Monday, October 31, 2011

വിറകുപുര




വീട് പണിയുമ്പോൾ വിറകുപുര
വേണമെന്നവൾക്ക് നിർബന്ധം.

വീഴ്ത്താനായി മരങ്ങളില്ലാത്ത
നഗരമധ്യത്തിൽ വിറകുപുരയോ..!  
ഞാൻ അതിശയത്തോടെ ചോദിച്ചു

ഗ്യാസ്സ്കുറ്റിയാണിപ്പോഴുംഫാഷൻ..?
ഹൃദയത്തിന്റെ ആകൃതിയാണതിന്ന്.
മകൾ പറഞ്ഞു.

ഇൻഡക്ഷൻ കുക്കറിന്നാണു പവർ.
വേണമെങ്കിൽ അത്യാവശ്യത്തിന്ന്
കന്നാസ്സിലെ മണെണ്ണയുമാവാം ..
മകൻ പറഞ്ഞു.
അവൾ ഗൗരവം പൂണ്ടു: .
ശരിയാണ്
ഗ്യാസ്സുകുറ്റിയ്ക്ക്
ഹൃദയത്തെയും ഭ്രൂണത്തെയും വരെ
കത്തിക്കാനാവും
മണെണ്ണയ്ക്ക്
അടുപ്പിനെ മാത്രമല്ല,
ദേഹത്തെയും കുളിർപ്പിക്കാനുമാവും.
പക്ഷേ വിറകുകൊള്ളിയുടെ
സാംഗത്യം വേറെയാണ്.
അത്
അടുപ്പിന്റെയും വീടിന്റെയും
വിശപ്പ് കെടുത്തും.
പുക
വീടുംകടന്ന് കാട്  തേടിപ്പോകും.
അത് എന്റെ
പേടിയും മൗനവും ഇല്ലാതാക്കും.
ഉണക്കമരത്തിൽ
പൂക്കളുടെ ചിത്രങ്ങളുണ്ടാകും.
അത്
കത്തിത്തീർന്നാലും ശേഷിക്കും

അവളുടെ വാഗഗ്നി പടർന്ന്
മരനീരൊലിച്ച്
വീടിനോട് ചേർന്ന്
വിറകുപുര കൂടിയുണ്ടായി.

3 comments:

  1. നമ്മുടെ പേടിയെയും മൗനത്തെയും
    അഗ്നിക്കിരയാക്കുമല്ലോ..

    ReplyDelete
  2. പട്ടണനടുവിൽ മൂന്നുകോടി കൊണ്ടലങ്കരിച്ച ഞങ്ങടെ വീടിന്നു
    തൊട്ടടുത്തായി വിറകുപുര കൂടിയുണ്ടിപ്പോൾ……

    വിറക് കിട്ടാനില്ല, ഉള്ളതിന്ന് വലിയ വിലയും. എന്നാലും
    സുരക്ഷിതത്വം ഉണ്ട്. നല്ല ആശയം 

    ReplyDelete
  3. നന്നായി അവതരിപ്പിച്ചു....
    വിഷയങ്ങൾ കണ്ടെത്തുന്നതിലെ മിടുക്ക് നന്നായി....

    ReplyDelete