Thursday, September 19, 2013

കണ്ണാടിയും നിഴലും




ഏതോ
വിജനമാം വീഥിയിൽ.
നിഴലില്ലാതെ
മൂളിപ്പാട്ടില്ലാതെ
പ്രതിധ്വനിയില്ലാതെ ഞാൻ ….

വഴിയിലെ കാല്പാടുകൾ
മാഞ്ഞുപോയി.
മകുടിയൂതുന്നത്
കേൾക്കാതായി.
കാൽ വേദനിച്ചത്
അറിയാതെയായി
സൗഹൃദനോട്ടമില്ല
പതിനായിരത്തെട്ട്
വേഷമില്ല
പല്ലും നഖവും
വളരുകില്ല.

ഇനിയെനിക്ക്
കണ്ണാടിയിൽ
നോക്കേണ്ട.


ഇന്റേണൽ ഇഞ്ച്വറി


       
            കഥ                   ടി പി സക്കറിയ

      ആശുപത്രിയുടെ നെറ്റിയിൽ  ഓറിയോൺ നക്ഷത്രഗണത്തിന്റെ അരയിലെ ബെൽറ്റുപോലെ ബൾബുകൾ ഉയർന്നുനിന്നിരുന്നു. ഞങ്ങൾ-ഞാനും മാത്യുമാഷും- കോമ്പൗണ്ടിന്നു മുൻപിൽ ഓട്ടോയിറങ്ങി. ആശുപത്രിയിലേക്ക് കയറുമ്പോൾ മാത്യുമാഷ് ഓർമ്മിപ്പിച്ചു:
   “സിബീ,ഒര് കരുതല് വേണം .അവനെന്തുപറഞ്ഞാലും പ്രതികരിക്കരുത്. ഒരു രോഗിയെന്ന പരിഗണന കൊടുത്തേപറ്റൂ…”
    ഞാൻ മാർബിൾനിലത്ത് അമർത്തി ച്ചവിട്ടി നടന്നു. മാത്യു മാഷ് എന്റെ തോളിൽ കൈപ്പടം വച്ച് നടന്നു. ഇടയ്ക്ക് ചുണ്ടുവിരൽ എന്റെ തോളിലമർന്നു.
    “അവന്ന് വേഗം സുഗമാകണേ എന്ന് പ്രാർഥിക്കാം.അല്ലാതെന്നാ ചെയ്യാനാ..”
    “ഈയസുഖവും അവന്റെ തട്ടിപ്പല്ലെന്നെങ്ങനെയറിയാം?”
     ഞാൻ ചോദിച്ചു
    “അങ്ങനെ വരാൻ വഴിയില്ല സിബീ. ഡോക്ടേർസ് കളവുപറയോ..? അവന്റെ പാരന്റ്സ് കളവുപറയോ?”
     മാഷിന്റെ കൈവിരൽ എന്റെ തോളത്ത് ചോദ്യങ്ങൾ ഉരുവിട്ടു. അത് എന്നെ
ലിഫ്റ്റ്മുറിക്കടുത്തേക്ക് തള്ളിവിട്ടു.
      ഇരുണ്ട ഗുഹാമുഖമായിരുന്നു ലിഫ്റ്റ്മുറി.എക്സാകൃതിയിലുള്ള കമ്പിയഴികൾക്കുള്ളിൽ രണ്ട് ഇരുമ്പുകയർ നേർത്ത മൂളലോടെ മോളിലേക്കും താഴേക്കും സഞ്ചരിച്ചു. മുൻപിൽ കാത്തുനിൽക്കുന്ന ശരീരങ്ങൾ പ്രതിമകളെപ്പോലെ തോന്നിച്ചു..ഇളംനീല മേൽവസ്ത്രം ധരിച്ച രണ്ട് കന്യാസ്ത്രീകൾ എന്തോ അടക്കം പറഞ്ഞ് പരസ്പരം ചിരിച്ചുകൊണ്ടു നിന്നു..
   ലിഫ്റ്റിന്റെ ഇരമ്പം കേട്ടപ്പോൾ നിശ്ചലശരീരങ്ങൾ ഇളകി,
   പേടകം തുറക്കപ്പെട്ടു.മുക്കാലും ബാൻഡേജിട്ട ഒരു ശരീരം വീൽചെയറിലിരുന്ന് ചിരിച്ചു.അയാൾക്ക് പിറകിൽ അക്ഷമയോടെ ആൾകൂട്ടം.അറ്റൻഡർ വീൽചെയർ ഉരുട്ടിയപ്പോൾ ആൾക്കൂട്ടം ധൃതിയിൽ ഇരുവശത്തേക്കും ഒഴുകി.
  വേഗം കയറ്
  ലിഫ്റ്റ് ഓപ്പറേറ്റർ തിരക്കുകൂട്ടി.
  ഞങ്ങൾ ലിഫ്റ്റിനുള്ളിൽ സ്വയം ക്രമീകരിച്ചു.
  ലിഫ്റ്റുയർന്നു.
  പരസ്പരം വീശുന്ന ശ്വാസോഛ്ച്വാസത്തിൽ നിന്ന് മുക്തനാകാൻ ഞാൻ തല മുകളിലേക്ക് തിരിച്ചു. കന്യാസ്ത്രീകൾ  വീണ്ടും എന്തോപറഞ്ഞ് ഇക്കിളി പൂണ്ട് ചിരിച്ചു. ലിഫ്റ്റ്ഓപ്പറേറ്റർ അവരെ രൂക്ഷമായി നോക്കി. അവർ കുറ്റബോധത്തോടെ തല താഴ്ത്തി.
    മൂന്ന് എന്ന അക്കത്തിലെ ചുവന്ന ലൈറ്റ് തെളിഞ്ഞപ്പോൾ അൽഭുതമെന്നോണം മൂന്നുപേർ ഇറങ്ങി പോയി.
    കന്യാസ്ത്രീകളും മറ്റ് രണ്ട് പേരും നാലാം നിലയിൽ  ഇറങ്ങിപ്പോയി
   .എഴാംനിലയിലിലെത്തുമ്പോൾ ഞങ്ങൾ മാത്രമേ ഇറങ്ങാനുണ്ടായിരുന്നുള്ളൂ, .
    ഞങ്ങൾ വിജനമായ ഇടനാഴിയിലൂടെ നടന്നു.നൂറ്റിനാൽപ്പതാം നമ്പർ റൂമിന്റെ വാതിൽക്കലെത്തിയപ്പോൾ മാത്യുമാഷ് നിന്നു. ഞാൻ നിഴലായി പിറകിൽ നിന്നു.
   മാത്യുമാഷ് ബെല്ലിൽ കൈവച്ച് അല്പനേരം എന്നെ നോക്കി. മുഖത്തെ മാംസ പേശികൾ  പലതും ഓർമ്മിപ്പിച്ചു. ഞാൻ തലയാട്ടിയപ്പോൾ വിരൽ സ്വിച്ചിലമർന്നു .
   പാതി വാതിൽ തുറന്ന്  രണ്ടുകണ്ണുകൾ പുറത്തേക്കുവന്നു. പിറകെ മാംസത്തൊങ്ങ ലുള്ള  മുഖവും പ്രത്യക്ഷപ്പെട്ടു. മുഖം സംശയത്തോടെ ഞങ്ങളെ നോക്കി .ആൽബിന്റെ അമ്മയായിരിക്കുമതെന്ന് ഞാൻ വിചാരിച്ചു.അവരുടെ കണ്ണുകൾ ഞങ്ങളെയും കടന്ന് ഇടനാഴിയിലെങ്ങും കുരിശു വരച്ചു.
   “ഞങ്ങൾ ആൽബിന്റെ സ്കൂളിലെ സാറന്മാരാണ്.”
    മാത്യുമാഷ് പറഞ്ഞു.
   “ഞാൻ പള്ളീലച്ചനെ നോക്ക്വാരുന്നു. അച്ചനെ കൂട്ടാൻ പോയേക്കുവാ അങ്ങേര്           .    വാ,സാറന്മാര് വന്നാട്ടേ.. …”
   അവരുടെ ശബ്ദം നനഞ്ഞിരുന്നു.  ഞങ്ങൾ അകത്ത് കടന്നു.
   അവർ മുറിയുടെ മൂലയിൽ ഒതുങ്ങിനിന്നു .
    ഞങ്ങൾ മരണത്തിന്റെ നിഴലിലും ദേശത്തിലും കിടക്കുന്നവനെ കണ്ടു.
ഇറുകിയ വസ്ത്രത്തിനുള്ളിലെ ദേഹം ചീർത്തിരുന്നു. ഇടങ്കണ്ണ് ആഴത്തിലേക്ക് വലിഞ്ഞിരുന്നു. വലങ്കണ്ണ് പഴുത്ത സൂര്യനെ പോലെ പുറത്തേക്ക് തള്ളിനിന്നു.
ശ്വാസോഛ്ച്വാസത്തിന്റെ  ശബ്ദവും ഫാനിന്റെ ശബ്ദവും വേർതിരിച്ചറിയാൻപറ്റുന്നില്ല.
   “മോനേ, ഇതാ നിന്റെ സാറന്മാര്.. “
    അമ്മച്ചി അവനോട് പറഞ്ഞു.
   സൂര്യഗോളം തിളങ്ങി.അത് ഞങ്ങളുടെ ശരീരത്തിന്റെ നിമ്ന്നോന്നത ങ്ങളിൽ സഞ്ചരിച്ചു. തൊലിപ്പുറത്തെ ജലത്തെ കുടിച്ചുവറ്റിച്ചു. ഞങ്ങൾക്ക് പുകച്ചിലുണ്ടായി.
   “സാറന്മാരെ മനസ്സിലായില്ല്യോ മോനേ,നെനക്ക്?”
    അമ്മച്ചി അൽഭുതത്തോടെ ചോദിച്ചു.
   “മനസ്സിലായി..എന്തിനാ വന്നതെന്നും മനസ്സിലായി.”
    അവൻ ചുണ്ടുകൾ  പിളർത്തി. മാംസച്ചൊരുക്കുകൾക്കിടയിലെ കണ്ണുകൾ വലിഞ്ഞുമുറുകി.
     മാത്യുമാഷ് പറഞ്ഞു:
   “ ഞങ്ങൾ ഇതിലേ പോകുമ്പം കേറിയെന്നേ ഉള്ളൂ..”
    “.അതുപറയല്ലേ.എന്നെ കാണാൻ തന്നെ വന്നതാ.ഞാൻ ചാവ്വോന്നറിയാൻ വന്നതാ,നിങ്ങള്.”
     ഞങ്ങൾ നടുങ്ങി.അവന്റെ ശരീരത്തിന്നു മാത്രമേ അസുഖമുള്ളൂ..ആത്മാവിന്റെ ഭാഗമായ വചനങ്ങൾക്ക് യാതൊരു ക്ഷീണവുമില്ല.പഴയതിനെക്കാൾ ദാർഢ്യമുണ്ടു താനും.-  എന്റെ വിചാരങ്ങൾക്കുമേൽ അമ്മച്ചിയുടെ വാക്കുകൾ:
       “ ഇങ്ങനെയാന്നോടാ സാറന്മാരോട് പറയുന്നേയ്യ്..”
         അവർ ക്ഷമായാചനയോടെ ഞങ്ങളെ നോക്കി. അന്നേരം അവൻ പറഞ്ഞു:
      “എന്റെ ഈ കെടപ്പ് കണ്ട് ആരും വ്യാമോഹിക്കണ്ട ..എനിക്കൊരസുഖോമില്ല. ഒരാഴ്ച്ചക്കുള്ളിൽ  ഞാൻ സ്കൂളിലെത്തും. പഴേപോലെ “
      അതൊരു പ്രതിജ്ഞ പോലെയായിരുന്നു.പ്രതികാരാഗ്നിയുടെ ചൂട് മുറിയിലെങ്ങും വ്യാപിച്ചു.
     അമ്മച്ചി കുറ്റബോധത്തോടെ പറഞ്ഞു.
    “എവന്ന് ഇന്നലെ രാത്രി നല്ല പനിയായിരുന്നു.ഇപ്പം തലപ്പെരുപ്പം കാണും.അതാ പിച്ചും പേയും പറയുന്നേയ്.. സാറന്മാര് ഒന്നും വിചാരിക്കരുത്.”
     അന്നേരം അവൻ ദേഹം കുടയുകയും സീൽക്കാരമുതിർക്കുകയും ചെയ്തു.
     “‘അമ്മച്ചി പറയുന്നത് നൊണയാ..എനക്ക് ഇന്നലെ പനിച്ചിട്ടേയില്ല. ഞാൻ സൊബോധത്തോടെയാണ് സംസാരിക്ക്ന്നത്. സാറന്മാര് പൊയ്ക്കോ. നമ്മക്ക് സ്കൂളില് വെച്ച് കാണാം.”
    അവൻ തേരട്ടയെപ്പോലെ ചുരുണ്ട് ചുവരിന്നഭിമുഖം തിരിഞ്ഞ് കിടന്നു.
    ഞങ്ങൾ എന്തുചെയ്യുമെന്നറിയാതെ നിന്നു.അമ്മച്ചി കുറ്റബോധത്തോടെ ഞങ്ങളെ നോക്കിനിന്നു. ഒരു നെടുവീർപ്പുതിർത്തുകൊണ്ട് അവർ പറഞ്ഞു:
    “സ്ട്രോങ്ങ് ഗുളികയാണ് കഴിക്കുന്നത്... അതാ ഇങ്ങനെയൊക്കെ പറയുന്നേയ്. ഞാൻ സാറൻമാർക്ക് കാപ്പിയെടുക്കാം.”
    അവർ ജാള്യത മറയ്ക്കാൻ കാപ്പി പകരുന്നതിൽ ശ്രദ്ധിക്കുകയാണെന്ന് നടിച്ചു.
    മുറിയിൽ ഭീതിജനകമായ ഒരു നിശ്ശബ്ദത ശ്വാസ്സം മുട്ടിനിന്നു.
    ഞാനും മാത്യുമാഷും മറ്റ് മാർഗ്ഗമില്ലാതെ തിരിഞ്ഞുകിടക്കുന്ന ആൽബിനെ നോക്കിക്കൊണ്ടുനിന്നു. അവൻ ഷർട്ടിട്ടുണ്ടായിരുന്നില്ല. അവന്റെ പുറത്ത് തെക്കൻ നക്ഷത്രത്തിന്റെ വാലു പോലെ ഒരടയാളം തിണർത്തു കിടക്കുന്നു.ഞങ്ങൾ അറിയാതെ പരസ്പരം നോക്കിപ്പോയി.ആ തിണർപ്പിന്റെ ചരിത്രം ഞങ്ങളുടെ ഓർമ്മയിൽ വന്നു.:
     പ്ലസ്സ് വണ്ണിൽ ചേർന്നകാലം  അവൻ ആരാലും അറിയാത്തവനായിരുന്നു. ആത്മവിശ്വാസമില്ലാതെ നടക്കുന്ന ഒരുപറ്റം കുഞ്ഞാടുകൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്ന എന്തെങ്കിലും അവനിൽ ഉള്ളതായി അക്കാലത്ത് തോന്നിയിരുന്നില്ല. ക്ലാസ്സിൽ തലകുമ്പിട്ടിരിക്കും. കുനിഞ്ഞ ശിരസ്സിന്നടിയിലെ കണ്ണുകൾ ഇടയ്ക്കിടെ തിളങ്ങും. ഞാൻ അറ്റൻഡൻസ്സ് വിളിക്കുമ്പോൾ യാന്ത്രികമായെഴുന്നേറ്റ് നമ്പർ പറയും. പിന്നെ വീണ്ടും ഒടിഞ്ഞുകുത്തിയിരിക്കും.ചോദ്യം ചോദിച്ചാൽ എല്ലാവരെയും പോലെ കുറ്റബോധത്തോ ടെ എഴുന്നേറ്റ് നിൽക്കും.അത്രമാത്രം.
   അവനെ ശ്രദ്ധിക്കാൻ തുടങ്ങിയത് ചില കംപ്ലയന്റുകൾ കേട്ടപ്പോഴാണ്.
  “നിങ്ങടെ ഒരു സയൻസ്സ് വിദ്യാർഥി സെക്കന്റ് ഹ്യുമാനിറ്റീസ്സ് ക്ലാസ്സിനെ വല്ലാതെ ശല്ല്യം ചെയ്യുന്നുണ്ട്.ഇന്റർവെൽ സമയത്തും അല്ലാതെയും ഹ്യൂമാനിറ്റീസ്സ് ക്ലാസ്സിൽ കേറി നെരങ്ങുന്ന്ണ്ട്.”
   ഹിസ്റ്ററിയുടെ ഗിരീഷ് മാഷ് ഒരിക്കൽ പറഞ്ഞു:
 “സാധാരണയായി പ്ലസ്സ്ടൂ വിദ്യാർഥികളാണ് പ്ലുസ്സ് വൺ വിദ്യാർഥിനികളെ ശല്ല്യം ചെയ്യാറ്.ഇതല്പം കൂടിയ ഇനമാണ്.”
   വിദ്യാധരൻ മാഷ് പറഞ്ഞു.
  അന്നുമുതൽ ഞാനിവനെ നിരീക്ഷിച്ചിക്കാൻ തീരുമാനിച്ചു. ഞാൻ ക്ലാസ്സിലെ മൂന്നു ചെക്കന്മാരെ സ്പൈവർക്കിന് നിയോഗിച്ചു .രണ്ടുദിവസം കൊണ്ട് അവർ സത്യം കണ്ടെത്തി വന്നു: പ്ലസ്സ്ടൂവിലെ കുട്ടികൾ ആദ്യമാദ്യം ഇവനെ മൈന്റു ചെയ്തില്ല പോലും. അവർക്കു പരിചയമില്ലാത്ത എന്തൊക്കെയോ കാര്യങ്ങൾ സ്ഥിരമായി പറഞ്ഞു തുടങ്ങി യപ്പോഴാണ് ശ്രദ്ധിക്കൻ തുടങ്ങിയതത്രേ. ഇപ്പോൾ സയൻസ്സിലും കൊമേഴ്സ്സിലും അനുയായികളുണ്ടത്രേ. ബന്ധം സുദൃഢമാണത്രേ. പ്രത്യേകിച്ചും ആൺകുട്ടികളുമായുള്ള ബന്ധം.
    ഞാൻ ഇവന് വാണിങ്ങ് നൽകി:
   “നീ ഇന്റർവെൽ സമയത്ത് മറ്റ് ക്ലാസ്സുകളിൽ പോയി ശല്ല്യം ചെയ്യരുത്.ഇനി ആവർത്തിച്ചാൽ പാരന്റ്സ്സിനെ വരുത്തും.”
   ഇവൻ തലകുമ്പിട്ട് കേട്ടിരുന്നു.തിളങ്ങുന്ന കൺ ഗോളങ്ങൾ എന്റെ മുഖത്ത് ക്ഷാമബാധിതമായ കാനാൻ ദേശത്തിലെന്നോണം അലഞ്ഞുനടന്നു.പുല്ലും പൊടിപ്പുമില്ലാത്ത നിലത്ത് നോക്കിനിൽക്കുന്ന കർഷകന്റെ ഭാവമായിരുന്നു.
  ഞാൻ ആക്രോശിച്ചു:
  “പറഞ്ഞത് മനസ്സിലായില്ല്യോടാ..എന്താ മിഴിച്ചുനോക്കുന്നേയ്..?”
   ഇവൻ വായ തുറന്ന് ഒന്നും പറഞ്ഞില്ല.’ ശരിസ്സാർ’ എന്നുകേട്ടതുപോലെ എനിക്ക് തോന്നി.
  “പൊയ്ക്കോ”-ഞാൻ പറഞ്ഞു.
  പിന്നീട് ദിവസ്സങ്ങളോളം ഇവനെ കണ്ടതേയില്ല.ഞാൻ സാധാരണ ചെയ്യാറുള്ളതു പോലെ ഇവന്റെ പാരന്റിനെ വിളിച്ചതുമില്ല.’ശല്ല്യം’ ടീസീ വാങ്ങി ഒഴിഞ്ഞുപോകുന്നെ ങ്കിൽ പോകട്ടെ എന്നായിരുന്നു എന്റെ നിലപാട്.
  ഒരാഴ്ച്ച കഴിഞ്ഞ് അവൻ വീണ്ടും ക്ലാസ്സ്മുറിയിൽ പ്രത്യക്ഷപ്പെട്ടു.ഡാർക്ക് ഗ്രേയും ലൈറ്റ് ഗ്രേയും യൂണിഫോമുകൾക്കിടയിലെ വെളുത്ത കുരിശുരൂപം.അവന്റെ ഇടകൈ പൊട്ടിയ കുരിശുപോലെ കിടന്നിരുന്നു. പതിവുപോലെ തടാക നിശ്ചലതയുള്ള കണ്ണു കളുടെ നോട്ടം.
  “നിന്നോടാരാ ക്ലാസ്സിലിരിക്കമ്പറഞ്ഞേയ്..?”
   ഞാൻ ചോദിച്ചു.
   അവൻ മിണ്ടിയില്ല.
   കുരിശുശരീരം ഡസ്സ്ക്കിൽ ചാരിവച്ച് മന്ദഹസിച്ചു കൊണ്ടിരിക്കുകയാണ്. അവന്റെ അനുയായികളിലൊരുവൻ‌‌‌--പത്രോസ്സുചേട്ടന്റെ മകൻ ഷെറിൻ- വിളിച്ചു പറഞ്ഞു:
   “സേർ,ഇവന്റെ കൈ ഒടിഞ്ഞിന്..ബയങ്കര വേതനീംണ്ട് പോലും”
   “എങ്ങനെയാടാ കൈയൊടിഞ്ഞത്.?”
    ഞാൻ ആൽബിനോട് ചോദിച്ചു.
    അവൻ എഴുന്നേറ്റ് തലകുമ്പിട്ട് ഡസ്സ്ക്-ബെഞ്ചുകൾക്കിടയിലെങ്ങും പരതി. ഷെറിൻ വിശദീകരിച്ചു.:.
  “സേർ,എവന്റെ പപ്പതന്ന്യാണ് അടിച്ചൊടിച്ചത്.
   കൗമാരശരീരങ്ങൾ കുലുങ്ങിചിരിച്ചു.ചോദ്യോത്തരങ്ങൾ ഡ്സ്സ്ക്-ബെഞ്ചുകൾക്കിട യിലൂടെ കുശുകുശുത്തുനടന്നു.അന്വേഷണങ്ങളും മറുപടിയും ആരവമായിമാറി.ക്ലാസ്സ് അലങ്കോലമായി. അതോടെ അന്ന്  ഞാൻ വിചാരണ അവസാനിപ്പിച്ചു.പിന്നിട് സ്റ്റാഫ് റൂമിലേക്ക് വിളിപ്പിച്ചപ്പോഴാണ് അവൻ സത്യം പറഞ്ഞത്.അവൻ ഒരാഴ്ചയായി പനിച്ചു കിടക്കയായിരുന്നു.പനിച്ചുനടക്കുകയായിരുന്നു എന്നുവേണം പറയാൻ.കാരണം ഈ ഒരാഴ്ച്ച അവൻ വീട്ടിൽ നിന്നില്ല. രാപ്പകൽ ഫ്രന്റ്സ്സിന്റെ വീട്ടിലെങ്ങം കറങ്ങി നടക്ക യായിരുന്നു. അതിന് അവന്റെ അപ്പൻ ജോസ്സ് കൊടുത്ത ശിക്ഷയാണ് ഈ ഒടിഞ്ഞ കൈക്കുരിശ്.
  പക്ഷെ അവൻ കൊണ്ടുവന്ന ജോസ്സേട്ടന്റെ കൈപ്പടയുള്ള ലീവ് ലെറ്ററിൽ അവൻ സ്റ്റെപ്പിറങ്ങുമ്പോൾ വീണുവെന്നാണ് എഴുതിയിരുന്നത്.
  ഞാൻ ഉള്ളാലെ ചിരിച്ചു.അവന്ന് ലീവനുവദിക്കുകയും ചെയ്തു.
  പക്ഷേ അവനതുകൊണ്ടൊന്നും നന്നാവുകയില്ലെന്ന് വളരെ വേഗം വ്യക്തമായി. അവൻ ഒടിഞ്ഞ കൈയും ഏന്തിവലിച്ച് ക്ലാസ്സുമുറികളിൽ കയറിയിറങ്ങി. തിരിച്ച് അവന്റെ ക്ലാസ്സുമുറി ഒരു തീർഥാടന കേന്ദ്രമായി മാറി.എല്ലാക്ലാസ്സിലേയും കുട്ടികൾ അവിടേക്ക് ഒഴുകുകയായിരുന്നു.
   ഞാനവന്ന് വീണ്ടും വാണിങ്ങ് നൽകി.:
  “ഇനി നീ ക്ലാസ്സീന്ന് പൊറത്തിറങ്ങിയാ ടീസി തന്നുവിടും.
  കുറച്ചു ദിവസം അവൻ ക്ലാസ്സ്മുറിയുടെ വാതിൽക്കൽ അക്ഷമയോടെ ആകാശ ത്തേക്ക്  മിഴികളുയർത്തിനിൽക്കുന്നത് ഞാൻ ശ്രദ്ധിച്ചു.മരങ്ങളൊന്നുമില്ലാത്ത വലിയ പാറക്കെട്ടിന്നുമുകളിലാണ് സ്കൂൾ നിന്നിരുന്നത്. അതിന്റെ മുൻപിലെ ആകാശക്കാഴ്ചകൾ  ശൂന്യമായിരുന്നു.അവന്റെ ധ്യാനാത്മകമായ നോട്ടം കണ്ട് എനിക്ക് ചിരിയൂറി.
   പിന്നീട് മൂന്നുദിവസം കഴിഞ്ഞ് വീണ്ടും അവനെ കാണാതായി. ഏഴാംദിവസം ഉയർത്തെഴുന്നേറ്റപ്പോൾ അവൻ നടുവ് കുനിച്ചുനടക്കുകയായിരുന്നു. അവന്റെ പുറത്ത് ഒരു വലിയ കൂനുണ്ടായിരുന്നു.
    ഇത്തവണ അടികിട്ടിയത് സ്വന്തം അപ്പന്റെയല്ല,നാട്ടുകാരുടേതാണ്.ക്ലാസ്സിലെ എപ്ലസ്സുകാരൻ കിരൺ തോമസ്സിനെ വീട്ടിൽ വിളിച്ചുശല്ല്യം ചെയ്തതിന്ന് അവന്റെ ചേട്ടന്മാർ നൽകിയ സമ്മാനമായിരുന്നു ആ കൂന് ..
    എന്നിട്ടും അവന് കൂസലേതുമുണ്ടായില്ല.മൂന്നാം ബെഞ്ചിൽ ഹീറോയായി വിലസ്സി.
മൂന്നാം ബെഞ്ച് പിരമിഡുപോലെയായിരുന്നു.ഏറ്റവും നടുവിൽ അവൻ.അല്പം നീളം കുറഞ്ഞ രോഷൻ വർഗ്ഗീസ്സും മേബിൾ മാത്യവും അവന്റെ ഇടത്തും വലത്തും.അറ്റത്ത് നീളം കുറഞ്ഞ കപിൽചെറിയാനും  ഋതുൽജോയിയും. ഇവരായിരുന്നു അവന്ന് മറയും സംക്ഷണവും നൽകിയിരുന്നത്.നിഖിലും കിരണും ഇടയ്ക്കിടെ അവനെ തഴുകിയും മൂകസന്ദേശങ്ങൾ കൈമാറിയും അവനെ ശുശ്രൂഷിച്ചു.ഇടവേളകളിൽ സന്ദർശകരെ കടത്തിവിടുന്നതിന്ന് ഇവരുടെ അനുവാദം വേണമായിരുന്നു.
   ക്ലാസ്സിലെ ഈ ഒഴപ്പ്കമ്പനിയെ പിരിച്ചുവിടാനായിരുന്നു ഞങ്ങൾ ഞാനും മാത്യു മാഷും കഴിഞ്ഞാഴ്ച്ച ശ്രമിച്ചത്.
   ക്ലാസിൽ എല്ലാ വിഷയത്തിന്നും എപ്ലസ്സ് നേടാൻ സാധ്യതയുള്ളവനും എക്സ്ട്രാ എൻട്രൻസ്സ് കോച്ചിങ്ങ് പരീക്ഷകളിൽ മികച്ചപ്രകടനം കാഴ്ച്ചവയ്ക്കുന്നവനുമായ കിരൺഭാസ്കറിനെ ഞങ്ങൾ ചട്ടം കെട്ടി..
  പ്ലാൻ ചെയ്ത പ്രകാരമുള്ള ക്ലാസ്സ്മുറി.സിസ്റ്റം ഓഫ് പാർട്ടിക്ക്ൾസ്സ് ആന്റ് റൊട്ടേഷ ണൽ മോഷൻ ആയിരുന്നു ചാപ്റ്റർ.ആൽബിൻ ക്ലാസ്സ് ശ്രദ്ധിക്കുന്നതായി നടിച്ച് മുഖം കുനിച്ചിരിക്കുകയാണ്. കിരണിന്റെ ബെഞ്ചിലിരിക്കുന്നവരും എന്റെ വിവരണത്തിൽ കണ്ണുനട്ടിരിക്കുകയാണ്.  കിരണിന്റെ പോക്കറ്റിൽ ഒരു കടലാസ്സ് തുണ്ട് കിടന്ന് വിറച്ചു..സമയമായിട്ടില്ലെന്ന് ഞാൻ തലയിളക്കി..അതിൽ ആൽബിന്റെ നിരപ്പില്ലാത്ത പാറക്കുന്നു പോലുള്ള കൈയ്യക്ഷരങ്ങളിൽ അവൻ ചിലത് ശേഖരിച്ചുവച്ചിരുന്നു.അതി ൽ സ്കൂളിനെയും പ്രിൻസ്സിപ്പലിനെയും അധ്യാപരെയുമെല്ലാം പരിഹസിക്കുന്ന വാക്യ ങ്ങൾ എഴുതിചേർത്തിരിക്കുമെന്നുറപ്പാണ്. കിരണിന്റെ ബുദ്ധിയിൽ എനിക്ക് സംശയമി ല്ലായിരുന്നു.
  ലീനിയർ മൊമന്റം എന്തെന്ന് വിശദീകരിച്ചശേഷം ഞാൻ കുട്ടികളെ ആകെയൊന്നു നോക്കി. എല്ലാവരും നോട്ടെടുക്കുന്ന തിരക്കിലാണ്.ഞാൻ കിരണിന്ന് സിഗ്നൽ നൽകി.
  എഴുത്ത് ഡെസ്സ്കിനടിയിലൂടെ സഞ്ചരിക്കുന്നത് ഞാൻ കണ്ടു.. ഉല്ലാസ്സും രോഷനും തോൾ താഴ്ത്തി ലെറ്റർ പാസ്സുചെയ്യുന്നുണ്ടായിരുന്നു. മേബിളിന്റെ മുഖം ലെറ്റർ വാങ്ങു മ്പോൾ അഭിമാന വിജൃംഭിതമായതായി കണ്ടു. അന്നേരം ഞാൻ കിരണിനെ മനസ്സാ സ്തുതിച്ചു.ലെറ്റർ ആൽബിന്റെ പുസ്തകനിടയിലെത്തി എന്നുറപ്പായപ്പോൾ ഞാൻ ചോദ്യശരങ്ങൾ തൊടുത്തുവിട്ടു.
  “ആൽബിൻ,നീ എന്തെടുക്കുവാ അബടെ..?
   അവൻ എഴുന്നേറ്റ് മുഖമുയർത്തി എന്നെ നോക്കി.കണ്ണുകൾ പ്രാർഥനാനിർഭരമായി .
   ഞാൻ ചോദ്യം ആവർത്തിച്ചു.
   അവൻ ചുണ്ടുകൾ സ്വയം മന്ത്രിക്കുന്നതു പോലെ തൂടർന്നു.എന്നാൽ ശബ്ദം പുറത്തു വന്നില്ല.ക്ലാസ്സിലെ തൊണ്ണൂറ്റിയെട്ട് കണ്ണുകളും എന്നെയും അവനെയും പിന്തുടർന്നു.
  .ഞാൻ അവന്റെ അടുത്തേക്ക് ചെന്ന് ചോദ്യം ആവർത്തിച്ചു.അന്നേരം  അവന്റെ കണ്ണുകൾ ജാലകത്തിലൂടെ ആകാശത്തേക്ക് പറന്നുചെന്നു. ഞാൻ  നാടകീയമായി  അവന്റെ ബാഗ് പരിശോധിച്ചു.  ടെക്സ്റ്റ്ബുക്കുകളും നോട്ടുബുക്കുകളും ഇളക്കി മറിച്ചു.
കുറിപ്പ് കണ്ടെടുത്തു.
  ഞാൻ പ്രതീക്ഷിച്ചതിൽ കൂടുതൽ എഴുത്തിലുണ്ടായിരുന്നു. സ്കൂളിൽ അനാവശ്യമായി ഡൊണേഷൻ പിരിക്കുന്നുണ്ടെന്നും സ്കൂൾ ഒരു കച്ചവടസ്ഥാപനമാക്കരുതെന്നും അതിന് കൂട്ടുനിൽക്കുന്നവരെ അടിച്ചുപുറത്താക്കണമെന്നും കിരണിന്റെ ബുദ്ധിയുലുദിച്ച ആശയം അതിൽ എഴുതിയിരുന്നു.
  “ ഇങ്ങോട്ട് വാടാ”‌-ഞാൻ പറഞ്ഞു.ഇതിന് നീ ശിക്ഷ അനുഭവിച്ചേപറ്റൂ.. പ്രിൻസ്സിപ്പാ ളിനോട് കംപ്ലയന്റ് ചെയ്യമ്പോവ്വാ ഞാൻ”
  “വേണ്ട മാശേ….” -- കുട്ടികൾ ആർപ്പുവിളിച്ചു
  ഞാൻ എഴുത്ത് ഉയർത്തിപ്പിടിച്ചുകൊണ്ട് മുന്നറിയിപ്പ് നൽകി: “സ്കൂളിന്റെ അച്ചടക്കം ലംഘിക്കുന്നവർക്ക് കടുത്ത ശിക്ഷ കിട്ടും. നിങ്ങൾക്കെല്ലാം ഇതൊരു പാഠമായിരി ക്കണം. ”
  ഡസ്സ്ക്ക് ബെഞ്ചുകൾക്കിടയിൽ നിന്ന് പുറത്തുവന്ന ആൽബിനെ വിരൽ ചൂണ്ടി പ്രിൻസ്സിപ്പാളിന്റെ മുറിയിലേക്ക് നയിച്ചു. ലെറ്റർ പ്രിൻസ്സിപ്പാളിന് കൈമാറി.
  പ്രിൻസ്സിപ്പാൾ വിറയലോടെ ലെറ്റർ വായിച്ചു. അപ്രതീക്ഷിതമായി അവന്റെ പുറത്ത് രണ്ട് പൊട്ടിച്ചു.ആക്രോശിച്ചു:”ഈ സ്കൂളിന്റെ സൽപ്പേര് കളയാനാണോ നെന്റെ പൊറപ്പാട്..?”
   ഇവൻ തല ഉയർത്തിയില്ല.കണ്ണീർ പൊഴിച്ചില്ല.ക്ഷമാപണം നടത്തിയില്ല.അക്ഷോ ഭ്യനായി ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടിൽ നിലകൊണ്ടു.
   “ഗെറ്റൗട്ട്”—പ്രിൻസ്സിപ്പാൾ അലറി.പാരന്റ്സ്സിനെ കൂട്ടിക്കൊണ്ടുവന്ന് ടീസി വാങ്ങി ക്കോളൂ..”
   ഇവൻ ബാഗും തോളിലേറ്റി തിരിഞ്ഞുനോക്കാതെ ഗേറ്റുകടന്നുപോകുന്നത് കണ്ട് ഞാനും മാത്യു മാഷും അമ്പരന്നു.”അവന്റെ തൊലിക്കട്ടി അപാരം തന്നെ.”ഞങ്ങൾ മനസ്സിൽ പറഞ്ഞു.
    പിന്നീട് ഒരാഴ്ച്ച കഴിഞ്ഞാണ് ഇവൻ അഡ്മിറ്റായ വാർത്ത ഞങ്ങൾ കേട്ടത് .അതുകേട്ടപാടെ മാത്യുമാഷ് എന്നോട് പറഞ്ഞു: “സ്കൂളിൽ തിരിച്ചുകേറാൻ അവൻ പല തന്ത്രങ്ങളും പയറ്റും .വിട്ടുകൊടുക്കരുത്.”
   മാത്യുമാഷിന്റെ മുഖത്തും ഓർമ്മയുടെ തിരയിളകുന്നത് കണ്ടു. അദ്ദേഹം അവനെത്ത ന്നെ നോക്കിക്കൊണ്ടു നിന്നു.അവന്റെ പുറത്ത് തിണർത്തുകിടക്കുന്ന തെക്കൻ കുരിശ് നാട്ടുകാരുടെ കൈയ്യിൽനിന്ന് കിട്ടിയ സമ്മാനമാണ്.അതിനു പുറമെ ഒരുപാടു വരകളും കുറികളുമുണ്ടായിരുന്നു അവന്റെ പുറത്ത്..ചിലത് ആരോ കോറിയിട്ട മഞ്ഞവരകൾ. ചിലവ ചോരച്ചാലുപോലെ വശങ്ങളിലേക്ക് നീണ്ടുപോകുന്നവ. അതവന്റെ അസുഖ ത്തിന്റെ പ്രത്യകതയാണുപോലും.ഉള്ളിലെ രക്തസ്രാവത്തിന്റെ ലക്ഷണങ്ങൾ പുറമേ ക്ക് പ്രത്യക്ഷപ്പെടുന്നതാണുപോലും. ഇതെല്ലാം ഇപ്പോഴും അവനെ  ഉപേക്ഷിച്ചിട്ടില്ലാ ത്ത പ്ലസ്സ്ടൂ കുട്ടികൾ പറഞ്ഞ അറിവാണ്. അവന്റെ അമ്മച്ചിയോട് ഞങ്ങൾക്കൊന്നും ചോദിക്കാൻ തോന്നുന്നില്ല ഇപ്പോൾ.
    ‘നമുക്ക് പോയ്കൂടേ’-
    മാത്യുമാഷ് എന്നോട് അനുവാദം ചോദിക്കുന്നതു പോലെ തലയിളക്കി.
   “ഇവന്മാര് ഇതുവരെ പോയില്ല്യോ.?’
     പൊടുന്നനെ ആൽബിൻ തിരിഞ്ഞു കിടന്നുകൊണ്ട് ചോദിച്ചു.
     അമ്മച്ചിയും ഞങ്ങളും പകച്ചുപോയി.
     അവന്റെ കണ്ണുകളിൽ അഗ്നിയുണ്ടായിരുന്നു. പല്ലുകൾക്കിടയിൽ പ്രാചീനമായ പിറുപിറുപ്പുകളുണ്ടായിരുന്നു.അവന്റെ ശരീരം വിറയ്ക്കുന്നുണ്ടായിരുന്നു.
  “അവരിപ്പപോകും. നെന്റെ സാറന്മാരല്ല്യോ..? ഇങ്ങനെയെല്ലാം പറഞ്ഞാല് അവര്ക്ക് വെഷമാവൂല്ല്യോ? “
  അമ്മച്ചി അവനെ സമാധാനിപ്പിക്കാനായി പറഞ്ഞു.അവന്റെ ദേഹം തടവുകയും പിടിച്ചുനിർത്താൻ ശ്രമിക്കയും ചെയ്തു.എന്നാൽ അവന്റെ വിറയലും പല്ലിറുമ്മലും നിന്നില്ല.ഇനി അധികനേരം അവിടെ നിൽക്കുന്നത് പന്തിയല്ലെന്ന് ഞങ്ങൾക്ക് തോന്നി.
   “എന്നാ ഞങ്ങള് പോവ്വാണ്..ഇവന് സുഗായാ ഞാങ്ങള് വരാം.”
    മാത്യുമാഷ് പറഞ്ഞു.
  “എന്നാ അതാ നല്ലത്-“ അവന്റെ വിറയ്ക്കാത്ത ശബ്ദം ഞങ്ങൾ കേട്ടു.
    അമ്മച്ചി സങ്കടത്തോടെ കൈ വീശി .
    ഞങ്ങൾ വാതിൽ ചാരിയിറങ്ങി.
    ഇടനാഴിയിലൂടെനടന്നു.
    ലിഫ്റ്റിനടുത്തെത്താറായപ്പോൾ പിറകിൽ നിന്നും നിലവിളിയും ശബ്ദങ്ങളും കേട്ടു. ഇടനാഴിയിലൂടെ ആളുകൾ ഓടിപ്പോകുന്നതു കണ്ടു.അന്നേരം ലിഫ്റ്റ് വന്നു.മാത്യു മാഷ് തോളിൽ പിടിച്ച്  എന്നെ ലിഫ്റ്റിലേക്ക് നയിച്ചു.    
                                                 
                                           #############