ഞാൻ പൈപ്പു തുറക്കുമ്പോൾ
വെള്ളം എന്നെ ശകാരിക്കുന്നു:
നിന്നടിമയല്ല,ന്തകനാണു ഞാൻ.
നീ വിളിക്കുന്നേടത്തേക്കിനി ഞാൻ വരുകില്ല.
നിന്റെ കാലടികളെ തഴുകില്ല.
നിന്റെ മെയ്യഭ്യാസത്തിന്നു വഴങ്ങില്ല.
നിന്റെ മൂർധാവിലേക്ക് ചാടില്ല.
ഇനിമേൽ
നിന്റെ അണ്ണാൻചാട്ടത്തിന്നകമ്പടിയില്ല.
നിന്റെ കണ്ണിലെ രക്തത്തെ നനയ്ക്കുകില്ല.
തകർക്കും ഞാൻ നിന്റെ തടവുവഴികളെ
കുടിച്ചുവറ്റിക്കും നിന്റെ ദേഹത്തെ.