Saturday, July 16, 2011

ശബ്ദങ്ങൾ



മഴ
ഉണക്കോലകളിൽ
ഇറികിപ്പിടിച്ചൂർന്നുപോകുന്നു.
ഓട്ടുചെരിവിൽ ചെന്ന്
വഴുതിയിറങ്ങുന്നു.
സിമന്റുപ്രതലത്തിൽ നിന്ന്
കുഴലിലൂടെ ഭ്ഹൂം...

അലക്കുകല്ലിൽ തലതല്ലി-
ക്കരയുന്നു പഴന്തുണികൾ.
പുതുതുണികൾ
വാഷിങ്ങ്മെഷീനിൽ
കറങ്ങിക്കറങ്ങി
കോട്ടുവായിടുന്നു.

കൊയ്ത്തുപ്പാട്ടുകൾ
ചീവിടുകളെ തേടിയെത്തി.
നെന്മണികളെ തഴുകിയ കാറ്റ്
റോഡിലൂടെ
ടയറിലുരഞ്ഞുപായുന്നു.

ഇലത്തുമ്പിൽ നിന്ന്
താഴേക്ക് ചാടുന്ന നീർക്കരച്ചിൽ
ഒരു അടയ്ക്കാക്കുരുവി
ച്യൂവീ പീകീ പറക്കുന്നു..
ഒരു ചുറ്റിക
മരത്തെ തല്ലുന്നു..
ചുവരിലെ പല്ലി
അമറുന്നു.
കമ്പ്യൂട്ടർ
മുരളുന്നു.

ചതുരപ്പെട്ടിയിൽ നിന്ന്
ഇടവേളകളില്ലാതെ
പുറത്തു ചാടുന്നു വേതാളങ്ങൾ

പുലർച്ചെ പുറപ്പെട്ട
ഒരു നാട്ടുകോഴി
ഉച്ചനേരത്തോടെ
വാതിലിൽ മുട്ടുന്നു..

Sunday, July 10, 2011

മമ മലയാലം(ക്ലാസ്സിക്)




മലയാലമേ,
വേര്‍  ഡിഡ് യൂ ഗോ..?
വാട്ട് ഹാപ്പന്‍ഡ്  റ്റൂ  യൂ ..?
ണ്‍, വേഗം തിരിച്ചുവരിക.
പപ്പയും മമ്മയും വേദനയോടെ 
നിന്നെ വെയിറ്റ് ചെയ്യുന്നു....
മമ്മ നിനക്ക്
മില്‍ക്ക് തരാഞ്ഞിറ്റാണോ
കോമ്പ്ലാന്‍ തരാഞ്ഞിറ്റാണോ
ഗ്രാന്‍മ  ടീവി കാണാന്‍ 
സമ്മതിക്കാഞ്ഞിറ്റാണോ
റ്റാറ്റാ പോലും പറയാതെ
നീ പൊയ്ക്കളഞ്ഞത്..?
പപ്പ നിന്നെ വിക്കനെന്ന്
ജോക്കായി വിളിച്ചതിനോ..?
അത് നീ ഇംഗ്ലീഷ്
പ്രോപ്പറായി പ്രൊനൌണ്‍സ്
ചെയ്യാഞ്ഞിറ്റല്ലേ..?
ണ്‍ ,വേഗം തിരിച്ചുവരിക
ഇനി നിനക്കിഷ്ടമില്ലാത്ത ജോക്ക്
ആരും പറയില്ല.
ലിറ്ററേച്ചർ ബുക്സ് കൊണ്ടുനടന്നതിന്ന്
ആരും ഓൾഡ്മാനെന്ന് മോക്ക് ചെയ്യില്ല.
നീ ഷൂവിടാതെ വാക്ക് ചെയ്തോളൂ...
ഡേര്‍ട്ടീ എര്‍ത്ത്  ഡ്രസ്സിൽ ചേര്‍ത്തോളൂ....
മിസ്റ്റര്‍ തുഞ്ചനെയോ
മിസ്റ്റര്‍ കുഞ്ചനെയോ
ചെന്ന് കണ്ടോളൂ......
പ്രവാസിയായി വില്ലേജിലെങ്ങും
വാൻഡര്‍ ചെയ്തോളൂ ...
ഇനി നിന്നെ ആരും വാണ്‍  ചെയ്യില്ല
ണ്‍ , വേഗം തിരിച്ചുവരിക.
പപ്പയും മമ്മയും
നിനക്ക് വാല്യുയബ്ൾ പ്രസന്റ്സ്
വാങ്ങിച്ചിറ്റുണ്ട്...
ടച്ച് സ്ക്രീൻ മൊബൈൽ,
ബർമുഡാസെറ്റ്,
ലൈസൻസ്ഡ് റിവോൾവര്‍ ....
അങ്ങനെയങ്ങനെ........
ണ്‍ ,വേഗം തിരിച്ചുവരിക...