Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Saturday, November 1, 2014

             കണ്ണുരോഗം                        
           
കാണുന്നോർ
കണ്ണടച്ചാട്ടുന്നു:
മാറിപ്പോ..
മാറിപ്പോ...
തുറക്കാൻ വയ്യ
അടക്കാൻ വയ്യ
ചെരിക്കാൻ വയ്യ
ഉയർത്താൻ വയ്യ
കണ്മുമ്പിലെങ്ങും
ചോപ്പ് വ്യാപിക്കുന്നൂ..
കണ്ണീരിന്നുപകരം
ഒലിക്കുന്നൂ..ലാവ
വിങ്ങും അകിടല്ലിത്
വീശും വാളിത്....
വഴികാട്ടും വെളിച്ചമല്ല
ഇഴയുന്ന സർപ്പമിത്.
നിറങ്ങൾ ചിറകടിക്കുന്നില്ല
കൃഷ്ണമണി തുളയ്ക്കും കഴുകൻ
മങ്ങുന്നൂ..സ്വീകരണമുറികൾ,റോഡുകൾ,
ഓഫീസ്സ് മുറികൾ,സൂപ്പർമാർക്കറ്റുകൾ,സ്റ്റേഷനുകൾ...
കത്തുന്നൂ..മൊബൈൽ നെറ്റും കമ്പ്യൂട്ടറും,ടീവിയും.
എവിടെയുമുറയ്ക്കുന്നില്ല നോട്ടം
എല്ലാം കറങ്ങുന്നു തലച്ചോറിൽ...
കൺപ്പിലികൾ പറിച്ചുകളഞ്ഞാലോ..
കൺവസ്ത്രം ഉരിഞ്ഞുകളഞ്ഞാലോ..
കൺക്യാമറ റിപ്പയർ ചെയ്യാനാമോ....
തെളിയുമോ ദൃശ്യങ്ങൾ പഴയപടി....

Monday, May 19, 2014

ചാട്ടം





കൊമ്പിൽ നിന്ന്
കൊമ്പിലേക്ക്….
ആടിക്കളിക്കെടാ..
ചാടിക്കളിക്കെടാ..

ദേഹം വളച്ച്
മുഖം ചുഴറ്റി
മൂക്ക് ചുളിച്ച്
നാവു നീട്ടി
ചന്ദ്രനെ കാണുന്നു.
സൂര്യനെ കൊതിക്കുന്നു

ഇലപ്പച്ചയിൽ
കണ്ണുകൊരുക്കുന്നു
നിഴൽച്ചോപ്പിൽ
കണ്ണടയ്ക്കുന്നു

പിന്നോട്ടെടുക്കുമ്പോൾ
മുൻപോട്ടെടുക്കുന്നു
മുൻപോട്ടെടുമ്പോൾ
പിന്നോട്ടെടുക്കുന്നു

ആടിക്കളിക്കെടാ..
ചാടിക്കളിക്കെടാ..

Sunday, April 13, 2014

ജലശകാരം







ഞാൻ പൈപ്പു തുറക്കുമ്പോൾ
വെള്ളം എന്നെ ശകാരിക്കുന്നു:
നിന്നടിമയല്ല,ന്തകനാണു ഞാൻ.
നീ വിളിക്കുന്നേടത്തേക്കിനി ഞാൻ വരുകില്ല.
നിന്റെ കാലടികളെ തഴുകില്ല.
നിന്റെ മെയ്യഭ്യാസത്തിന്നു വഴങ്ങില്ല.
നിന്റെ മൂർധാവിലേക്ക് ചാടില്ല.
ഇനിമേൽ
നിന്റെ അണ്ണാൻചാട്ടത്തിന്നകമ്പടിയില്ല.
നിന്റെ കണ്ണിലെ രക്തത്തെ നനയ്ക്കുകില്ല.
തകർക്കും ഞാൻ നിന്റെ തടവുവഴികളെ
കുടിച്ചുവറ്റിക്കും നിന്റെ ദേഹത്തെ.

Wednesday, February 12, 2014

വടക്കൻ-തെക്കൻ പാട്ട്






ചരിത്രത്തിൽ നിന്നും
പുറത്താക്കപ്പെട്ട്
കറങ്ങിത്തിരിഞ്ഞ്
ചന്തു
ട്രാഫിക്ക് ജംങ്ഷനിൽ.
ചുവപ്പും പച്ചയും
മാറിമാറി പയറ്റുന്നു.
ഇടതുവലതു കൈകൾ
പരസ്പരം കോർത്ത്.

റോഡിൽ
ഒരുണ്ണിയാർച്ച
നോട്ടച്ചുരികയ്ക്കൊരു
പരിച തിരയുന്നു.
ഒരു നേർപെങ്ങൾ
റോഡിന്നോരം
കടകം ഓതിരം മറിയുന്നു.
വീണുകിടക്കുന്ന
ഉടൽ വാൾ
വീശാനാകാതെ
ഒരുവൾ

ചന്തു
മുഖം ചുഴറ്റുന്നു
കണ്ണ് ചോക്കുന്നു
മൂക്ക് വിടർത്തുന്നു
പല്ലുറുമ്മി നിൽക്കുന്നു.

ടൗൺഹാളിൽ
ചന്തുവിനെക്കുറിച്ചുള്ള
സെമിനാറിൽ
ആരോമൽ
കുമ്പസരിക്കുന്നു:
ചന്തുവിന്റെ സിഗ്നലാണ്
കുത്തുവിളക്കല്ല
നമ്മളെ കാക്കുന്നത്.


വാക്കിന്റെ സീൽക്കാരം
എങ്ങും കേൾക്കയായി.

Sunday, January 26, 2014

ഇരുതലമൂർച്ചയുള്ള നിഴൽ






ക്ലാസ്സുമുറിയിൽ
കുറുകുന്നു
നിഴലുകൾ.

വീണ്ടും
തളിർക്കുമോ
ചുവടുകൾ..

ചീറ്റുമോ
ശ്വാസ്സം മുട്ടിയമർന്ന
വാക്കുകൾ ..

ഒച്ചവയ്ക്കുമോ
വിഷം കുടിച്ച
മൗനം

നിഴൽ നിവർത്തുമോ
ഫണം

Sunday, November 24, 2013

വിജനം






കാലേൽ പിടിച്ചുവലിച്ച നടവഴികളേ
ശ്വാസമളന്ന ദിക്കുകളേ.
വേർപ്പ് പിടിച്ചെടുത്ത കാറ്റേ..
ഇനിയുമോർമ്മയില്ലേയിദ്ദേഹത്തെ

ഇടവഴി തോണ്ടിയ റോഡേ
ഒരു പൂച്ച പോലും കുറുകേ ചാടുന്നില്ലല്ലോ..
തെരുവുപട്ടികളെവിടെ..?
മീൻകാരൻ മമ്മതിന്റെ സൈക്കിൾ
കോരേട്ടന്റെ പശു
വേലായുധന്റെ തെയ്യക്കോലം..
എല്ലാരും പോയ്ക്കഴിഞ്ഞോ..?

Thursday, September 19, 2013

കണ്ണാടിയും നിഴലും




ഏതോ
വിജനമാം വീഥിയിൽ.
നിഴലില്ലാതെ
മൂളിപ്പാട്ടില്ലാതെ
പ്രതിധ്വനിയില്ലാതെ ഞാൻ ….

വഴിയിലെ കാല്പാടുകൾ
മാഞ്ഞുപോയി.
മകുടിയൂതുന്നത്
കേൾക്കാതായി.
കാൽ വേദനിച്ചത്
അറിയാതെയായി
സൗഹൃദനോട്ടമില്ല
പതിനായിരത്തെട്ട്
വേഷമില്ല
പല്ലും നഖവും
വളരുകില്ല.

ഇനിയെനിക്ക്
കണ്ണാടിയിൽ
നോക്കേണ്ട.


Tuesday, July 9, 2013

പതനം





ഇടമുറിയാതെ
രേ പെയ്ത്ത്
ഇടർച്ചയില്ലാതെ
ഒരേ താളത്തിൽ‌
കടുവർണ്ണമാകാതെ
ഒരേ നിറത്തിൽ
കരിമണമില്ലാതെ
ഒരേ സുഗന്ധത്തിൽ‌..
കൈയെടുക്കാതെ
ഒരേസ്പർശമായി
മുറുമുറുക്കാതെ
ഒരേ മനസോടെ
തെന്നിവീഴാതെ
ഒരേ പതനം
മുടിയിഴകൾ
ക്കിടയിലൂടെ
തലയോട്ടി
തുരന്ന്

Wednesday, June 5, 2013

പക്ഷി





ഒരു പക്ഷി വന്നെൻ
മുന്നിൽ നിൽക്കുന്നു
വെൺചാരനിറം
കറുപ്പഴക്

വായു വീശുന്നു.
ചില്ല സൗഹൃദം പുലമ്പുന്നു.
പൂവ് ക്ഷണിക്കുന്നു.
എന്നിട്ടുമതെൻ മുന്നിൽ
നിശ്ചേഷ്ടം നിൽക്കുന്നു.

തൂവലിൽ കാണാം
ഇടുങ്ങിയ ഇടങ്ങൾ
തേഞ്ഞുപോയ  ചില്ലകൾ
കുടിൽചേതങ്ങൾ
കമ്പിക്കാലിൻ കുടിലത

കണ്ണിൽക്കാണാം
നെൻമണിസ്വപ്നങ്ങൾ
വിണ്ണിൻ ചാഞ്ചാട്ടങ്ങൾ
മഴവില്ലിറക്കങ്ങൾ

ചുണ്ടിലറിയാം
കാട്ടുനീരൊലി.
കുഞ്ഞിൻ പൈദാഹം.
പുഴമണൽത്തരികൾ

ചിലയ്ക്കാത്ത പക്ഷീ
പോവുക വേഗം.

Saturday, May 18, 2013

ഏത്?






മരമേ നീ ഏതു കാട്ടിൽനിന്നു വന്നു?
ചില്ലകളേ ഏതു നാട്ടിൽ അലഞ്ഞു?
ഏതു കല്ലറയിൽ അടക്കം-
ചെയ്യപ്പെട്ട പൂവാണു നീ..?

സ്വപ്നം




ഒരു നട്ടുച്ചനേരത്ത്
ഊണുകഴിക്കാതെ  ഉറങ്ങാൻ കിടന്നു.
ഉറക്കത്തിൽ നിന്ന് സ്വപ്നം ഇറങ്ങിനടന്നു.
വെയിൽ സ്വപ്നത്തെ പിന്തുടർന്നു.
കാറ്റ് സ്വപ്നത്തെ എടുത്തുകൊണ്ടുപോയി.
കാക്ക കരഞ്ഞില്ല.
ചീവീട് നിലവിളിച്ചില്ല
പൂവിന്റെ മർമ്മരവും കേട്ടില്ല

വൈകുന്നേരം ചീർത്ത ശരീരം
വലയിൽ കിട്ടി.

Friday, April 26, 2013

മ്പോൾ……..




ഭൂമി
കറക്കത്തിന്ന് വേഗം കൂട്ടി
ചുവപ്പും പച്ചയും ഉപേക്ഷിച്ച്
കറുത്ത നിറമാകുമ്പോൾ......

ആകാശം
യന്ത്രക്കുഞ്ഞുങ്ങളെ ഗർഭം ധരിച്ച്
വിഷം ചുരത്തുമ്പോൾ.

പുഴ
ഒഴുക്കുനിർത്തി
ചെരിപ്പിട്ട്നടക്കുമ്പോൾ..

മരം
ആട്ടം നിർത്തി
നടത്തം പഠിക്കുമ്പോൾ..

ചില്ല
ഇലകൾ കൊഴിച്ച്
ഒറ്റത്തടിയായിനിൽക്കുമ്പോൾ....

പൂക്കൾ
നിറങ്ങൾവാർന്ന്
ഓടയിലൂടൊഴുകുമ്പോൾ……..

മനുഷ്യൻ
പാതി ഉടൽ
കീറിമുറിക്കുമ്പോൾ……….

പുഴുക്കൾ
ശവങ്ങൾ തിന്നുകൊഴുത്ത്
പുതുശരീരമായി നൃത്തമാടുമ്പോൾ..

ഞാൻ
എന്നിലില്ലാതെ
അക്ഷരങ്ങളും ദൃശ്യങ്ങളുമായി
മിന്നിമറയുമ്പോൾ…………..

Saturday, April 7, 2012

റിങ്ങ്ടോൺ



ചീപികി ചീപികി ചീപികി......
ച്യൂ.ഊവി ച്യൂ.ഊവി ച്യൂ.ഊവി.....
കുട്ട്റൂ കുട്ട്റൂ കുട്ട്റൂ ......
ചക്കയ്ക്കുപ്പുണ്ടോ.....?
ചക്കയ്ക്കുപ്പുണ്ടോ....?
ഞാൻ ഡിലീറ്റ് ചെയ്ത
റിങ്ങ്ടോണുകളെല്ലാമതേപടി
അടുത്ത പറമ്പിൽനിന്ന്
ഉയർന്നു കേൾക്കുന്നു...!
ഇതെന്തൊരു ശല്ല്യം..!


Friday, April 6, 2012

കാക്കേ, കുയിലേ…


  




കാക്കകളേ ,നിങ്ങൾ കലമ്പരുത്.
കുയിലുകളേ, നിങ്ങൾ പാടരുത്.
എന്റെ കലഹവും പ്രണയവും
ആലപിച്ചുതീർക്കരുത്……
എന്റെ നാട്ടുവഴിയിലൂടെ പറക്കരുത്..
എന്റെ ബാല്യത്തിന്മേൽ ചികയരുത്..
എന്റെ ജീവിതം എനിക്ക് തരൂ.
ജഡം വേണമെങ്കിലെടുത്തോളൂ…..

Saturday, December 3, 2011

മരംകൊത്തിയെ നമുക്കിഷ്ടമാണ്.




കാവ് സ്വപ്നം കണ്ട മരങ്ങളേ.
കടയ്ക്കൽനിന്ന് ശിഖരത്തിലേക്കും തിരിച്ചും
സഞ്ചാരം അനുവദിച്ചതെന്തിന്..?
നീളൻ കൊക്കിൽ നിന്നുള്ള കട കട ശ്ബ്ദം
ദേഹത്തലയാൻ വിട്ടതെന്തിന്..?
വളഞ്ഞനാക്ക് ഞരമ്പിൽ തൊട്ടപ്പോൾ
മൂളിക്കൊടുത്തതെന്തിന്..?
ഹൃദയം ചോദിച്ചപ്പോൾ
ഇക്കിളി പൂണ്ടതെന്തിന്..?
ഉള്ളുപൊള്ളയായാൽ
ആർത്തനാദം പോലുമില്ലാതെ
വീഴുമെന്നോർക്കാഞ്ഞതെന്ത്..?

Saturday, November 26, 2011

നോ ഗ്രേഡ്







വയൽക്കരയിൽ ഉഷ്ണക്കാറ്റേറ്റുനിന്നവർ
ഊർന്നുപോന്ന കുന്നിലിറുകിപ്പിടിച്ചവർ
പുഴയെ സ്വപ്നം കണ്ടുകിടന്നവർ
തലച്ചുമടുമായി മേളയിലെത്തി.

രുവൻ
വയലിലെ ചെളി ടേബിളിൽ ചൊരിഞ്ഞ്
പരിഹാസ്യനായി.

ഒരുവൻ
വിത്തുരൂപം നിർമ്മിക്കുന്നതിൽ
പരാജിതനായി.

കുന്നിനെ തലയിലേറ്റിവന്നവന്ന്
വിഷയം:’ജേസിബി’
പുഴവെള്ളം ബോട്ടിലിൽ കൊണ്ടുവന്നവൻ
ബാർ തേടി നടന്നു..

തോക്കും അറ്റ്ലസ്സും പോലെ
പേനയും പാഡുമായിവന്നവർ മാർക്കിട്ടു:
നോ ഗ്രേഡ്……

Saturday, November 12, 2011

വാൾസ്ട്രീറ്റിലെ ശിൽപ്പങ്ങൾ.




ആരാലും അറിയാതെ
മണ്ണിന്നടിയിലെ പാറകളുടെ തണലിൽ.
കുറച്ചു ധൂളികൾ കിടപ്പുണ്ടായിരുന്നല്ലോ..
അവർ മണ്ണിന്നടിയിലെ വിത്തുകളാണ്
ഭക്ഷിച്ചതെന്നു തോന്നുന്നു.
നീരൊഴുക്കാവാം  ദാഹം തീർത്തുകൊടുത്തത്.

സപ്തംബർ പതിനൊന്നിന്
മണ്ണ് വിറച്ചതറിഞ്ഞിട്ടുണ്ടാവാം.
അതിർത്തികൾ ഭേദിച്ചുപാഞ്ഞ പട്ടാള ബൂട്ടുകൾ
ഉറക്കം കെടുത്തിയിട്ടുണ്ടാവാം..
ബോംമ്പ് വർഷങ്ങളുടെ ആഘാതങ്ങൾ
നിദ്രയിൽ നിന്നുണർത്തിയതാവാം.
ധൂളികൾ ശിൽപ്പങ്ങളായി
പാറയും മണ്ണും ജലവും വഹിച്ച്
വാൾസ്ട്രീറ്റിൽ നിൽക്കയാണിപ്പോൾ….

Sunday, November 6, 2011

മംഗലാപുരം യാത്ര*






കൈയൊടിഞ്ഞ കുട്ടി
കാലൊടിഞ്ഞ യുവാവ്
നടുവൊടിഞ്ഞ വീട്ടമ്മ
മൂവരും മംഗലാപുരത്തേക്ക് പോകുന്നു.
കാറിൽ, വാനിൽ, ട്രെയിനിൽ.
കുട്ടി ഒരേ ചതുരക്കാഴ്ച്ച കണ്ട് മടുത്താണ്
പറമ്പിലിലേക്കിറങ്ങിയത്.
യുവാവ് ഓഫീസ്സിൽ നിന്ന്
താഴേക്ക് ചാടിയതാണ്.
വീട്ടമ്മ കുനിഞ്ഞിടത്തുനിന്ന്
നിവരാൻ ശ്രമിച്ചതാണ്.
മൂവരും അല്പനാൾക്കകം തിരിച്ചുവരും
കുട്ടി പുതിയ കാഴ്ച്ചയിലേക്ക്
വിരൽ ചൂണ്ടുമോ..?
യുവാവ് പുതുനടത്തം ശീലിക്കുമോ..?
വീട്ടമ്മ നിവർന്നുനിൽക്കുമോ..?


*മലബാറുകാർ വിദഗ്ധ ചികിൽസ തേടി മംഗലാപുരത്താണ് പോകാറ്.

Friday, November 4, 2011

വൈകുന്നേരം




തുലാം മാസത്തിന്റെ ഇടിമുരൾച്ചകൾ
അന്തരീക്ഷത്തിൽ തങ്ങിനിന്ന വൈകുന്നേരം.
ദിക്കുകളിൽ കണ്ണുരുട്ടലുകൾ
പ്രത്യക്ഷപ്പെട്ട വൈകുന്നേരം.
ശിരസ്സിലും മനസ്സിലും
മഴ നനഞ്ഞ വൈകുന്നേരം.
ആത്മാക്കൾ കൂടണയാൻ
വണ്ടികളിൽ ചീറിപ്പാഞ്ഞ വൈകുന്നേരം.
ഒട്ടിനിൽക്കും വസ്ത്രങ്ങൾ
ശരീരത്തെ വേർപ്പെടാൻ കൊതിച്ച വൈകുന്നേരം
അയാൾ ഭീതിയോടും വിറയലോടും
അത്യാർത്തി ഇല്ലാതെയും ജീവിതത്തെ പുണർന്നുകിടന്നു.
അയാൾ മരിച്ചുവെന്നാണ് ആളുകൾ പറഞ്ഞത്.

Monday, October 31, 2011

വിറകുപുര




വീട് പണിയുമ്പോൾ വിറകുപുര
വേണമെന്നവൾക്ക് നിർബന്ധം.

വീഴ്ത്താനായി മരങ്ങളില്ലാത്ത
നഗരമധ്യത്തിൽ വിറകുപുരയോ..!  
ഞാൻ അതിശയത്തോടെ ചോദിച്ചു

ഗ്യാസ്സ്കുറ്റിയാണിപ്പോഴുംഫാഷൻ..?
ഹൃദയത്തിന്റെ ആകൃതിയാണതിന്ന്.
മകൾ പറഞ്ഞു.

ഇൻഡക്ഷൻ കുക്കറിന്നാണു പവർ.
വേണമെങ്കിൽ അത്യാവശ്യത്തിന്ന്
കന്നാസ്സിലെ മണെണ്ണയുമാവാം ..
മകൻ പറഞ്ഞു.
അവൾ ഗൗരവം പൂണ്ടു: .
ശരിയാണ്
ഗ്യാസ്സുകുറ്റിയ്ക്ക്
ഹൃദയത്തെയും ഭ്രൂണത്തെയും വരെ
കത്തിക്കാനാവും
മണെണ്ണയ്ക്ക്
അടുപ്പിനെ മാത്രമല്ല,
ദേഹത്തെയും കുളിർപ്പിക്കാനുമാവും.
പക്ഷേ വിറകുകൊള്ളിയുടെ
സാംഗത്യം വേറെയാണ്.
അത്
അടുപ്പിന്റെയും വീടിന്റെയും
വിശപ്പ് കെടുത്തും.
പുക
വീടുംകടന്ന് കാട്  തേടിപ്പോകും.
അത് എന്റെ
പേടിയും മൗനവും ഇല്ലാതാക്കും.
ഉണക്കമരത്തിൽ
പൂക്കളുടെ ചിത്രങ്ങളുണ്ടാകും.
അത്
കത്തിത്തീർന്നാലും ശേഷിക്കും

അവളുടെ വാഗഗ്നി പടർന്ന്
മരനീരൊലിച്ച്
വീടിനോട് ചേർന്ന്
വിറകുപുര കൂടിയുണ്ടായി.