Saturday, October 27, 2012

ഒരു കത്ത്



പ്രിയപ്പെട്ട സന്തോഷ് പണ്ഡിതാ……..
ഞാൻ വായുവിൽ നിറഞ്ഞുകിടപ്പുണ്ട്…
ആകാശനീലിയായി വ്യാപിച്ചിട്ടുണ്ട്…
കാറ്റായി  സ്പർശിക്കുന്നുണ്ടോരോ ദേഹവും….
വയലേലകളിലും റോട്ടിൻ ഞരമ്പുകളിലും…
ചീറിപ്പായും വാഹനങ്ങളിലും
പല പ്രാകാരങ്ങളിലും…..
കയറിയും ഇറങ്ങിയും നടപ്പുണ്ട്.
ഞാൻ സ്റ്റേ ജിൽ നിൽക്കാറുണ്ട്.
എന്നെ വളരെയടുത്ത് കാണാനും കേൾക്കാനും താങ്കൾ വരുമോ….?
എന്നിലെ ശിൽപ്പിയെ ഞാൻ അങ്ങേക്കു പരിചയപ്പെടുത്താം….
എന്നിലെ മഹാകവിയെ അങ്ങേയ്ക്ക് കേൾക്കാം…..
ജീവിതത്തെ സമഗ്രമായി പരിചയപ്പെടുത്തുന്ന ഒരു നോവലിസ്റ്റാണു ഞാൻ.
ഞാനുമായി സംസാരിക്കുമ്പോൾ അങ്ങേയ്ക്കതു ബോധ്യമാകും.
അതുകൊണ്ട് താങ്കൾ നേരിൽ വന്നുകണ്ട്
എന്റെ സ്ഥിതിഗതികൾ മനസ്സിലാക്കണം….
അതിന്നുവേണ്ടിയാണീ കത്ത് …..
താങ്കൾ വരുമെന്ന പ്രത്യാശയോടെ……

Tuesday, August 28, 2012

അവനവൻ



ഓർമ്മയുണ്ടോ ഈ മുഖം..?
ഞാൻ തിരിഞ്ഞുനോക്കി.
സുരേഷ്ഗോപിയല്ല.
സുരാജ് വെഞ്ഞാറമൂടല്ല.
സാജു കൊമേഡിയനല്ല.
പുതുമിമിക്രിക്കാരാരുമല്ല.
സ്ക്രീനിലുംപൊതുസ്ഥലത്തും ഞാനിതുവരെ കണ്ടിട്ടില്ലാത്ത ഒരുവൻ.
കുറേനേരമായി അവൻ എന്റെ പിറകെ കൂടിയിരിക്കുകയാണ്.
ഇത് മഴക്കാലമാണ്. അകത്തും പുറത്തും തണുപ്പാണ്.
ഞാൻ വേഗത്തിൽ നടന്നു.
ചുവന്ന മഴവെള്ളം എന്റെ കാലടികളെ തഴുകി.
കുത്തിയൊലിച്ചുവരുന്ന വേനൽക്കാലശേഷിപ്പ്.
മരം വേർപ്പെട്ട ചുള്ളിക്കമ്പുകൾ…
ഇലകളുടെ ജഢങ്ങൾ……
മണ്ണിൽ ചത്തടിഞ്ഞ പ്രാണികൾ…
കടൽപ്പൂഴിയുടെ നാട്ടുസഞ്ചാരം…..
അസ്തിത്വം നഷ്ടപ്പെട്ട വേരുകൾ...
അളിഞ്ഞ മൺപുറ്റുകൾ.-എല്ലാം കാലടികളെ തഴുകുന്നു.
ഓർമ്മയുടെ നിറമല്ല,മറവിയുടെ ഇരുട്ടാണ് മഴക്കാലം.
ഞാൻ ഇടയ്ക്ക് തിരിഞ്ഞു നോക്കി.
അവൻ പിറകിൽത്തന്നെയുണ്ട്.
“സുഹൃത്തേ,..”
അവന്റെ വിളിയാണോ..?നേർത്ത, അമർത്തിയ,വ്യക്തതയില്ലാത്ത ഒരു കമ്പനം മാത്രമായിരുന്നു അത്.
ഞാൻ നടത്തം പതുക്കെയാക്കി.
അവൻ എന്നെ കടന്നുപോകുന്നെങ്കിൽ പോകട്ടെ.പരിചയമുള്ള ഒരാളാണെങ്കിൽ ഒരു നിഴലായി എന്നെ പിന്തുടരുകയല്ല അവൻ വേണ്ടത്.എന്റെ മുൻപിൽ നടക്കണം. അവനാൽ ഞാൻ നയിക്കപ്പെടുന്നതിൽ എനിക്ക് വിരോധമില്ല. അവനായിരിക്കും ചിലപ്പോൾ ഓർമ്മകളുടെ വേനൽക്കാലത്തിൽ സഞ്ചരിക്കുന്നത്. ദൈനംദിനത്തിരക്കുകളിൽ ഞാൻ അവനെ മറന്നതാകാം.
അവൻ മുന്നിലെത്താഞ്ഞപ്പോൾ ഞാൻ വീണ്ടും തിരിഞ്ഞുനോക്കി.അവനും നടത്തതിന്റെ വേഗത കുറച്ചിരിക്കുകയാണിപ്പോൾ..!
ഇതെന്തൊരു ശല്ല്യം..!
ഇനി അവനെന്റെ ശത്രുവാണോ..? എന്നെ ആക്രമിക്കാനാണോ അവന്റെ പുറപ്പാട്..?അങ്ങനെ തോന്നുന്നുമില്ല. അവന്റെ കൈകാലുകൾക്ക് നടത്തത്തിന്റെ താളം മാത്രമേയുള്ളൂ..അവനെ കണ്ടാൽ ഒരക്രമിയാണെന്ന് തോന്നുകയേയില്ല.
പക്ഷേ നോട്ടം തീക്ഷ്ണമാണ്.അത് എന്റെ കണ്ണ് തുരന്ന് ,മുഖം തുരന്ന്,തൊണ്ട പിളർന്ന് ഹൃദയം പരിശോധിക്കുന്നുണ്ട്.എന്റെ ഉൾഞരമ്പുകളിൽ തൊട്ടുനോക്കുന്നുണ്ട്. എന്റെ ചോരയിൽ കൈകളാഴ്ത്തുന്നുണ്ട്.
“സുഹൃത്തേ…,”
വീണ്ടും അവന്റെ വിളി വിദൂരതയിൽനിന്നോണം ഒഴുകിവരുന്നു.അടഞ്ഞ ഒച്ച.അനേകം തടിച്ച കതകുകൾക്കപ്പുറത്തുനിന്നും വരുന്നു.പക്ഷേ അതെന്റെ ശരീരത്തെ ഉലയ്ക്കുന്നുണ്ട് .ത്വക്കിൽ നിരന്തരമായ ഓളങ്ങൾ സൃഷ്ടിക്കുന്നുണ്ട്.
അവന്ന് എന്നോടെന്താണ് ചോദിക്കുവാനുള്ളത്..?
കാശാണോ..?അക്ഷരവിദ്യയാണോ..?
പുതിയ പുസ്തകമാണോ..?
ഭക്ഷണമാണോ..? വസ്ത്രമാണോ..?
നിനക്കെന്താ വേണ്ടത്..? ‌-ഞാൻ പതുക്കെ ചോദിച്ചു.
അവൻ ചുണ്ട് വക്രിച്ച് എന്തോ പറഞ്ഞു.വീണ്ടും ഒച്ചയുടെ കമ്പനം മാത്രം. എനിക്കൊന്നും മനസ്സിലായില്ല.ഞാൻ ദേഷ്യത്തോടെ ചോദിച്ചു.:
എന്റെ കൈകാലുകളാണോ നിങ്ങൾക്കു വേണ്ടത്..?എന്റെ മാംസമാണോ..? എന്റെ ഹൃദയമാണോ..?
അതിന്നും മറുപടിയൊന്നും വന്നില്ല..പകരം ആ ദേഹം
എന്നോട് കുറച്ചുകൂടെ ചേർന്നു നടന്നു.
“ഇറച്ചിയും വെള്ളവും ശ്വാസവുമല്ലാതെ മറ്റെന്താണ് ഞാൻ. അതു വേണമെങ്കിൽ തരാം. എന്റെ പിറകിൽ നിന്ന് മാറിനടക്കൂ..” 
ഞാൻ യാചനാസ്വരത്തിൽ അപേക്ഷിച്ചു.
മറുപടി ഒരു പൊട്ടിച്ചിരിയാണെന്നു തോന്നി.വികൃതമായ ചിരിയുടെ അലകൾ വൈദ്യുതാഘാതം പോലെ എന്റെ ദേഹത്ത് പ്രവഹിക്കാൻ തുടങ്ങി..അവൻ എന്റെ കാതിൽ മന്ത്രിക്കുന്നതു പോലെയും തോന്നി:”നീ വെറും മംസവും വെള്ളവും ശ്വാസവും മാത്രമല്ലെടാ..ഞാൻ കൂടിയാണെടാ..ങ്ഹൂം..നടക്കെടാ…”
അതൊരജ്ഞാസ്വരമായിരുന്നു.ഞാൻ തിരിഞ്ഞുനോക്കാൻ ഭയപ്പെട്ടു.
എന്റെ കഴുത്തിൽ നിശ്വാസത്തിന്റെ പൊള്ളലേൽപ്പിച്ചുകൊണ്ട് ഇപ്പോഴും അവനെന്റെ കൂടെ നടക്കുകയാണ്.
അവനെ ഒഴിവാക്കാനെന്താണൊരു വഴി..?
ആരെങ്കിലും ഒന്ന് പറഞ്ഞുതരൂ…...

Saturday, April 7, 2012

റിങ്ങ്ടോൺ



ചീപികി ചീപികി ചീപികി......
ച്യൂ.ഊവി ച്യൂ.ഊവി ച്യൂ.ഊവി.....
കുട്ട്റൂ കുട്ട്റൂ കുട്ട്റൂ ......
ചക്കയ്ക്കുപ്പുണ്ടോ.....?
ചക്കയ്ക്കുപ്പുണ്ടോ....?
ഞാൻ ഡിലീറ്റ് ചെയ്ത
റിങ്ങ്ടോണുകളെല്ലാമതേപടി
അടുത്ത പറമ്പിൽനിന്ന്
ഉയർന്നു കേൾക്കുന്നു...!
ഇതെന്തൊരു ശല്ല്യം..!


Friday, April 6, 2012

കാക്കേ, കുയിലേ…


  




കാക്കകളേ ,നിങ്ങൾ കലമ്പരുത്….
കുയിലുകളേ, നിങ്ങൾ പാടരുത്….
എന്റെ കലഹവും പ്രണയവും
ആലപിച്ചുതീർക്കരുത്……
എന്റെ നാട്ടുവഴിയിലൂടെ പറക്കരുത്..
എന്റെ ബാല്യത്തിന്മേൽ ചികയരുത്..
എന്റെ ജീവിതം എനിക്ക് തരൂ….
ജഡം വേണമെങ്കിലെടുത്തോളൂ…..

Saturday, December 3, 2011

മരംകൊത്തിയെ നമുക്കിഷ്ടമാണ്.




കാവ് സ്വപ്നം കണ്ട മരങ്ങളേ….
കടയ്ക്കൽനിന്ന് ശിഖരത്തിലേക്കും തിരിച്ചും
സഞ്ചാരം അനുവദിച്ചതെന്തിന്..?
നീളൻ കൊക്കിൽ നിന്നുള്ള കട കട ശ്ബ്ദം
ദേഹത്തലയാൻ വിട്ടതെന്തിന്..?
വളഞ്ഞനാക്ക് ഞരമ്പിൽ തൊട്ടപ്പോൾ
മൂളിക്കൊടുത്തതെന്തിന്..?
ഹൃദയം ചോദിച്ചപ്പോൾ
ഇക്കിളി പൂണ്ടതെന്തിന്..?
ഉള്ളുപൊള്ളയായാൽ
ആർത്തനാദം പോലുമില്ലാതെ
വീഴുമെന്നോർക്കാഞ്ഞതെന്ത്..?

Saturday, November 26, 2011

നോ ഗ്രേഡ്







വയൽക്കരയിൽ ഉഷ്ണക്കാറ്റേറ്റുനിന്നവർ
ഊർന്നുപോന്ന കുന്നിലിറുകിപ്പിടിച്ചവർ
പുഴയെ സ്വപ്നം കണ്ടുകിടന്നവർ
തലച്ചുമടുമായി മേളയിലെത്തി.

ഒരുവൻ
വയലിലെ ചെളി ടേബിളിൽ ചൊരിഞ്ഞ്
പരിഹാസ്യനായി.

ഒരുവൻ
വിത്തുരൂപം നിർമ്മിക്കുന്നതിൽ
പരാജിതനായി.

കുന്നിനെ തലയിലേറ്റിവന്നവന്ന്
വിഷയം:’ജേസിബി’
പുഴവെള്ളം ബോട്ടിലിൽ കൊണ്ടുവന്നവൻ
ബാർ തേടി നടന്നു..

തോക്കും അറ്റ്ലസ്സും പോലെ
പേനയും പാഡുമായിവന്നവർ മാർക്കിട്ടു:
നോ ഗ്രേഡ്……

Saturday, November 12, 2011

വാൾസ്ട്രീറ്റിലെ ശിൽപ്പങ്ങൾ.




ആരാലും അറിയാതെ
മണ്ണിന്നടിയിലെ പാറകളുടെ തണലിൽ.
കുറച്ചു ധൂളികൾ കിടപ്പുണ്ടായിരുന്നല്ലോ..
അവർ മണ്ണിന്നടിയിലെ വിത്തുകളാണ്
ഭക്ഷിച്ചതെന്നു തോന്നുന്നു.
നീരൊഴുക്കാവാം  ദാഹം തീർത്തുകൊടുത്തത്.

സപ്തംബർ പതിനൊന്നിന്
മണ്ണ് വിറച്ചതറിഞ്ഞിട്ടുണ്ടാവാം.
അതിർത്തികൾ ഭേദിച്ചുപാഞ്ഞ പട്ടാള ബൂട്ടുകൾ
ഉറക്കം കെടുത്തിയിട്ടുണ്ടാവാം..
ബോംമ്പ് വർഷങ്ങളുടെ ആഘാതങ്ങൾ
നിദ്രയിൽ നിന്നുണർത്തിയതാവാം.
ധൂളികൾ ശിൽപ്പങ്ങളായി
പാറയും മണ്ണും ജലവും വഹിച്ച്
വാൾസ്ട്രീറ്റിൽ നിൽക്കയാണിപ്പോൾ….

Sunday, November 6, 2011

മംഗലാപുരം യാത്ര*






കൈയൊടിഞ്ഞ കുട്ടി
കാലൊടിഞ്ഞ യുവാവ്
നടുവൊടിഞ്ഞ വീട്ടമ്മ
മൂവരും മംഗലാപുരത്തേക്ക് പോകുന്നു.
കാറിൽ, വാനിൽ, ട്രെയിനിൽ.
കുട്ടി ഒരേ ചതുരക്കാഴ്ച്ച കണ്ട് മടുത്താണ്
പറമ്പിലിലേക്കിറങ്ങിയത്.
യുവാവ് ഓഫീസ്സിൽ നിന്ന്
താഴേക്ക് ചാടിയതാണ്.
വീട്ടമ്മ കുനിഞ്ഞിടത്തുനിന്ന്
നിവരാൻ ശ്രമിച്ചതാണ്.
മൂവരും അല്പനാൾക്കകം തിരിച്ചുവരും
കുട്ടി പുതിയ കാഴ്ച്ചയിലേക്ക്
വിരൽ ചൂണ്ടുമോ..?
യുവാവ് പുതുനടത്തം ശീലിക്കുമോ..?
വീട്ടമ്മ നിവർന്നുനിൽക്കുമോ..?


*മലബാറുകാർ വിദഗ്ധ ചികിൽസ തേടി മംഗലാപുരത്താണ് പോകാറ്.

Friday, November 4, 2011

വൈകുന്നേരം




തുലാം മാസത്തിന്റെ ഇടിമുരൾച്ചകൾ
അന്തരീക്ഷത്തിൽ തങ്ങിനിന്ന വൈകുന്നേരം.
ദിക്കുകളിൽ കണ്ണുരുട്ടലുകൾ
പ്രത്യക്ഷപ്പെട്ട വൈകുന്നേരം.
ശിരസ്സിലും മനസ്സിലും
മഴ നനഞ്ഞ വൈകുന്നേരം.
ആത്മാക്കൾ കൂടണയാൻ
വണ്ടികളിൽ ചീറിപ്പാഞ്ഞ വൈകുന്നേരം.
ഒട്ടിനിൽക്കും വസ്ത്രങ്ങൾ
ശരീരത്തെ വേർപ്പെടാൻ കൊതിച്ച വൈകുന്നേരം
അയാൾ ഭീതിയോടും വിറയലോടും
അത്യാർത്തി ഇല്ലാതെയും ജീവിതത്തെ പുണർന്നുകിടന്നു.
അയാൾ മരിച്ചുവെന്നാണ് ആളുകൾ പറഞ്ഞത്.

Monday, October 31, 2011

വിറകുപുര




വീട് പണിയുമ്പോൾ വിറകുപുര
വേണമെന്നവൾക്ക് നിർബന്ധം.

വീഴ്ത്താനായി മരങ്ങളില്ലാത്ത
നഗരമധ്യത്തിൽ വിറകുപുരയോ..!  
ഞാൻ അതിശയത്തോടെ ചോദിച്ചു

ഗ്യാസ്സ്കുറ്റിയാണിപ്പോഴുംഫാഷൻ..?
ഹൃദയത്തിന്റെ ആകൃതിയാണതിന്ന്.
മകൾ പറഞ്ഞു.

ഇൻഡക്ഷൻ കുക്കറിന്നാണു പവർ.
വേണമെങ്കിൽ അത്യാവശ്യത്തിന്ന്
കന്നാസ്സിലെ മണെണ്ണയുമാവാം ..
മകൻ പറഞ്ഞു.
അവൾ ഗൗരവം പൂണ്ടു: .
ശരിയാണ്…
ഗ്യാസ്സുകുറ്റിയ്ക്ക്
ഹൃദയത്തെയും ഭ്രൂണത്തെയും വരെ
കത്തിക്കാനാവും
മണെണ്ണയ്ക്ക്
അടുപ്പിനെ മാത്രമല്ല,
ദേഹത്തെയും കുളിർപ്പിക്കാനുമാവും.
പക്ഷേ വിറകുകൊള്ളിയുടെ
സാംഗത്യം വേറെയാണ്….
അത്
അടുപ്പിന്റെയും വീടിന്റെയും
വിശപ്പ് കെടുത്തും.
പുക
വീടുംകടന്ന് കാട്  തേടിപ്പോകും.
അത് എന്റെ
പേടിയും മൗനവും ഇല്ലാതാക്കും.
ഉണക്കമരത്തിൽ
പൂക്കളുടെ ചിത്രങ്ങളുണ്ടാകും.
അത്
കത്തിത്തീർന്നാലും ശേഷിക്കും

അവളുടെ വാഗഗ്നി പടർന്ന്
മരനീരൊലിച്ച്
വീടിനോട് ചേർന്ന്
വിറകുപുര കൂടിയുണ്ടായി.

Friday, October 7, 2011

മീശക്കാരൻ കേശവൻ


മീശക്കാരൻ കേശവൻ
കാടും മേടും താണ്ടി
പാടോം പുഴേം ചുറ്റി
റോട്ടിലെത്തിയേ… ..

മീശക്കാരൻ കേശവൻ
ശ്..ശീ എന്ന് വേവുന്ന റോഡ് കണ്ടേ…

മീശക്കാരൻ കേശവൻ
ആശയോടെ കീശപിടിച്ചപ്പം
മാനത്തെരമ്പം കേട്ടേ…

മീശക്കാരൻ കേശവൻ
മാനത്തേറി
മണലിലേക്കെറങ്ങിയേ….

മീശക്കാരൻ കേശവനെ
മണലെടുത്തോണ്ടുപോയേ…..


Wednesday, October 5, 2011

ഫ്ഫ, ചൂ....ലേ..





“ചൂലേ എന്നുവിളിച്ച്
എന്നെ അധിക്ഷേപിക്കരുത്.”

“ചൂലേ..,ചൂലേ..,ചൂലേ…
നീയെന്തെടുക്കുന്നെടായീലോകത്ത്…?”

“നീ നിൽക്കുന്നയിടം
വൃത്തിയാക്കുന്നത് ഞാനല്ലേ….?
നിന്റെ തലയ്ക്കുമുകളിലെ മാറാല,
നിന്റെ മൂക്കിന്നകത്തും
പുറത്തുമുള്ള ഓടകൾ
നീ പോകുന്നയിടം -മുറ്റം,നാട്,
പള്ളിക്കൂടം,ആശുപത്രി,
അമ്പലങ്ങൾ,പള്ളികൾ,
മദ്യഷാപ്പ്,തിയേറ്റർ…
ഞാൻ വൃത്തിയാക്കുന്നില്ലേ..?
എന്റെ വർഗ്ഗം
നിന്റെ തലയിലെ പേനുകളെ
അടിച്ചുവാരുന്നില്ലേ..?
നിന്റെ പല്ലിടയും ചെവിക്കുഴിയും
തോണ്ടിക്കളയുന്നില്ലേ..?
നിന്റെ നാക്കും തൊക്കും
നുരപ്പിച്ച് ശുദ്ധീകരിക്കുന്നില്ലേ..?
എന്തിനേറെ,
പട്ടടയിൽ കത്തിതീർന്നാലും
നിന്നെ അടിച്ചുവാരിക്കൂട്ടുന്നില്ലേ..? “

“ഫ്,ഫ ,ചൂലേ,
ബുദ്ധിയില്ലാത്തവനേ…
എന്താ നിന്റെ പണി..?
ഒന്നിനെ ഒരിടത്തുനിന്ന്
മറ്റൊരിടത്തേക്ക് മാറ്റുകയല്ലേ..?
ഇഷ്ടമില്ലാത്തതിനെ
ആരാന്റെ പറമ്പിലേക്ക്
ഓടിച്ചുവിടുകയല്ലേ..?
ഇറ്റലിയിൽനിന്നും ജർമനിയിനിന്നും
ചപ്പുചവറുകൾ അടിച്ചുവാരി
ലോകത്തെല്ലാടത്തും വിതറിയില്ലേ..?
അമേരിക്കൻ ലേബിലെ പൊടികൾ അടിച്ചുകൂട്ടി
ഹിരോഷിമയിൽ വർഷിച്ചില്ലേ..?
പൗരസ്ത്യരാജ്യങ്ങളിലെ ചെള്ളുകളെ,
വിശുദ്ഥ്ഗ്രന്ഥങ്ങളിലെ പൂച്ചികളെ
തെരുവുകൾതോറും കൊണ്ടിട്ടില്ലേ..?
ആഫ്രിക്കൻ മങ്കിയുടെ പേനുകളെ
അന്റാർട്ടിക്കവരെ സ്പ്രേ ചെയ്തില്ലേ..?
ഡിഡിറ്റിയും സൾഫാനും അടിച്ചുവാരി
വയലേലകളിൽ കൊണ്ടിട്ടില്ലേ..?
സ്വന്തം വീട്ടിലെ മാലിന്യങ്ങൾ
തെരുവിൽ കൊണ്ടിടലല്ലേടാ,നിന്റെ പണി..?
ലോകം തന്നെ കുപ്പത്തൊട്ടിയായി
ക്കാണുന്നവനല്ലേടാ,നീ..? “

“മിണ്ടാതിരുന്നോ,മിണ്ടാതിരുന്നോ
ഞാനില്ലേൽ കാണാമായിരുന്നു
നീയീജന്മം ജീവിക്കുന്നത്...!
നിന്നെ ഞാനൂതിപ്പറപ്പിക്കും
മിണ്ടാതിരുന്നോ,-തടിയാ….”

Tuesday, October 4, 2011

തലവര



വീടിന്നു പ്ലാൻ വരയ്ക്കുക പ്രയാസമാണ്..
വരകൾ സ്വയംവരകളായി  മാറുന്നു…
നീളേണ്ടവ വളഞ്ഞും
വളയേണ്ടവ നിവർന്നുമിരിക്കുന്നു…
അടുക്കളവര കുറുകിയും
സ്വീകരണമുറിവര തെന്നിയും മാറുന്നു…
കിടപ്പുമുറിവര പലവലിപ്പത്തിൽ
അളവുതെറ്റി അലങ്കോലമാവുന്നു.
വരാന്തയിൽ നിന്ന് നേരെ
സ്വീകരണത്തിലേയ്ക്ക് 
കാലെടുത്തുവയ്ക്കാമോ....?
വരാന്തയല്ലേ സ്വീകരിക്കേണ്ടത്..?
ഹൃദയം  സ്നേഹം നിക്ഷേപിക്കുന്നത്
തലച്ചോറിലോ മുഖത്തോ..?
നെഞ്ചിൻ കതക് തുറക്കുമ്പോൾ
വിജാഗിരിക്കുശുമ്പ് ഉയരില്ലേ..?
സ്വീകരണവര നീളേണ്ടത്
അടുക്കളയിലേക്കോ 
കിടപ്പുമുറിയിലേക്കോ..?
പൂജാമുറിയും ഊണുമുറിയും
അടുത്തടുത്തു വരാമോ..?
ഒറ്റവരകൊണ്ട്
ദൈവത്തെയുംസീസറെയും
വേർതിരിക്കാമോ..?
അടുക്കള 
വടക്കോട്ട് മുഖം തിരിക്കുന്നതെന്തിന്..? .
സ്വീകരണമുറിയിൽ നിന്നും ഓരോ മുറിയിലേക്കും
പലകാലങ്ങൾ പല അകലങ്ങൾ…..
വരകൾ ഇടഞ്ഞുനിൽക്കയാണ്.....
പ്ലാൻ ഇന്നോ നാളെയോ കൊടുക്കാനാമോ..?
തലവര എന്നല്ലാതെന്തുപറയാൻ......?