Saturday, November 8, 2014

നിഴൽ


വളർന്ന് കൂർത്താലും ഉയർന്നുനിൽക്കുകയില്ല
എപ്പോഴും കാൽച്ചുവട്ടിൽ കുറുകാനാണാഗ്രഹം
ചിലപ്പോൾ വക്കുകൾ നിയതമാക്കാതെ ചാഞ്ഞും ചെരിഞ്ഞും ഏങ്കോണിച്ചും നോക്കും
ആരെങ്കിലും കണ്ടാൽ വഴുതിയിറങ്ങും
ചിലനേരം മുറ്റത്തും തൊടിയിലും കാൽപ്പനികമായ പടവുകൾ സൃഷ്ടിക്കും.
വെട്ടം കാണുമ്പോൾ ഭയന്നൊളിക്കും

ആഗ്രഹമുണ്ട്, ഓടിച്ചാടിക്കളിക്കാൻ ഉടുത്തൊരുങ്ങാൻ വെയിലത്തുനിൽക്കാൻ... തെരുവിലൂടെ നടക്കാൻ വാഹനമോടിക്കാൻ ഒറ്റയ്ക്ക് സിനിമ കാണാൻ പോകാൻ വീടിനോട് ടാറ്റാ പറയാൻ.....

തലയുയർത്തുമ്പോൾ സൂര്യൻ ചൂലുമായി നിൽക്കുന്നു...
മരങ്ങൾ വഴി തടയുന്നു..... ചീവീടുകൾ ആർപ്പുവിളിക്കുന്നു

രാത്രിയിൽ കുഞ്ഞുങ്ങളെ കാണാൻ പാത്തും പതുങ്ങിയും നിൽക്കണം
അവർ വന്നാൽ പേടിക്കുമെന്ന് പേടിച്ച് പിന്തിരിയണം...
എത്രകാലം ഈ ഒളിവുജീവിതം.... ?

Saturday, November 1, 2014

             കണ്ണുരോഗം                        
           
കാണുന്നോർ
കണ്ണടച്ചാട്ടുന്നു:
മാറിപ്പോ..
മാറിപ്പോ...
തുറക്കാൻ വയ്യ
അടക്കാൻ വയ്യ
ചെരിക്കാൻ വയ്യ
ഉയർത്താൻ വയ്യ
കണ്മുമ്പിലെങ്ങും
ചോപ്പ് വ്യാപിക്കുന്നൂ..
കണ്ണീരിന്നുപകരം
ഒലിക്കുന്നൂ..ലാവ
വിങ്ങും അകിടല്ലിത്
വീശും വാളിത്....
വഴികാട്ടും വെളിച്ചമല്ല
ഇഴയുന്ന സർപ്പമിത്.
നിറങ്ങൾ ചിറകടിക്കുന്നില്ല
കൃഷ്ണമണി തുളയ്ക്കും കഴുകൻ
മങ്ങുന്നൂ..സ്വീകരണമുറികൾ,റോഡുകൾ,
ഓഫീസ്സ് മുറികൾ,സൂപ്പർമാർക്കറ്റുകൾ,സ്റ്റേഷനുകൾ...
കത്തുന്നൂ..മൊബൈൽ നെറ്റും കമ്പ്യൂട്ടറും,ടീവിയും.
എവിടെയുമുറയ്ക്കുന്നില്ല നോട്ടം
എല്ലാം കറങ്ങുന്നു തലച്ചോറിൽ...
കൺപ്പിലികൾ പറിച്ചുകളഞ്ഞാലോ..
കൺവസ്ത്രം ഉരിഞ്ഞുകളഞ്ഞാലോ..
കൺക്യാമറ റിപ്പയർ ചെയ്യാനാമോ....
തെളിയുമോ ദൃശ്യങ്ങൾ പഴയപടി....