“ഈ നീലപ്പരപ്പ് നിന്റെ കണ്ണുകളില്‍ നിഴലിക്കുന്നുണ്ട് കേട്ടോ.
പക്ഷേ എനിക്ക് അതിന്റെ ആഴം കാണാന്‍ സാധിക്കുന്നില്ല.“
അയാള്‍ കാറ്റിലുലയുന്ന അവളുടെ സാരിത്തുമ്പ്
മുഖത്ത് ചേര്‍ത്തുകൊണ്ട് പറഞ്ഞു.
അപ്പോള്‍ അവളുടെ കണ്ണുകള്‍ വിടര്‍ന്നു
“നിങ്ങള്‍ പറയുന്നത് നേരോ? എനിക്ക് വിശ്വാസം വരുണില്ല്യ,
ഇന്ന് രാവിലെ കൂടി അമ്മ പറഞ്ഞത് എന്റെ കണ്ണില്‍ നിറയെ മറുകുകളാണെന്നാണ്.എന്റെ നോട്ടം ഏറ്റാല്‍ ചെടികള്‍ പോലും വാടിക്കരിഞ്ഞുപോകുവത്രേ......“
അയാള്‍ അവളുടെ ദേഹത്തോട് കൂടുതല്‍ ചേര്‍ന്നിരുന്നു കൊണ്ട് പറഞ്ഞു:
“നിന്റെ അമ്മയ്ക്കറിയാഞ്ഞിട്ടാണ്, നിന്റെ നോട്ടമേറ്റാല്‍ ചെടികള്‍ പോലും പൂക്കും.പൂവുകളില്‍ ആയിരം കണ്ണുകള്‍ വിടര്‍ന്നേക്കും...“.
അവള്‍ വായ പൊളിച്ചുനിന്നു.
“എനിക്ക് മനസ്സിലാവിണില്ല്യ,ഇപ്പറഞ്ഞതൊന്നും.അമ്മ രാവിലെ പറഞ്ഞതോര്‍മ്മീംണ്ടെനിക്ക്.
എന്റെ കണ്ണു കൊണ്ടിട്ടാണത്രേ,കഴിഞ്ഞകൊല്ലം പശൂംന്റെ കറവ് നിന്നുപോയത്.ഇക്കൊല്ലം മാവ് കായ്ക്കാഞ്ഞത് ഞാന്‍ നോക്കിട്ടാണത്രേ......."
അയാളുടെ ചുണ്ടില്‍ ഒരു പരിഹാസച്ചിരി വിടര്‍ന്നു.
“നിന്റെ അമ്മയ്ക്കെന്തറിയാം?നിന്റെ കണ്ണുകളില്‍ മാത്രമല്ല,കവിളിലും ചുണ്ടിലുമെല്ലാം ഈ കടല്‍ പ്രതിഫലിക്കുന്നുണ്ട്.അസ്തമയസൂര്യന്റെ ചുവപ്പാണ് നിന്റെ ദേഹം... അതെല്ലാം മതിവരുവോളം കാണണമെനിക്ക്.നീ എന്റെ കൂടെ പോരുന്നോ?."-.കിലുങ്ങിച്ചിരിയില്‍ അവസാനിപ്പിച്ച് അയാള്‍ ചോദിച്ചു.അന്നേരം അവള്‍ നിലവിളിച്ചു:
“ഹെന്റമ്മോ? ചായക്കടയില്‍ പാല് കൊടുക്കാന്‍ വന്നതാണു ഞാന്‍.അഞ്ചുമണിക്കുമുന്‍പ് വീട്ടിലെത്തിയില്ലേല്‍ അമ്മ ചീത്തപറയും.ആണുങ്ങളോട് വര്‍ത്തമാനം പറഞ്ഞിനെന്നറിഞ്ഞാല് ചെലപ്പോ ,തല്ലുകേം ചെയ്യും..ഞാന്‍ പോവ്വാ...“
അവള്‍ എഴുന്നേറ്റ് സാരി നേരെയാക്കി തിരിഞ്ഞുനോക്കാതെ പൂഴിപ്പരപ്പിലൂടെ നടന്നു.
അയാള്‍ മരവിച്ചുനിന്നു.
തിരമാലകള്‍ അയാളെയും കടന്ന് അവളുടെ കാലടികളെ മായ്ച്ചുകളയാനായി കുതിച്ചുചെന്നു.