“കഥയെഴുത്തിന്റെ രഹസ്യങ്ങൾ പറഞ്ഞുതരാമോ..?”
സാഹിത്യവിദ്യാർഥി വിശ്വസാഹിത്യകാരനോട് ചോദിച്ചു.
വിശ്വസാഹിത്യകാരൻ ചാരുകസാരയിൽ ആഞ്ഞിരുന്ന് ഒരു സിഗരറ്റിന് തീ കൊളുത്തി. സിഗരറ്റിലെ തീ നിറന്നുപൊലിയുമ്പോൾ
സാഹിത്യകാരന്റെ കവിൾ ബലൂൺ പോലെ വീർക്കുകയും അയയുകയും ചെയ്തു.
സാഹിത്യവിദ്യാർഥി അക്ഷമയോടെ അത് നോക്കിനിന്നു. അയാളുടെ വീർത്ത
കവിളിൽ നിന്ന് ഒരു മഹദ്വചനം ഒരു ഫ്ലാഷ് ന്യൂസ്സായി അഴിഞ്ഞുവരുന്നത് അവൻ ഭാവനയിൽ
കണ്ടു.
“എന്താ ജോലി..?”
സാഹിത്യകാരൻ ചോദിച്ചു
“ജോലിയൊന്നുമില്ല”
സാഹിത്യവിദ്യാർഥി ഭവ്യതയോടെ പറഞ്ഞു.
“കഥയെഴുത്ത് ജോലിയാക്കാനാണോ പരിപാടി..?”
വിശ്വസാഹിത്യകാരൻ പഴയ വീടിന്റെ കഴുക്കോലിൽ നോക്കിക്കൊണ്ട് ചോദിച്ചു അയാളോന്നും
മിണ്ടിയില്ല.
സാഹിത്യകാരൻ പാതി വലിച്ചു കുടിച്ച് സിഗരറ്റ് നിലത്തിട്ട്
കാലുകൊണ്ട് ചതച്ചരച്ചു. പറഞ്ഞു.:”ഈ സിഗരറ്റ് വലിയിലാണ് എന്റെ സൃഷ്ടിരഹസ്യം.അതുകൊണ്ട്
പുകവലി ശീലിക്കണം.എന്നിട്ട് എഴുതാനിരിക്കൂ..”
“സാർ, പുകവലി ആരോഗ്യത്തിന് ഹാനികരമല്ലേ..?
സാഹിത്യവിദ്യാർഥി ഭവ്യതയോടെ ആരാഞ്ഞു.
“ഗെറ്റൗട്ട്..എനക്ക് തൂറാൻ മുട്ടുന്നു. അപ്പൊ പിന്നെ കാണാം..”
വിശ്വസാഹിത്യകാരൻ പർവ്വതം പോലെ എഴുന്നേറ്റു നിന്നു.