംഭവിച്ചത്..?”
രേവതി ടീച്ചർ ഉത്കണ്ഠ
പൂണ്ടു.
ഉണ്ണികൃഷ്ണൻ മാഷിന്റെ
മുഖം വലിഞ്ഞു മുറുകി. ആ മുഖത്ത് ഓർമയുടെ ധ്യാനം കനത്തു. കണ്ണുകൾ മുകളിലേക്കുയർത്തി
മാഷ് കഥനം ആരംഭിച്ചു:
“ഇന്നലെ രാവിലെ അവനെ
ഞാൻ കണ്ടത് ട്യൂഷൻ സെന്ററിന്റെ മുൻപിലായിരുന്നു. ഇവൻ ആ തുരുമ്പിച്ച നാലാംകിട
സൈക്കിളിൽ ട്യൂഷൻ സെന്ററിന്റെ മുൻപിലുള്ള റോഡിലൂടെ വരികയായിരുന്നു. ഇന്റർവെൽ
സമയമായതുകൊണ്ട് കൈയ്യിൽ ചോക്കും പിടിച്ച് ഞാൻ വെറ്തെ റോഡിലേക്ക് നോക്കി നിൽക്കയായിരുന്നു..
സൈക്കിളിൽ ആടിപ്പാടി സഞ്ചരിക്കുമ്പോഴും അവൻ ട്യൂഷൻ സെന്ററിന്റെ നേർക്ക്
കണ്ണയച്ചുകൊണ്ടിരുന്നു. ഗ്ലാസ്സിനകത്തായിരുന്നിട്ടും എന്നെ അവൻ
കണ്ടുപിടിച്ചു. അവൻ കൈവിരൽ ഗ്ലാസ്സിനകത്തേക്ക് ചൂണ്ടിയും കൈപ്പത്തി നെഞ്ചിൽ വച്ചും
ചില ആംഗ്യങ്ങൾ കാണിച്ചു. അപ്പോഴാണെനിക്കോർമവന്നത്: രണ്ട് ദിവസം മുൻപ് എന്റെ
പിരിയഡ് കഴിഞ്ഞപ്പോൾ ക്ലാസ്സ്മുറിക്ക് പുറത്ത് വന്ന് രഹസ്യമായി അവൻ എന്നോട് ചിലത്
ചട്ടം കെട്ടിയിട്ടുണ്ടായിരുന്നു. നാരായണങ്കുട്ടി മാസ്റ്ററുടെ ട്യൂഷൻ സെന്ററിൽ താൻ
കൂടി വരുമെന്നും പണം ഗഡുക്കളായി അടയ്ക്കാൻ ഞാൻ നാരായണങ്കുട്ടിയോട് റക്കമെന്റ്
ചെയ്യണമെന്നന്മായിരുന്നു അവന്റെ രഹസ്യം പറച്ചിൽ. അവനെങ്ങനെയാണ് എൻട്രൻസ്
കോച്ചിങ്ങിനുള്ള ഭീമമായ പണം അടയ്ക്കുക എന്നാലോചിച്ച് ഉത്തരം കിട്ടാഞ്ഞപ്പോൾ അവന്റെ
അഡ്മിഷൻ കാര്യം അപ്പോൾ തന്നെ ഞാൻ മറന്നു കഴിഞ്ഞിരുന്നു. ആ നേരത്ത് അവന്റെ
കൈപ്പത്തിയുടേയും വിരലുകളുടേയും ചലനങ്ങൾ
കണ്ടപ്പോഴാണ് അതെനിക്കോർമ്മവന്നത്. എങ്കിലും ഞാൻ കുറച്ചുനേരം അവിടെതന്നെ നിന്നു.
അവൻ ഒഴിഞ്ഞു പോകുമെന്ന് കരുതി കാത്തുനിന്നു. അപ്പോൾ അവൻ വഴിയോരത്തെ
പച്ചക്കറിക്കടക്കാരന്റെ മുചക്രവണ്ടിയെ വലംവെചു. സൈക്കിളോട്ടക്കാരന്റെ അഭ്യാസം പോലെ
അവൻ ചില നമ്പറുകൾ കാണിച്ചു. ഉന്തുവണ്ടിയെ പലപ്രാവശ്യം സാവകാശം വലംവച്ചു. സൈക്കിളിൽ
നിന്നിറങ്ങാതെ വണ്ടിയിലെ ചെറുകുന്നുകളായി കിടന്നിരുന്ന പച്ചക്കറികളിൽ തലോടി. ഒരു
മുഴുത്ത തക്കാളിയെടുത്ത് മണത്തു നോക്കി. ഒരു വെണ്ടക്കയുടെ വാലറ്റം പൊട്ടിച്ചു
വായിലിട്ടു. കാരറ്റിന്റെ പകുതി കഷ്ണം പൊട്ടിച്ച് വായിലാക്കാനൊരുങ്ങിയപ്പോൾ
കടക്കാരൻ അതു പിടിച്ചു വാങ്ങി കൂനയിലേക്ക് തിരിച്ചിട്ടു. അവൻ ഇളഭ്യനായി എന്നെ
നോക്കി. പഴയ ചേഷ്ടകൾ തുടർന്നു. എനിക്ക് അവനോട് അല്പം സഹതാപം തോന്നുകയും ഞാൻ
നാരായണൻകുട്ടി മാസ്റ്ററുടെ ക്യാബിനിൽ ചെലുകയും ചെയ്തു. ഞാൻ കാര്യം
അവതരിപ്പിച്ചപ്പോൾ നാരായണൻകുട്ടി മാസ്റ്റർ ആശ്ചര്യത്തോടെ എന്നെ നോക്കി.
കട്ടിക്കണ്ണടയ്ക്കുള്ളിൽ നിന്ന് കണ്ണൂകൾ പറിച്ചെടുത്ത് ടൈയ്ക്കുംവാൻഹ്യൂസൻ
ഷർട്ടിനുമടിയിലെ എന്റെ നെഞ്ചിൽ
നിക്ഷേപിച്ചു കൊണ്ടു നരായണൻ കുട്ടിമാഷ് ചോദിച്ചു:
“മാഷ്ക്ക് ഹവറിന്നല്ലേ ഞാനിപ്പത്തരുന്നത്… അത് മിനിറ്റുകളാക്കി
വിഭജിച്ച് ഇൻസ്റ്റാൾമെന്റിൽ തന്നാ മതിയോ…. അതൊന്നും നടപ്പില്ല മാഷേ…. മാഷ് ഇങ്ങനെയൊരു റെക്കമെന്റേഷനും കൊണ്ട് ഈ ക്യാബിനിൽ
വരാമ്പാടില്ലായിരുന്നു.”
അക്കാര്യം അപ്പോൾ തന്നെ ചെക്കനെ അറിയിക്കാനായി
ഞാൻ വരാന്തയിൽ ചെന്നു. കണ്ണാട്ടികൂട്ടിനുള്ളിലൂടെ നോക്കിയപ്പോൾ അവൻ
പോയിട്ടില്ലായിരുന്നു. അവൻ പച്ചക്കറിക്കാരനെ വട്ടം ചുറ്റുന്നത്
അവസാനിപ്പിച്ചിട്ടില്ലായിരുന്നു. അവൻ എന്നെ കണ്ടപ്പോൾ ഞാൻ നിഷേദ്ധാർത്ഥത്തിൽ
തലയിളക്കി സൂചന നൽകി. കൈപ്പത്തിയുയർത്തി പൊയ്ക്കൊള്ളാൻ ആംഗ്യം കാണിക്കുകയും
ചെയ്തു. അത് അവന് മനസ്സിലായോ എന്നറിയില്ല.
ആ നേരത്താണ് സരസ്വതീവിലാസം ബസ്സ് ചീറിപ്പാഞ്ഞു വന്നത്. ബസ്സിന്റെ വരവിൽ ക്ലാസ്സ്
ബെല്ലടിച്ചു വിടുകയും ചെയ്തു. കുട്ടികൾ എന്നെ തള്ളിമാറ്റി താഴേക്ക് പ്രവഹിക്കുകയും
ചെയ്തു. ഒമ്പതരയ്ക്ക് സ്കൂൾ ക്ലാസ്സിലെത്താനുള്ള തന്ത്രപ്പാടിലായിരുന്നു അവർ.
ബസ്സിന്റെ വരവ്
കണ്ടിട്ടോ എന്റെ കൈയിളക്കൽ കണ്ടിട്ടോഎന്തോ അവൻ നേരെ വന്ന് ആ പഴഞ്ചൻ
ബസ്സിലിടിക്കുകയായിരുന്നു…
ഞാൻ
താഴേക്കെത്തിയപ്പോൾ അവൻ ഒരു വഴുതന പോലെ കൂനിക്കൂടികിടക്കുകയായിരുന്നു. അവന്റെ
സൈക്കിൾ പയർനുറുക്കിയതുപ്പോലെ ചിതറിക്കിടക്കയായിരുന്നു.
വണ്ടിയിൽ നിന്ന് തെറിച്ച വെണ്ടക്കയും തക്കാളിയും അവന്റെ രക്തത്തെ അലങ്കരിച്ചു. ഇതാണു
സംഭവിച്ചത്… അവൻ
ബസ്സിന്റെ നേർക്ക് സൈക്കിളോടിച്ചതോ പച്ചക്കറി വണ്ടിയെ രക്ഷിക്കാൻ ശ്രമിച്ചതോ ബസ്സ്
അവനെ ഇടിച്ചുതെറിപ്പിച്ചതോ ഒന്നും കൃത്യമായി പറയാനാവില്ല.”
ഉണ്ണികൃഷ്ണന്മാഷ്
കിതച്ചു കൊണ്ട് പറഞ്ഞു നിർത്തി. മാഷിന്റെ ഒടുവിലത്തെ കോപ്ലക്സ് സെന്റൻസ്സ് ഏവരുടെ
മുഖത്തും ഓളങ്ങൾ സൃഷ്ടിച്ചു.
രേവതി ടീച്ചർ
ചിന്തയിലാണ്ടു. സതീശൻ മാഷ് മോർച്ചറിയുടെ അടഞ്ഞ വാതിലിലേക്ക് നോക്കി ഉത്തരം തേടി. നമ്പൂതിരിമാഷ്
കഷണ്ടിതടവി ചിന്തയിലാണ്ടു.
“മോർച്ചറിയുടെ വാതിൽ
തുറക്കുന്നു…”
പൊടുന്നനെ സോളമൻ
മാഷിന്റെ ആഹ്ലാദശബ്ദം മുഴങ്ങി. ഏവരും സോളമൻമാഷിനെ നന്ദിപൂർവം നോക്കിക്കൊണ്ട്
എഴുന്നേറ്റു.
“ഇതെന്തുരു
സ്മെല്ലാണ്. പച്ചമുളക് അരിഞ്ഞതിന്റെയാണെന്നു തോന്നുന്നു…മൂക്കിൽ നീറിപ്പിടിക്കുന്നു.”
നമ്പൂതിരി മാഷ്
നടത്തത്തിനിടയിൽ പറഞ്ഞു. ഞാൻ നോക്കുമ്പോൾ തകരം കൊണ്ട് മറച്ച കടയ്ക്കകത്ത് മേശമേൽ
ഉള്ളിയും പച്ചമുളകും അരിഞ്ഞ് കൂനകൂട്ടിവെച്ചിരിക്കുന്നു. കണ്ണിൽപെട്ടില്ലെങ്കിലും
ഇഞ്ചിയുടേയും രൂക്ഷമായ ഗന്ധം അവിടെയാകെ വ്യാപിച്ചിരുന്നു..
ഇതാ വരുന്നുണ്ട്…
അവന്റെ ബോഡി
തന്നെയാണെന്ന് തോന്നുന്നു.
രതീശൻമാഷ് വിളിച്ചു
പറഞ്ഞു. ചെക്കന്റെ ബന്ധുക്കളും അതുകേട്ട് മോർച്ചറിയുടെ നേർക്ക്
പായുന്നുണ്ടായിരുന്നു. വെള്ള പുതച്ച ശരീരം മരവാതിലും കമ്പിയിഴകളും തുറന്ന് സ്ട്രെച്ചറിൽ
അറ്റൻഡറുടെ കൈകളിലൂടെ പുറത്തേക്ക് വന്നു. അപ്പോൾ അവിടെയാകെ ചോരയുടേയും
മാംസത്തിന്റെയും മണം പരന്നപോലെ തോന്നി. ആ ഗന്ധം ഉള്ളിയുടേയും പച്ചമുളകിന്റെയും
ഇഞ്ചിയുടേയും ഗന്ധങ്ങളുമായി കൂടിച്ചേർന്നു.
ആ ഗന്ധം ഉള്ളിയുടേയും പച്ചമുളകിന്റെയും ഇഞ്ചിയുടേയും ഗന്ധങ്ങളുമായി കൂടിച്ചേർന്നു.
ReplyDelete