Tuesday, February 23, 2010

ചിതലരിച്ച ഭൂപടം.

ഇന്നലെ
ബാലകൃഷ്ണന്റെ വീടിന്റെ
ഗൃഹപ്രവേശമായിരുന്നു.
പഴയവീട്ടിലെ
അലമാര വൃത്തിയാക്കുമ്പോള്‍
അവനൊരു ഭൂപടം ലഭിച്ചു.

അവന്‍ അത്
 എന്നെ കാണിച്ചു.

ചിതലുകള്‍ അധിനിവേശം
തുടങ്ങിയിരിക്കുന്നല്ലോ, ബാലകൃഷ്ണാ......
ഞാന്‍ പറഞ്ഞു.

അക്ഷാംശങ്ങളും രേഖാംശങ്ങളും
ഉറുമ്പിന്‍ കൂട്ടങ്ങളെ പോലെ
വഴിതെറ്റിപ്പോയെടാ...........
അവന്‍ പറഞ്ഞു.

പര്‍വതങ്ങളല്ലേ
അടര്‍ന്നു വീഴുന്നത്...!!
അവന്‍ പരിഹസിച്ചു.

സമുദ്രങ്ങള്‍ക്ക്  തുളവീണ്
ആകാശം കാണാം........
ഞാനും കമന്റ് കൊടുത്തു.

കുട്ടിക്കാലത്ത് നമ്മള്‍
മീന്‍ പിടിക്കാനും
വെള്ളം കോരാനുമുപയോഗിച്ച
തുണിപോലെയായി ഇത്........
അവന്‍ പറഞ്ഞു..

നിന്റമ്മയും എന്റുമ്മയും
തലയില്‍ ചുമന്ന് വീട്ടിലെത്തിച്ച
പാഴ്ക്കറ്റ പോലെയായി  ഇത്.....
ഞാന്‍ പറഞ്ഞു..

വലിച്ചെറിയെടാ..........
ഞങ്ങള്‍ ഒരേ സമയം
ആര്‍പ്പു വിളിച്ചു.

പക്ഷെ അത്
ദൂരെ എങ്ങും പോയില്ല.
സിമന്റ് മതിലില്‍ തൂങ്ങിക്കിടന്ന്
വേതാളത്തെപ്പോലെ
ഞങ്ങളെ നോക്കി
ഗോഷ്ടി  കാട്ടി...
..............................

Sunday, January 31, 2010

കഴുകനോട്..

നിന്റെ നഖമുനകള്‍ക്കിടയിലെ ഈ കിടപ്പിലും
പറയാതിരിക്കാന്‍ വയ്യ , കഴുകാ...

നമ്മള്‍
മാംസവും അസ്ഥിയും മാത്രമല്ല
നീളന്‍ ചുണ്ടും കൊക്കും മാത്രമല്ല.
ചിലയ്ക്കും വാല്‍ മാത്രമല്ല
നേര്‍വീക്ഷണം മാത്രമുള്ള കണ്ണും
ഉപയോഗമില്ലാത്ത പുരികവും മാത്രമല്ല.
.
വായുവിന്‍  വേഗവും
ചിറകിന്‍  വാള്‍വീശലും
വെളിച്ചത്തിലും വെളിപ്പെടാത്ത
മായാരൂപങ്ങളും
തെളിയാ വര്‍ണ്ണങ്ങളും
ആരാലും നിര്‍വചിക്കപ്പെടാത്ത
ശബ്ദങ്ങളും
അടുപ്പവും അകലവുമുള്ള
വെളിപ്പെടലുമെല്ലാം
നമ്മുടേതാണ്.
അതോര്‍ക്കണം..കഴുകാ‍...

.........................

Saturday, January 30, 2010

പ്രതിമയും ഞാനും

ഇന്നലെ
ഞാന്‍ നഗരത്തിലൂടെ
നടക്കുമ്പോള്‍
ഒരു പ്രതിമ കണ്ടു.
അത് എന്നോട് ചിരിച്ചു.
ഞാനും ചിരിച്ചു.
അത് എന്റെ നേരെ കൈ നീട്ടി.
ഞാനും കൈ കൊടുത്തു.
ആ നിമിഷം
എന്റെ കാലുകള്‍
ഇളകാതായി.


Sunday, January 24, 2010

ജലത്തുള്ളി

        
ഇന്നലെ
ഒരു ജലത്തുള്ളി
മാര്‍ബിള്‍ത്തറയിലൂടെ  ഇഴഞ്ഞുവന്ന്
എന്റെ പാദത്തെ നനയ്ക്കാന്‍ ശ്രമിച്ചു.
ഞാന്‍ വൌ എന്ന് ശബ്ദമുണ്ടാക്കി
കാല്‍ പിന്‍ വലിച്ചു.
അപ്പോള്‍
ജലത്തുള്ളിക്ക് വാശിയേറി.
അത് വര്‍ദ്ധിച്ച വീര്യത്തോടെ
ഒഴുകിവന്ന്
എന്റെ പാദം നനച്ചു.
എന്നെ കുളിമുറിയിലേക്കോടിച്ചു.
ഞാന്‍ ഷവറില്‍ കുളിക്കവെ
അത് എന്റെ തലയില്‍
പൊട്ടിവീണു.
  ......................  
            

Friday, January 8, 2010

പേനയും വാതിലും



ഏപ്പോഴും
തുറന്നുവെച്ച
കണ്ണാണ്.

ഉണങ്ങാത്ത
മുറിവുള്ള
നാവാണ്.

മണ്ണും ചെളിയും
പുരണ്ട വേഷത്തില്‍
വരികയാണ്.

വിശക്കുന്ന മനുഷ്യാ എന്ന്
വാതിലില്‍ മുട്ടുകയാണ്.

നിറയൊഴിക്കുമോ
സങ്കടങ്ങളത്രയും..?

തുറക്കാതിരിക്കാം
വാതില്‍...
..................

Sunday, January 3, 2010

വീടിന്നു പേരിടുമ്പോള്‍...

വീടിനുപേരിടാ-
നായുമ്പോള്‍
ഓരോ ചുവരു-
മിളകിത്തുള്ളുന്നു.

ഓരോ
മണ്ണടയാളത്തിലും
ഓരോരോ
പ്രാക്യതലിപികള്‍.
പ്രത്യക്ഷമാകുന്നു.

ഒരിക്കല്‍
സിമന്റിട്ടടച്ച
കണ്ണുകള്‍
തുറിച്ചു-
നോക്കുന്നു..

കല്ലിലെ
നെയ്ത്തു-
ശാലകള്‍
ഓടം
പായിക്കുന്നു.

കല്ലെഴു-
ത്തുകള്‍
വെള്ളയും
കറുപ്പുമെന്ന്
കലഹിക്കുന്നു.

പൊത്തുക-
ളില്‍നിന്ന്
തീക്കട്ടകള്‍
തെറിച്ചു-
ണരുന്നു..

വീടിന്ന്
പേരിടുക
വ്യര്‍ഥമെന്ന-
ന്നറിയുന്നു
ഞാന്‍.
.
.........

Saturday, January 2, 2010

പൂമരം,പൂമ്പാറ്റ,വെയില്‍ തുടങ്ങിയവ...



പൂമരമാ-
യുതിരാം.

പൂമ്പാറ്റയായ്
പ്പാറാം.

വെയില്‍-
ക്കുടയായ്-
നിവരാം.

തേന്മഴയായ്-
പ്പൊഴിയാം.

നിനയ്ക്കു-
മ്പോഴൊരു-
തീഗോളമായ്-
ച്ചിതറുന്നല്ലോ...?


...................

പ്രണയം

സ്റ്റെതസ്കോപ്പ്
നിന്നെ പ്രണയിച്ചു.

ഓപ്പറേഷന്‍ബ്ലേഡ്
നിന്നെ ചുംബിച്ചു.

വളപ്പൊട്ടും മയില്പീലിത്തുണ്ടും
അനാഥരായി.

Friday, January 1, 2010

കോലം

കാലുകള്‍
ചിറകടി-
ക്കുന്നേരം
നെഞ്ചില്‍
മയക്കം.

നെഞ്ചു-
ണരുന്നേരം
കാലിന്‍
മയക്കം.

ഉരിയാടാ-
കാറ്റും
മഴയും.


പഴങ്കുപ്പാ-
യത്തിന്‍
ഗന്ധം.

ഉണക്ക-
പ്പുല്ലിന്‍
പിറു-
പിറുപ്പ്
ഉടല്‍
നീളേ..

ഹ്യദയ-
മിടിപ്പെ-
ണ്ണിയിനി-
യെത്ര-
നാള്‍..?