Tuesday, March 22, 2011

മണ്ണാങ്കട്ടയും കരിയിലയും




വെയിലേറ്റ് ക്ഷീണിച്ച മണ്ണാങ്കട്ട
തെരുവിലെത്തി.
ഒരു കടത്തു തോണി പോലെ
കരിയില വന്നു.
മണ്ണാങ്കട്ടയ്ക്ക്
കളഞ്ഞുപോയ താരാട്ട്
തിരിച്ചുകിട്ടിയപോലെ തോന്നി.
ലജ്ജ മറന്ന്
അവര്‍ വെയിലിലെ
അപ്പൂപ്പന്‍ താടികളായി .
പൊടുന്നനെ
കാറ്റും മഴയും വന്നു.
മണ്ണാങ്കട്ട 
സ്വീകരണമുറിയിലേ-
ക്കുരുണ്ടുപോയി.
കരിയില
കോടതിവരാന്തയിലേക്ക്
പാറിപ്പോയി....

Tuesday, March 15, 2011

സ്നേഹം


ഈ മൂരിത്തലയ്ക്കെത്ര..?
ഈ ആട്ടികാലിന്നെത്ര..?
ഇരുപത്,
മുപ്പത്..?
നാല്പത്.?
പതിനെട്ടോ
ഇരുപത്തൊന്നോ ആവാം
പൂമാലയിടണം.
സുഗന്ധദ്രവ്യങ്ങൾ പൂശണം.
കുരവയിടണം.
ക്യാമറ മിന്നണം.

Monday, March 14, 2011

ശേഷിപ്പ്





ചോർന്നൊലിക്കുന്നൂ
കിളിത്തൂവൽ....
ഉണങ്ങിച്ചുരുളുന്നൂ
കിളിക്കണ്ണ്‌.......
ഊർധ്വൻ വലിച്ചകലുന്നൂ
ചിറകടിയൊച്ച......
കുറുകിയചുണ്ടും
നിളൻ കാലും
മാത്രം ബാക്കി.
.....................

Sunday, March 13, 2011

നിന്റെ ഓർമ്മയ്ക്ക്





നാൽ‌പ്പതാം നാൾ
നിന്റെ നാമത്തിൽ
ഞങ്ങൾ അന്നം തിന്നു.
നിന്റെ കൈപ്പുണ്ണ്യമില്ലാത്ത
ഇറച്ചിക്കറിയും
നിന്റെ ചിരി വിടർത്താത്ത
പത്തിരിയും തിന്നു.
മുറ്റത്തെ വട്ടളത്തിൽ
ഓർമ്മകൾ കഴുകിയിറങ്ങി.
ഒരു ചീവീടിൻ വിലാപമായ്
രാത്രി നിറന്നു.
ആകാശച്ചെരിവിൽ
ഒരു നക്ഷത്രമായ്
നീ ഇറങ്ങിവന്നു.
ഞങ്ങൾ
കൂർക്കം വലിക്കുന്നത് കേട്ട്
തിരിച്ചു പോയി.
.......................................

സൌഹ്യദം



കൊഴിയുന്ന ഹ്യദയം.
തേറ്റയുടെ പാടുള്ള ചിരി.
ഗന്ധമില്ലാത്ത ഓർമ്മ.
രക്തം മണക്കുന്ന വാക്ക്.

Saturday, March 12, 2011

പോത്ത്





പോത്ത്
കുളി കഴിഞ്ഞീറനോടെ
ഉദ്യാനത്തിലെത്തുന്നു.
ഇന്നലെകളെ അയവിറക്കുന്നു.
കുലചിഹ്നം ഉയർത്തി ഗമിക്കുന്നു.
“കാമനെന്നിവനെ സ്ത്രീകൾ
കാലനെന്നോർത്തു വൈരികൾ”
എന്നു പാടി ജനം പിന്നാലെ പായുന്നു.

പച്ച പുതപ്പിച്ച്
ചന്ദനക്കുടത്തിന് കൊണ്ടുപോകുകയാണ്.
പട്ടു പുതപ്പിച്ച് സമ്മേളനനഗരിയിൽ
കൊണ്ടുപോകുകയാണ്.
തലേക്കെട്ടുകെട്ടി
മഖ്ബറകളെ വലം വയ്ക്കുകയാണ്.
‘സാധുമ്യഗമാണേ’
എന്നാർപ്പുവിളിക്കുകയാണ്.

എങ്കിലും,മ്യഗമേ..............
പച്ചമാംസത്തിൽ
കുത്തിയിറക്കാൻ വെമ്പുന്ന കൊമ്പുകളും
മരണഗാനമാലപിക്കുന്ന മുക്രയും
ചോരച്ച കണ്ണുകളും
കുഞ്ഞുങ്ങൾക്കുപോലും
തിരിച്ചറിയാനാവുമെന്ന് ഓർക്കണേ.......

Friday, March 11, 2011

കണ്ണുകൾ


ോഡ് മുറിച്ചുകടക്കുമ്പോൾ
കണ്ണുകൾ തമ്മിലുടക്കിയതെന്തേ..?
നീ എന്റെ ബാല്യതോഴനോ...?
കൂർത്തുനിന്നോരസ്ഥി വളർന്ന്
മാംസഗതി പ്രാപിച്ചതോ..?
വീട്ടുതൊടിയിലും നാട്ടുപറമ്പിലും
ഓടിനടന്ന പാദമാണോ...?
തോട്ടിലെ മീൻ കോരിയ
തുണിവലക്കയ്യാണോ..?
മാമ്പഴം തന്ന മാഞ്ചുവടും
പുഴ കാട്ടിത്തന്ന കുന്നും തകർത്താണോ
നീയും ടൌണിലെത്തിയത്..?
ആണെങ്കിൽത്തന്നെയെന്ത്..?
കണ്ണുകളുടക്കാതെ
പോവുക,നാം.

…………………………………

Thursday, March 10, 2011

ഒരു വയൽപ്പാട്ട്

                  1

കൈകൾ ബന്ധിച്ച്
കുരിശ്ശേറിയ നിൽ‌പ്പ്.
കോൺക്രീറ്റ് ചത്വരത്തിൽ
കാലുറപ്പിച്ച്.
നക്ഷത്രങ്ങളെ എയ്തുവീഴ്ത്താൻ
ചൂണ്ടിയ കുന്തമുനകൾ.
കരയിലെ പക്ഷികളെയും പ്രാണികളെയും
തോട്ടിലെ മീനിനെയും തവളയെയും
മണ്ണിൽ പുതഞ്ഞ
നൊച്ചിങ്ങയെയും ഞാഞ്ഞൂലിനെയും വരെ
പേടിപ്പിക്കുന്ന പോസ്സ്.

                2
ചോദിക്കാം..
സിരകളിലൊഴുകുന്ന പവർ
വയൽച്ചോട്ടിലെ ഏഴകളെ
അടിച്ചു വീഴ്ത്തിയോ..?
പടർന്ന ചില്ലകളെ
തുരുമ്പെടുത്തോ...?.
താങ്ങായി മണ്ണിൽ നിന്നവനെ
പിഴുതെറിഞ്ഞോ....?
               
               3

മരണവീര്യം
കടത്തിവിടുന്നവനേ........
പുതു ഐലന്റിലെ പാറാവുകാരാ..
തലപ്പാവിൻ പരസ്യമണിഞ്ഞുനിൽക്കുന്നവനേ...
കോൺക്രീറ്റ് പാദങ്ങൾ അടർന്നുവീഴുന്നത്
സ്വപ്നം കാണുകയാണു വയലേലകൾ....
പങ്കയെ വെല്ലുന്ന കാറ്റടിക്കുന്നുണ്ട്....
പക്ഷി മ്യഗാദികൾ
സ്വയം പ്രകാശിക്കുന്നുണ്ട്.....
     
         





Friday, March 4, 2011

കവി





നിലാവെളിച്ചം 
കണ്ണിൽ വീണ്
അന്ധനായവൻ.
കാറ്റിൽ കുളിച്ച്
വൃക്ഷവേര് ചികയുന്നു.
കരയെ
കടലിലേക്കൊഴുക്കുന്നു.
വെയിലിനെ
മഴ നനയിക്കുന്നു.
ഇരുട്ട് മോന്തുന്ന
നിലാവിനെ
പുഴയിലിറക്കുന്നു.

Wednesday, March 2, 2011

ശവം

ശവങ്ങൾ
നിശ്ശബ്ദത ഭേദിച്ചു:
ഇന്ന് ഡോക്ടർ വന്നാൽ
നമ്മളെ വെട്ടിപ്പൊളിക്കാൻ വിടരുത്.
ആ കത്തികൾ
നമ്മൾ പിടിച്ചു വാങ്ങും.
ആ കൈകൾ
നമ്മൾ വെട്ടും.

ശവങ്ങൾ
മരണം നടിച്ച് കിടന്നു.

ഹാജർനില

‘ഹാജർ നില ഗുരുതരമാണെടോ......’
ടീച്ചർ നിലവിളിച്ചനേരം
ചുവർ പ്രതിവചിച്ചു:

ഒരു കുട്ടി വരാഞ്ഞത് മടിച്ചിട്ടല്ല.
വഴിയിൽ നേരം കളഞ്ഞതല്ല.
ക്ലാസ്സ് കട്ട് ചെയ്ത് സിനിമയ്ക്ക് പോയതല്ല.
പുസ്തകബാഗും തോളിലിട്ട്
അവൻ വീട്ടിൽനിന്നിറങ്ങിയതാണ്.
സ്കൂളിലേക്ക് നടന്നപ്പോൾ പാടത്തെത്തി.
തിരിച്ചുനടന്നപ്പോൾ തെരുവിലെത്തി.
നേരെ നടന്നപ്പോൾ കടൽക്കരയിലെത്തി.
ഇപ്പോഴും അവൻ വഴിതെറ്റി നടക്കുകയാണ്....

ഒരു സ്വപ്നാടകൻ വരാഞ്ഞത്
സ്വപ്നം അവനെ റാഞ്ചിയതുകൊണ്ടല്ല.
ഇന്നലെ രാത്രി അവൻ സ്വപ്നം കണ്ടതേയില്ല.
രാവിലെ അമ്മ ചൂലുകൊണ്ട്
പീളകെട്ടിയ സ്വപ്നത്തെ
അടിച്ചുവാരിക്കളഞ്ഞതാണ്.
അച്ഛൻ  തൂവാലകൊണ്ട്
സ്വപ്നത്തെ തുവർത്തിക്കളഞ്ഞതാണ്.
സ്കൂൾവണ്ടിയിൽ കയറ്റിവിട്ടതാണ്.
മരണത്തിലേക്കോ
ജീവിതത്തിലേക്കോ
അവൻ ഇറങ്ങിപ്പോയത്..?

ഒരുത്തി വരാഞ്ഞത്
പനിയായതു കൊണ്ടല്ല.
അടുക്കളയിൽ അമ്മയൊടൊപ്പം
സ്വയം കത്തിയമർന്നതല്ല.
ദേഹത്തെ കുളിപ്പിച്ച്
മുടി കോതിയൊതുക്കാൻ
ഒന്നു പൊട്ടുതൊടാൻ
കണ്ണാടിയുടെ മുൻപിൽ നിന്നതാണ്.
മാജിക്കിലെന്ന പോലെ
അപ്രത്യക്ഷയാവുകയായിരുന്നു.

ഈ നില തുടർന്നാൽ
വിദ്യാലയം പൂട്ടുമെടോ..........!
ടീച്ചർ നിലവിളിച്ചു.
വിജനമായ ക്ലാസ്സുമുറിയിലിരുന്നൊരു പല്ലി
‘ശബ്ദിക്കുന്ന കലപ്പ‘യിൽനിന്നെന്നപോലെ ചിലച്ചു.