Tuesday, February 23, 2010

ചിതലരിച്ച ഭൂപടം.

ഇന്നലെ
ബാലകൃഷ്ണന്റെ വീടിന്റെ
ഗൃഹപ്രവേശമായിരുന്നു.
പഴയവീട്ടിലെ
അലമാര വൃത്തിയാക്കുമ്പോള്‍
അവനൊരു ഭൂപടം ലഭിച്ചു.

അവന്‍ അത്
 എന്നെ കാണിച്ചു.

ചിതലുകള്‍ അധിനിവേശം
തുടങ്ങിയിരിക്കുന്നല്ലോ, ബാലകൃഷ്ണാ......
ഞാന്‍ പറഞ്ഞു.

അക്ഷാംശങ്ങളും രേഖാംശങ്ങളും
ഉറുമ്പിന്‍ കൂട്ടങ്ങളെ പോലെ
വഴിതെറ്റിപ്പോയെടാ...........
അവന്‍ പറഞ്ഞു.

പര്‍വതങ്ങളല്ലേ
അടര്‍ന്നു വീഴുന്നത്...!!
അവന്‍ പരിഹസിച്ചു.

സമുദ്രങ്ങള്‍ക്ക്  തുളവീണ്
ആകാശം കാണാം........
ഞാനും കമന്റ് കൊടുത്തു.

കുട്ടിക്കാലത്ത് നമ്മള്‍
മീന്‍ പിടിക്കാനും
വെള്ളം കോരാനുമുപയോഗിച്ച
തുണിപോലെയായി ഇത്........
അവന്‍ പറഞ്ഞു..

നിന്റമ്മയും എന്റുമ്മയും
തലയില്‍ ചുമന്ന് വീട്ടിലെത്തിച്ച
പാഴ്ക്കറ്റ പോലെയായി  ഇത്.....
ഞാന്‍ പറഞ്ഞു..

വലിച്ചെറിയെടാ..........
ഞങ്ങള്‍ ഒരേ സമയം
ആര്‍പ്പു വിളിച്ചു.

പക്ഷെ അത്
ദൂരെ എങ്ങും പോയില്ല.
സിമന്റ് മതിലില്‍ തൂങ്ങിക്കിടന്ന്
വേതാളത്തെപ്പോലെ
ഞങ്ങളെ നോക്കി
ഗോഷ്ടി  കാട്ടി...
..............................